ഫാക്ടിന് 1000 കോടിയുടെ ഭൂപണയ വായ്പക്ക് ധാരണപത്രം

ന്യൂഡല്‍ഹി: കൊച്ചിയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന് 1000 കോടി രൂപ നല്‍കുന്നതിന് ഡല്‍ഹിയില്‍ ധാരണപത്രം ഒപ്പുവെച്ചു. ഫാക്ടിന്‍െറ പക്കലുള്ള ഭൂമി ഈടുവാങ്ങിയാണ് കേന്ദ്രസര്‍ക്കാര്‍ വായ്പ. പലിശയടക്കം അഞ്ചു വര്‍ഷത്തിനകം തിരിച്ചടക്കണമെന്നാണ് വ്യവസ്ഥ. ആദ്യവര്‍ഷം വായ്പാഗഡു തിരിച്ചടക്കേണ്ടതില്ല. പ്രവര്‍ത്തന മൂലധനമില്ലാതെ കടുത്ത പ്രതിസന്ധി നേരിടുന്ന ഫാക്ടിനെ കരകയറ്റുന്നതില്‍ വലിയ സഹായമാണ് ഈ തുക. രണ്ടു പതിറ്റാണ്ടായി ഫാക്ട് പലവിധ സാമ്പത്തിക പ്രശ്നങ്ങളിലാണ്.
 ഇപ്പോള്‍ ലഭിക്കുന്ന പലിശ കുറഞ്ഞവായ്പയില്‍ നല്ളൊരുഭാഗം മുന്‍കാല വായ്പക്കുടിശ്ശിക തിരിച്ചടക്കാന്‍ നീക്കിവെക്കും. പ്രവര്‍ത്തന മൂലധനം അസംസ്കൃത വസ്തുക്കള്‍ വാങ്ങുന്നതിനടക്കം പ്രയോജനപ്പെടുത്തും.
കേന്ദ്ര രാസവളം മന്ത്രി അനന്ത്കുമാര്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഉപദേഷ്ടാവ് ജിജി തോംസണ്‍, ചീഫ് സെക്രട്ടറി പി.കെ. മൊഹന്തി, രാസവളം മന്ത്രാലയ സെക്രട്ടറി അനൂജ്കുമാര്‍ ബിഷ്ണോയ്, വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഫാക്ട് ചെയര്‍മാന്‍ ജയ്വീര്‍ ശ്രീവാസ്തവ, രാസവളം മന്ത്രാലയ ജോയന്‍റ് സെക്രട്ടറി ധരംപാല്‍ എന്നിവരാണ് ധാരണപത്രത്തില്‍ ഒപ്പുവെച്ചത്. പ്രതീകാത്മക ചെക് കൈമാറ്റം മന്ത്രി നിര്‍വഹിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.