രാജ്യസഭ സ്ഥാനാർഥി എ.കെ. ആന്‍റണി; കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ തീരുമാനമായില്ല

തിരുവനന്തപുരം: രാജ്യസഭാസീറ്റിലേക്ക് കോൺഗ്രസ് സ്ഥാനാർഥിയായി എ.കെ. ആന്‍റണിയെ നിർദേശിക്കാൻ കെ.പി.സി.സി തീരുമാനം. കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഇന്ദിരാഭവനിൽ ചേർന്ന കോൺഗ്രസ് നേതാക്കളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.

അതേസമയം, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ സാധ്യതാപട്ടികയിൽ തിടുക്കപ്പെട്ട് തീരുമാനമെടുക്കേണ്ടതില്ലെന്നും യോഗത്തിൽ ധാരണയായി. തെരഞ്ഞെടുപ്പിന് 72 ദിവസങ്ങൾ ശേഷിക്കെ വിശദമായ ചർച്ചകൾക്ക് ശേഷം മതി തീരുമാനമെന്നാണ് നേതാക്കളുടെ അഭിപ്രായം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ചുരുക്കപ്പട്ടിക ഇന്ന് ഹൈക്കമാന്‍റിന് കൈമാറുമെന്നായിരുന്നു നേരത്തേയുണ്ടായിരുന്ന ധാരണ. ജില്ലാ ഘടകങ്ങൾ കെ.പി.സി.സിക്ക് നൽകിയ സാധ്യതാ പട്ടികയിൽ വിശദമായ ചർച്ചകൾ നടത്തിയ ശേഷമായിരിക്കും പ്രഖ്യാപനം.

സ്ഥാനാർഥി പ്രഖ്യാപനം അധികം താമസിയാതെ തന്നെ ഉണ്ടാകുമെന്ന്  യോഗത്തിന് ശേഷം വി.എം സുധീരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്ന് പ്രഖ്യാപിക്കുമെന്ന് ഇപ്പോൾ പറയാനാകില്ല. മറ്റ് പാർട്ടികൾ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിനോടൊപ്പം തന്നെ കോൺഗ്രസും സ്ഥാനാർഥികളെ പ്രഖ്യാപിക്കും. ഒറ്റ ഘട്ടമായിട്ടായിരിക്കും സ്ഥാനാർഥി പ്രഖ്യാപനമെന്നും സുധീരൻ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.