വിവരാവകാശത്തിന് വിചിത്ര മറുപടിയുമായി ജില്ലാ ട്രഷറി


കോട്ടയം: അപേക്ഷകന്‍െറ ഉദ്ദേശം വ്യക്തമാക്കിയാല്‍ മാത്രമേ വിവരം നല്‍കാനാവുകയുള്ളൂ എന്ന് പറഞ്ഞ് പാലാ ജില്ലാ ട്രഷറിയില്‍നിന്ന് വിവരാവകാശ മറുപടി. ട്രഷറിയിലെ ജീവനക്കാര്‍ വരുന്നതും പോകുന്നതുമായ പ്രവൃത്തികള്‍ നിരീക്ഷിക്കണമെന്നും ജീവനക്കാരുമായി ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പുകളും ആവശ്യപ്പെട്ട് കൂവപ്പള്ളി പാലമ്പ്ര സ്വദേശി ഷഹാസ് ഫാസില്‍ നല്‍കിയ വിവരാവകാശ അപേക്ഷക്കാണ് വിചിത്ര മറുപടി ലഭിച്ചത്.
വിവരാവകാശ അപേക്ഷകള്‍ക്ക് നല്‍കുന്ന മറുപടിയില്‍ പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നിര്‍ബന്ധമായും നല്‍കേണ്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. സര്‍ക്കാര്‍ ഖജനാവ്, സര്‍ക്കാറിന്‍െറ സ്വത്തും രേഖകളും സൂക്ഷിക്കുന്ന ഇടമായതിനാല്‍ വിവരം ലഭിക്കാനായി കൃത്യമായ ഉദ്ദേശം വ്യക്തമാക്കി സര്‍ക്കാറിന് അപേക്ഷ നല്‍കണമെന്നാണ് മറുപടിയില്‍ പറഞ്ഞിരിക്കുന്നത്.
അപേക്ഷ നല്‍കുന്നതിന് കാരണംബോധിപ്പിക്കേണ്ട ആവശ്യമില്ളെന്ന നിയമം നിലനില്‍ക്കുമ്പോഴാണ് വിവരാവകാശപ്രകാരമുള്ള മറുപടിയില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നത്.
വിവരാവകാശ മറുപടിയില്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസറുടെ പേര്, സ്ഥാനപ്പേര്, ഒൗദ്യോഗിക ഫോണ്‍നമ്പര്‍, ഇ-മെയില്‍ അഡ്രസ് എന്നിവ ഉള്‍പ്പെടുത്തിയിട്ടുമില്ല. ഇതിന് പുറമെ, ഏതെങ്കിലും വിവരം നിഷേധിക്കുമ്പോള്‍ അതിന്‍െറ കാരണവും ബന്ധപ്പെട്ട സെക്ഷനും നിര്‍ബന്ധമായും വ്യക്തമാക്കണമെന്ന് നിയമം അനുശാസിക്കുന്നു. എന്നാലിതൊന്നും പാലിക്കാതെയാണ് മറുപടി നല്‍കിയിരിക്കുന്നത്. ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍, കുടുംബവിവരങ്ങള്‍ എന്നിവ കൂടി ഉള്‍പ്പെടുന്നതിനാല്‍ ജീവനക്കാരുമായി ബന്ധപ്പെട്ട രജിസ്റ്ററുകളുടെ പകര്‍പ്പ് നല്‍കാനാവില്ല എന്നുപറഞ്ഞാണ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നിരസിച്ചത്. കുറഞ്ഞ തുകയുടെ മുദ്രപ്പത്രങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് 100 രൂപയുടെ പത്രത്തിനുപകരം 500 രൂപയുടെ പത്രം മേടിക്കേണ്ടിവന്നതിനെക്കുറിച്ച് പരാതിപ്പെടാന്‍ 11 മണിയോടെ പാലാ ട്രഷറി ഓഫിസിലത്തെിയപ്പോള്‍ ജീവനക്കാരില്‍ ഭൂരിപക്ഷവും എത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിവരാവകാശ അപേക്ഷ നല്‍കിയതെന്ന് ഷഹാസ് പറയുന്നു.
രേഖകളുടെ പകര്‍പ്പ് എടുക്കാന്‍ മാത്രമല്ല അവ നേരില്‍ പരിശോധിക്കാനും പ്രവൃത്തികള്‍ നിരീക്ഷിക്കാനും സാമ്പ്ള്‍ എടുക്കാനും ഉള്ള അവകാശവും വിവരാവകാശ നിയമം പൗരന് നല്‍കുന്നുണ്ടെങ്കിലും വളരെ കുറച്ചുപേര്‍ മാത്രമേ നിയമത്തിന്‍െറ സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താറുള്ളൂ എന്ന് വിവരാവകാശ പ്രവര്‍ത്തകനായ മഹേഷ് വിജയന്‍ പറയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.