കണ്ണൂര്‍: കോൺഗ്രസ് വിമതനായി വിജയിച്ച പി.കെ രാഗേഷ് കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. എതിർ സ്ഥാനാർഥി മുസ് ലിം ലീഗിന്‍റെ സി. സമീറിനെയാണ് വോട്ടെടുപ്പിൽ പരാജയപ്പെടുത്തിയത്. പി.കെ രാഗേഷിന് 28ഉം സി. സമീറിന് 27ഉം വോട്ടുകൾ ലഭിച്ചു. ഫലപ്രഖ്യാപനത്തിന് പിന്നാലെ സത്യപ്രതിജ്ഞ ചെയ്ത് പി.കെ രാഗേഷ് അധികാരമേറ്റു.
അവിശ്വാസ പ്രമേയത്തിലൂടെ ലീഗിന്‍റെ സി. സമീറിനെ പുറത്താക്കി പി.കെ. രാഗേഷിനെ ഡപ്യൂട്ടി മേയറാക്കാനായിരുന്നു എല്‍.ഡി.എഫ് നീക്കം. എന്നാൽ, കോർപറേഷനിൽ ഭൂരിപക്ഷമുള്ള എല്‍.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്ന സാഹചര്യത്തിൽ സമീർ രാജി സമർപ്പിക്കുകയായിരുന്നു. യു.ഡി.എഫിന് മേല്‍കൈ ഉണ്ടായിരുന്ന കണ്ണൂര്‍ നഗരസഭയില്‍ നിന്ന് അവിശ്വാസത്തിലൂടെ പുറത്താക്കപ്പെടുന്ന ആദ്യത്തെ ഡെപ്യൂട്ടി മേയര്‍ ആകേണ്ടതില്ലെന്ന തീരുമാനമാണ് രാജിയിലേക്ക് നയിച്ചത്.
രാവിലെ 11ന് കോര്‍പറേഷന്‍ കൗണ്‍സില്‍ഹാളില്‍ വരണാധികാരിയായ ജില്ലാ കലക്ടര്‍ പി. ബാലകിരണിന്‍റെ മേല്‍നോട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടപടികള്‍ പൂർത്തിയാക്കിയത്. 55 അംഗ കോർപറേഷനിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും 27 വീതം അംഗങ്ങളാണുള്ളത്. പി.കെ രാഗേഷ് സ്വതന്ത്രനായാണ് തെരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.