സംസ്ഥാനത്തെ മൂന്ന് നഗരങ്ങളിലെ വാഹനങ്ങള്‍ സി.എന്‍.ജി ഇന്ധനത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്നു നഗരങ്ങളിലെ ബസുകളും ഓട്ടോ, ടാക്സി എന്നിവയും ഒരു വര്‍ഷത്തിനകം സമ്മര്‍ദിത പ്രകൃതി വാതക (സി.എന്‍.ജി) ഇന്ധനത്തിലേക്ക് മാറ്റാന്‍ ആലോചന. ഇതിനായി ഈ നഗരങ്ങളില്‍ സി.എന്‍.ജി നിറക്കാനുള്ള അഞ്ചുപമ്പുകള്‍ വീതം സ്ഥാപിക്കാന്‍ പെട്രോളിയം കമ്പനികളുമായി ധാരണയിലത്തെിയതായി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് ആദ്യം പദ്ധതി നടപ്പാക്കുക. ഈ നഗരങ്ങളിലെ കെ.എസ്.ആര്‍.ടി.സി അടക്കമുള്ള ബസുകളും ഓട്ടോകളും ടാക്സികാറുകളും സി.എന്‍.ജിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട്  ശിപാര്‍ശ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ശിപാര്‍ശ  അംഗീകരിച്ചാല്‍ ഒരുവര്‍ഷത്തിനകം നഗരത്തിലെ ഡീസല്‍ വാഹനങ്ങള്‍ സി.എന്‍.ജി ഇന്ധനത്തിലേക്ക് മാറ്റേണ്ടിവരും. വായുമലിനീകരണം കുറക്കാന്‍ പഴയ ഡീസല്‍ വാഹനങ്ങള്‍ പിന്‍വലിക്കണമെന്ന ഹരിത ട്രൈബ്യൂണല്‍ വിധി കണക്കിലെടുത്താണ്  സി.എന്‍.ജിയെക്കുറിച്ച് ആലോചിക്കുന്നത്. ഡല്‍ഹി, മുംബൈ നഗരങ്ങളിലെ വാഹനങ്ങള്‍ സി.എന്‍.ജിയിലേക്ക് ഇതിനകം മാറ്റിയിട്ടുണ്ട്.

ഡീസലിനെക്കാള്‍ 40 ശതമാനത്തോളം വിലക്കുറവാണ് സി.എന്‍.ജിക്ക്. രാജ്യമെമ്പാടും കിലോക്ക് 39 രൂപയാണ് ഇപ്പോഴത്തെ വില. 150 ശതമാനത്തോളം ഇന്ധനക്ഷമത കൂടുതലായതിനാല്‍ സി.എന്‍.ജിയിലേക്ക് വാഹനം മാറ്റാനുള്ള ചെലവ് രണ്ടുവര്‍ഷത്തിനകം വാഹന ഉടമകള്‍ക്ക് തിരിച്ചുപിടിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. സി.എന്‍.ജിക്ക് സംസ്ഥാനത്ത് പ്രത്യേക നികുതി ഇല്ലാത്തതും വാഹന ഉടമകള്‍ക്ക് ആശ്വാസമാകും. അതേസമയം, ബസുകള്‍ അടക്കമുള്ളവയുടെ എന്‍ജിന്‍ സി.എന്‍.ജിയിലേക്ക് മാറ്റാന്‍ ആറുമുതല്‍ 10ലക്ഷം വരെ ചെലവാകും.

പുതുവൈപ്പിന്‍ സി.എന്‍.ജി ടെര്‍മിനലില്‍നിന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍െറ പത്തടിപ്പാലം പ്രധാന വാതക നിലയത്തിലത്തെിച്ചാവും കൊച്ചിയില്‍ വിതരണം . പത്തടിപ്പാലത്തുനിന്നും നഗരത്തില്‍ നിലവിലുള്ള അഞ്ചുപമ്പുകളിലേക്ക് സി.എന്‍.ജി കുഴല്‍ വഴി എത്തിക്കാന്‍ 27കിലോമീറ്റര്‍ കുഴല്‍ സ്ഥാപിക്കും. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ ദ്രവീകൃത വാതകം ടാങ്കറുകളില്‍ എത്തിച്ചാണ് തെരഞ്ഞെടുത്ത പമ്പുകള്‍ വഴി വിതരണം ചെയ്യുക. ഒരുവര്‍ഷത്തിനകം മൂന്നു നഗരങ്ങളിലും ഇതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാന്‍  കമ്പനികള്‍ തയാറായിട്ടുണ്ട.് രണ്ടാം ഘട്ടമായി കൊല്ലം, തൃശൂര്‍, കണ്ണൂര്‍ നഗരങ്ങളിലും സി.എന്‍.ജി ബാധകമാക്കും. ഇലക്ട്രിക് വാഹനങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ആലോചനയുണ്ട്. ദീര്‍ഘദൂര വാഹനങ്ങള്‍ക്കും ഭാരവാഹനങ്ങള്‍ക്കും സി.എന്‍.ജി ഏര്‍പ്പെടുത്തുക പ്രായോഗികമല്ലാത്തത് കാരണം പൊതുഗതാഗത വാഹനങ്ങള്‍ക്ക് ആദ്യഘട്ടമെന്ന നിലക്ക് ഇത് ഏര്‍പ്പെടുത്താനാണ് നിര്‍ദേശം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.