എയര്‍ കേരള തല്‍ക്കാലം ചിറക് വിരിക്കില്ല

നെടുമ്പാശ്ശേരി: സംസ്ഥാന സര്‍ക്കാറിന്‍െറ ഉടമസ്ഥതയില്‍ ആരംഭിക്കാനിരുന്ന ചെലവ് കുറഞ്ഞ വിമാന കമ്പനിയായ ‘എയര്‍ കേരള’ തല്‍ക്കാലം പ്രവര്‍ത്തനമാരംഭിക്കില്ല. പുതിയ വ്യോമയാന നയം ‘എയര്‍ കേരള’ക്ക് അനുകൂലമാകാത്തതിനെ തുടര്‍ന്നാണിത്. വിദേശ സര്‍വിസ് ആരംഭിക്കണമെങ്കില്‍ അഞ്ചുവര്‍ഷത്തെ ആഭ്യന്തര സര്‍വിസ് പരിചയം വേണമെന്ന നിബന്ധന പുതിയ വ്യോമയാന നയത്തില്‍ എടുത്തുകളഞ്ഞിരുന്നു. എന്നാല്‍, സ്വന്തമായോ വാടകക്കോ ചുരുങ്ങിയത് 20 വിമാനങ്ങളെങ്കിലും വേണമെന്ന നയത്തില്‍ മാറ്റമില്ല. ഇതോടെയാണ് ‘എയര്‍ കേരള’ താല്‍ക്കാലികമായി വേണ്ടെന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചത്.

ചില സ്വകാര്യ വിമാന കമ്പനികളുമായി സഹകരിച്ച് എയര്‍ കേരളക്ക് തുടക്കം കുറിക്കണമെന്ന നിര്‍ദേശവും തള്ളി. പാട്ടത്തിനാണെങ്കില്‍പോലും 20 വിമാനങ്ങള്‍ തരപ്പെടുത്തണമെങ്കില്‍ വന്‍ സാമ്പത്തിക ബാധ്യത വരും. 20 വിമാനങ്ങള്‍ തരപ്പെടുത്തിയാല്‍തന്നെ ആഴ്ചയില്‍  ചുരുങ്ങിയത് 350 സര്‍വിസുകളെങ്കിലും നടത്തേണ്ടിയുംവരും. ഇത് പ്രായോഗികമല്ല. 20 വിമാനങ്ങള്‍ വേണമെന്ന നിബന്ധനകൂടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിന് വീണ്ടും നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു. നിലവില്‍ ഗള്‍ഫ് സെക്ടറില്‍ സര്‍വിസ് ലാഭകരമായിരിക്കുമെന്നാണ് പഠനത്തില്‍ വ്യക്തമായത്. ഒമാന്‍ എയര്‍ ഉള്‍പ്പെടെ പല ഗള്‍ഫ് വിമാനകമ്പനികളും കേരളത്തിലേക്ക് കൂടുതല്‍ സര്‍വിസുകള്‍ നടത്താന്‍ അനുമതി തേടിയിട്ടുണ്ട്.

എന്നാല്‍, ഇതുസംബന്ധിച്ച് കരാറുണ്ടാക്കുമ്പോള്‍ ഒമാനിലേക്കും കൂടുതല്‍ സര്‍വിസുകള്‍ നടത്താന്‍ ഇന്ത്യയില്‍നിന്നുള്ള വിമാനകമ്പനികള്‍ക്ക് കഴിയും. പലപ്പോഴും വേണ്ടത്ര വിമാനങ്ങളില്ലാത്തതിനാല്‍ എയര്‍ ഇന്ത്യ ഇതിന് തയാറാകുന്നില്ല. മാത്രമല്ല സ്വകാര്യ വിമാനകമ്പനികള്‍ക്ക് ഈ ക്വോട്ട നല്‍കാനും തയാറാവുന്നില്ല. അവധിക്കാലങ്ങളിലും മറ്റും വിമാന കമ്പനികള്‍ വന്‍തോതില്‍ നിരക്ക് വര്‍ധിപ്പിക്കുന്നത് പതിവായതോടെയാണ് പ്രവാസി മലയാളികള്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്രാ സൗകര്യമൊരുക്കാന്‍ നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ (സിയാല്‍) മാതൃകയില്‍ ‘എയര്‍ കേരള’ ആരംഭിക്കാന്‍ തീരുമാനിച്ചത്. സിയാലിന് കീഴില്‍ പ്രത്യേക കമ്പനി രൂപവത്കരിക്കുകയും ചെയ്തിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.