തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹ മരണം സംബന്ധിച്ച് ഡി.ജി.പി നല്‍കിയ ഒറ്റ വരി റിപ്പോര്‍ട്ട് മനുഷ്യാവകാശ കമീഷന്‍ തള്ളി. വിശദമായ റിപ്പോര്‍ട്ട് ഉടന്‍ ഹാജരാക്കാന്‍ ഉത്തരവിട്ടു. മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് ബുധനാഴ്ച തൃശൂരില്‍ നടന്ന സിറ്റിങ്ങിലാണ് കമീഷന്‍െറ ഉത്തരവ്. കമീഷന്‍ അംഗം കെ. മോഹന്‍കുമാറാണ് കേസ് പരിഗണിച്ചത്. നേരത്തേ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനും രാമകൃഷ്ണന്‍ പരാതി നല്‍കിയിരുന്നു.
ഇതില്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോഴാണ് കേസ് സി.ബി.ഐക്ക് വിടാനുള്ള നടപടിയിലാണെന്ന ഒറ്റ വരി മറുപടി നല്‍കിയത്. പരാതിക്കാരന്‍ ഉന്നയിച്ചിരുന്ന മറ്റ് കാര്യങ്ങള്‍ക്കൊന്നും ഡി.ജി.പിയുടെ വിശദീകരണമില്ളെന്ന് വിലയിരുത്തിയ കമീഷന്‍ അതില്‍ അതൃപ്തി പ്രകടിപ്പിച്ചു.
കാക്കനാട് ലബോറട്ടറിയിലും ഹൈദരാബാദിലെ കേന്ദ്രലാബിലും നടത്തിയ പരിശോധനാഫലങ്ങളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വൈരുധ്യങ്ങളും മരണകാരണമായി റിപ്പോര്‍ട്ടുകളില്‍ പറയുന്ന വിഷമദ്യം, കീടനാശിനി എന്നിവ ശരീരത്തില്‍ കണ്ടതും സംശയിക്കുന്നവരുടെ പേരുവിവരങ്ങളും രാമകൃഷ്ണന്‍െറ പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ടിരുന്നു. സി.ബി.ഐ അന്വേഷണ കാര്യത്തില്‍ മാത്രമാണ് ഡി.ജി.പി മറുപടി നല്‍കിയത്.
പൊലീസ് അന്വേഷണത്തിലെ വീഴ്ച വ്യക്തമാക്കുന്നതാണ് ഡി.ജി.പിയുടെ റിപ്പോര്‍ട്ട് കമീഷന്‍ തള്ളിയ നടപടിയെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.