എം.എല്‍.എ ഫണ്ട് വിനിയോഗം: മുന്നില്‍ സി.പി.ഐയും പിന്നില്‍ ആര്‍.എസ്.പിയും

കൊല്ലം: എം.എല്‍.എമാരുടെ ആസ്തിവികസനഫണ്ട് ചെലവഴിക്കുന്നതില്‍ ജില്ലയില്‍ മുന്നില്‍ സി.പി.ഐയും പിന്നില്‍ ആര്‍.എസ്.പിയും. ജില്ലയിലെ 11 മണ്ഡലങ്ങളിലെ എം.എല്‍.എമാര്‍ക്ക് 2012 സാമ്പത്തികവര്‍ഷം മുതല്‍ 2016 ജനുവരി അവസാനംവരെ ധനാനുമതി ലഭിച്ച പ്രവൃത്തികളുടെ കണക്ക് പ്രകാരമാണിത്.
ഒന്നാമതത്തെിയ ചടയമംഗലം എം.എല്‍.എയും സി.പി.ഐ നേതാവുമായ മുല്ലക്കര രത്നാകരന്‍ മണ്ഡലത്തില്‍ നടപ്പാക്കിയ 33 പദ്ധതികള്‍ക്കായി 19.93 കോടി രൂപയാണ് ആസ്തിവികസനഫണ്ടില്‍നിന്ന് ചെലവിട്ടത്.

അതേ സമയം, കുറച്ച് തുകച്ച ചെലവഴിച്ചത് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറിയും ഇരവിപുരം എം.എല്‍.എയുമായ എ.എ. അസീസാണ്. 24 പദ്ധതികളിലായി 11.84 കോടിരൂപയാണ് ചെലവിട്ടത്. അസീസിന് തൊട്ടുമുന്നിലുള്ളത് കുന്നത്തൂര്‍ എം.എല്‍.എ കോവൂര്‍ കുഞ്ഞുമോനാണ്. 41 പദ്ധതികളിലായി 14.72 കോടി രൂപ മാത്രമാണ് ചെലവിട്ടത്. ഇരുവരും 2015-16 വര്‍ഷം ജനുവരി വരെ ഒരു രൂപപോലും ചെലവഴിച്ചിട്ടില്ല. കൂടുതല്‍ തുക ചെലവഴിച്ചവരുടെ പട്ടികയില്‍ രണ്ടാമതുള്ളത് കൊട്ടാരക്കര എം.എല്‍.എ ഐഷാപോറ്റിയാണ്. മണ്ഡലത്തില്‍ 51 പദ്ധതികളിലായി 19.97 കോടി രൂപ ചെലവഴിച്ചു.

മുന്‍ മന്ത്രിയും പത്തനാപുരം എം.എല്‍.എയുമായ കെ.ബി. ഗണേഷ്കുമാര്‍ 19.90 കോടിയും കുണ്ടറ എം.എല്‍.എ എം.എ. ബേബി 19.84 കോടിയും ചാത്തന്നൂര്‍ എം.എല്‍.എ ജി.എസ്. ജയലാല്‍ 19.84 കോടിയും കൊല്ലം എം.എല്‍.എ പി.കെ. ഗുരുദാസന്‍ 19.11 കോടിയും പുനലൂര്‍ എം.എല്‍.എ കെ.രാജു 18.85 കോടിയും കരുനാഗപ്പള്ളി എം.എല്‍.എ സി. ദിവാകരന്‍ 18.42 കോടിയും തൊഴില്‍മന്ത്രിയും ചവറ മണ്ഡലം പ്രതിനിധിയുമായ ഷിബു ബേബിജോണ്‍ 17.93 കോടിയും ചെലവഴിച്ചു. അവസാനഘട്ടം ധനാനുമതി ലഭിച്ച പദ്ധതികളും ഇതില്‍ ഉള്‍പ്പെടും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.