അനധികൃത പണപ്പിരിവ് പൂര്‍ത്തിയായപ്പോള്‍ തടയാന്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്‍െറ സ്ക്വാഡ്

തിരുവനന്തപുരം: പ്ളസ് വണ്‍ പ്രവേശത്തില്‍ മൂന്ന് ദിവസം നിര്‍ബാധം തുടര്‍ന്ന അനധികൃത പണപ്പിരിവ് തടയാന്‍ ആദ്യ അലോട്ട്മെന്‍റ് കഴിഞ്ഞശേഷം ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് സ്ക്വാഡ് രൂപവത്കരിച്ചു. വ്യാപക പരാതികള്‍ ഉയര്‍ന്നിട്ടും രണ്ട് ദിവസം തിരിഞ്ഞുനോക്കാതിരുന്ന ശേഷമാണ് മൂന്നാംദിവസം സ്ക്വാഡ് രൂപവത്കരിച്ച് പരിശോധന തുടങ്ങിയത്. അപ്പോഴേക്കും ആദ്യ അലോട്ട്മെന്‍റ് പ്രകാരമുള്ള പ്രവേശനടപടികള്‍ പൂര്‍ത്തിയായിരുന്നു.
ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍, മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ എന്നിവരെ പണപ്പിരിവ് സംബന്ധിച്ച് രക്ഷാകര്‍ത്താക്കള്‍ വിളിച്ച് പരാതിപ്പെട്ടിരുന്നു. എന്നാല്‍ രേഖാമൂലം പരാതിതന്നാല്‍ നടപടിയെടുക്കാമെന്ന് പറഞ്ഞ് ഡയറക്ടറേറ്റ് മാറിനിന്നു. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം ‘മാധ്യമം’ വാര്‍ത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

തലസ്ഥാനത്തെ പ്രധാന സര്‍ക്കാര്‍ സ്കൂളുകളില്‍ ഒന്നായ കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറിയില്‍ പി.ടി.എയും പ്രിന്‍സിപ്പലും ചേര്‍ന്ന് പണപ്പിരിവ് നടത്തുന്നുവെന്ന് വ്യാപകപരാതിയാണ് ഉയര്‍ന്നത്. ഇത് ചോദ്യംചെയ്യുന്ന രക്ഷാകര്‍ത്താക്കളെയും വിദ്യാര്‍ഥികളെയും ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതായും ആക്ഷേപമുണ്ട്. പി.ടി.എ അംഗത്വ ഫീസായി നൂറ് രൂപയും സംഭാവനയായി പരമാവധി 400 രൂപയും ഈടാക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. ഇത് നിര്‍ബന്ധപൂര്‍വം പിരിക്കാനും പാടില്ല.

എന്നാല്‍ എസ്റ്റാബ്ളിഷ്മെന്‍റ് ഫീസ് എന്ന പേരില്‍ കോട്ടണ്‍ഹില്‍ സ്കൂളില്‍ 2,000 രൂപ വരെ പിരിച്ചതിന്‍െറ രേഖകള്‍ പുറത്തുവന്നു. ഇതോടെയാണ് ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് ഉണര്‍ന്നത്. തുടര്‍ന്ന് സ്ക്വാഡ് രൂപവത്കരിച്ച് പരിശോധനക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. സ്ക്വാഡ് വരുന്ന വിവരം മുന്‍കൂട്ടി അറിഞ്ഞതോടെ പി.ടി.എയുടെ പണപ്പിരിവ് സംഘം മാറിനിന്നു. തലസ്ഥാനത്തെ പ്രമുഖ എയ്ഡഡ് സ്കൂള്‍ പിരിച്ചത് 8,500 രൂപ വീതമാണ്. മറ്റൊരു സ്കൂളില്‍ 2,500 മുതല്‍ 5,000 രൂപ വരെ പിരിച്ചു. തുകനല്‍കാന്‍ വിസ്സമ്മതിക്കുന്നവരോട് പ്രവേശം നല്‍കില്ളെന്ന് വരെ ഭീഷണിപ്പെടുത്തി.

അതേസമയം,  പ്ളസ് വണ്‍ പ്രവേശസമയത്ത് സ്കൂള്‍ അധികാരികള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഫീസിനേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ ഫീസും അനധികൃത ഫണ്ട് പിരിവും നടത്തുന്നതായി ശ്രദ്ധയില്‍പെട്ടതിന്‍െറ അടിസ്ഥാനത്തില്‍ സംസ്ഥാന/ജില്ലാ തലത്തില്‍ പ്രത്യേക സ്ക്വാഡുകള്‍ രൂപവത്കരിച്ച് മിന്നല്‍ പരിശോധന ആരംഭിച്ചതായി ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് അറിയിച്ചു. അനധികൃത പിരിവ് നടത്തുന്നതായി ബോധ്യപ്പെട്ടാല്‍ സ്കൂള്‍ അധികാരികള്‍ക്കെതിരെ കര്‍ശന അച്ചടക്കനടപടിയെടുക്കും.

ഹയര്‍ സെക്കന്‍ഡറി പ്രവേശസമയത്ത് അലോട്ട്മെന്‍റ് ലെറ്ററില്‍ സൂചിപ്പിച്ചിട്ടുള്ള ഫീസല്ലാതെ മറ്റൊരുതരത്തിലും സ്കൂളില്‍ ഫീസോ/ഫണ്ടോ രക്ഷാകര്‍ത്താക്കള്‍ നല്‍കേണ്ടതില്ളെന്നും ഇക്കാര്യത്തില്‍ അനധികൃത പിരിവ് നടക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ 0471-2323198 നമ്പറിലോ ictcelldhse@gmail.com മെയില്‍ ഐഡിയിലോ അറിയിക്കണമെന്നും ഡയറക്ടര്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.