തലശ്ശേരി: കുട്ടിമാക്കൂലിലെ ദലിത് യുവതി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ പ്രേരണാകുറ്റത്തിന് കേസെടുത്ത അഡ്വ. എ.എന്‍. ഷംസീര്‍ എം.എല്‍.എക്കും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.പി. ദിവ്യക്കുമെതിരെ തെളിവു ശേഖരിച്ചശേഷം മാത്രമേ തുടര്‍ നടപടി സ്വീകരിക്കുകയുള്ളൂവെന്ന് കേസന്വേഷിക്കുന്ന തലശ്ശേരി ഡിവൈ.എസ്.പി ഷാജു പോള്‍ പറഞ്ഞു. ചാനല്‍ ചര്‍ച്ചക്കിടെ ഷംസീറും ദിവ്യയും അവഹേളിച്ചതിനെ തുടര്‍ന്നുണ്ടായ അപമാനമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് അഞ്ജുനയുടെ പരാതി. ഇതത്തേുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ ഡിവൈ.എസ്.പി ഷാജു പോള്‍ ചൊവ്വാഴ്ച കേസെടുത്തത്.
ആത്മഹത്യക്കു ശ്രമിച്ച അഞ്ജുനക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. അതിനിടെ കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. തെളിവു ശേഖരിക്കുന്നതിന്‍െറ ഭാഗമായി വിവാദ അഭിമുഖം വന്ന ചാനലുകള്‍ക്ക് അതിന്‍െറ ക്ളിപ്പിങ് ഹാജരാക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് അടുത്തദിവസം തന്നെ നോട്ടീസ് നല്‍കും. കേസിനാസ്പദമായ ചാനല്‍ ചര്‍ച്ച സംപ്രേഷണം ചെയ്ത മനോരമ ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകള്‍ക്കാണ് പൊലീസ് നോട്ടീസ് നല്‍കുക. ചാനലുകളില്‍ നിന്നും പ്രോഗ്രാമിന്‍െറ കോപ്പി ലഭിച്ച ശേഷം ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധരുമടങ്ങുന്ന സംഘം അവ പരിശോധിക്കും. പൊതുശല്യം എന്ന വാക്കാണ് യുവതിയെ ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. ഈ വാക്ക് ഏത് സാഹചര്യത്തിലാണ് ചര്‍ച്ചക്കിടെ ഉപയോഗിച്ചതെന്നും ഈ വാക്ക് ഉപയോഗിച്ച സമയത്ത് ആത്മഹത്യ ചെയ്യാന്‍ മാത്രമുള്ള മാനസികാവസ്ഥ പരാതിക്കാരിയില്‍ ഉണ്ടാകുമോയെന്നതടക്കമുള്ള കാര്യങ്ങളും മന:ശാസ്ത്ര വിദഗ്ധരുള്‍പ്പെടെയുള്ള സംഘം പരിശോധിക്കും. അഞ്ജുനയില്‍ നിന്നും പൊലീസ് വീണ്ടും വിശദമായ മൊഴി രേഖപ്പെടുത്തും.
തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റിന്‍െറ നിയമോപദേശത്തിന്‍െറ അടിസ്ഥാനത്തിലാണ് ഷംസീറിനും ദിവ്യക്കുമെതിരെ ഐ.പി.സി 109 റെഡ് വിത്ത് 309ാം വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്. ഐ.പി.സി 309ാം വകുപ്പ് പ്രകാരമാണ് അഞ്ജുനക്കെതിരെ കേസെടുത്തിട്ടുള്ളത്. ഒരുവര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇരുകൂട്ടര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്. കണ്ണൂര്‍ വനിതാ സെല്‍ സി.ഐ കമലാക്ഷിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അഞ്ജുനയില്‍ നിന്നും തിങ്കളാഴ്ച മൊഴി രേഖപ്പെടുത്തിയത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ മൊഴിയുള്‍പ്പെടെയുള്ള കേസിന്‍െറ വിശദ വിവരങ്ങള്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ മുഖേന മജിസ്ട്രേറ്റിന് കൈമാറിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐ നേതാവിനെ പാര്‍ട്ടി ഓഫിസില്‍ കയറി മര്‍ദിച്ചുവെന്ന കേസില്‍ വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത് ജയിലിലടക്കപ്പെട്ട അഞ്ജുനയും അഖിലയും ശനിയാഴ്ചയാണ് ജാമ്യത്തിലിറങ്ങിയത്. അന്നു രാത്രിയാണ് അഞ്ജുനയെ അമിതമായി ഗുളിക കഴിച്ച് അവശയായ നിലയില്‍ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.