ബി.ജെ.പിയെ വെല്ലുവിളിച്ച് പി.പി മുകുന്ദന്‍; നേമത്ത് മത്സരിക്കാന്‍ നീക്കം

കൊച്ചി: കേരള നിയമസഭയില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്ന നേമം നിയമസഭാ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പി.പി മുകുന്ദന്‍റെ മുന്നറിയിപ്പ്. പാര്‍ട്ടി തന്നോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണത്രെ, മുകുന്ദന്‍ മത്സര ഭീഷണി മുഴക്കുന്നത്. പത്തു കൊല്ലം മുന്‍പ് ബി.ജെ.പിയില്‍ നിന്നും ആര്‍.എസ്.എസില്‍ നിന്നും പുറത്താക്കപ്പെട്ട മുകുന്ദന്‍ തിരിച്ചു വരവിനു ആഗ്രഹിച്ചിരുന്നെങ്കിലും പാര്‍ട്ടി നേതൃത്വം വേണ്ട പരിഗണന നല്‍കിയില്ളെന്നാണ് പരാതി.
 ബി.ജെ.പി വിട്ടുപോയവരെ തിരിച്ചു കൊണ്ടു വരുന്ന കാര്യത്തില്‍ കുമ്മനം രാജശേഖരന്‍ പ്രസിഡന്‍്റ് ആയ ശേഷം ഉദാര സമീപനം സ്വീകരിക്കാന്‍  തീരുമാനിച്ചെങ്കിലും മുകുന്ദന്‍റെ കാര്യത്തില്‍ ആശാവഹമായ പുരോഗതി ഉണ്ടായില്ല. ബി.ജെ.പി വിട്ട് ജനപക്ഷം പാര്‍ട്ടി ഉണ്ടാക്കിയ കെ.രാമന്‍ പിള്ളയെ പുതിയ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ തിരിച്ചെടുത്തിരുന്നു. പാര്‍ട്ടി പിരിച്ചുവിട്ടാണ് രാമന്‍പിള്ള തിരിച്ചു വന്നത്.
പുറത്താക്കുമ്പോള്‍  കേരള ബി.ജെ.പിയുടെ സംഘടനാ ചുമതലയുള്ള സെക്രട്ടറി ആയിരുന്നു മുകുന്ദന്‍. ആര്‍.എസ്.എസ് നോമിനി ആയാണ് അദ്ദേഹം ഈ പദവിയില്‍ വന്നത്. ആര്‍.എസ്.എസ് നേതൃത്വവുമായുള്ള അകല്‍ച്ചയാണ് മുകുന്ദന്‍റെ പുറത്താക്കലിന് പിന്നില്‍. കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി വലിയ സൗഹൃദം മുകുന്ദന് ഉണ്ടായിരുന്നു. കെ.കരുണാകരനുമായി അടുപ്പം പുലര്‍ത്തിയിരുന്ന മുകുന്ദന്‍ സംസ്ഥാന രാഷ്ര്ടീയത്തില്‍ കോളിളക്കം സൃഷ്ടിച്ച കോ ലീ ബി സഖ്യം രൂപീകരിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച ആളാണ്.
വി.മുരളീധരന്‍ ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് ആയിരുന്നപ്പോള്‍ മുകുന്ദനെ തിരിച്ചു കൊണ്ടു വരണമെന്ന ആവശ്യത്തോട് നിഷേധാത്മക നിലപാടാണ് എടുത്തത്. ഒരു ഘട്ടത്തില്‍ മിസ്സ്ഡ് കോള്‍ അടിച്ചു മുകുന്ദന് പാര്‍ട്ടിയില്‍ വരാമല്ളോ എന്ന് പരിഹസിക്കുകയും ചെയ്തു. കുമ്മനം വന്നതോടെ മാന്യമായ പുന:പ്രവേശം സാധ്യമാകുമെന്ന പ്രതീക്ഷയിലായിരുന്നു മുകുന്ദന്‍. എന്നാല്‍ രാമന്‍ പിള്ളയോട് കാണിച്ച സമീപനം മുകുന്ദന്‍റെ കാര്യത്തില്‍ വേണ്ടെന്ന അഭിപ്രായക്കാര്‍ പാര്‍ട്ടിയില്‍ ഏറെയുണ്ട്. മുകുന്ദനെ തിരിച്ചു കൊണ്ടുവന്നാല്‍ പാര്‍ട്ടിക്ക് തലവേദന ആകുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിയതിനാല്‍ കുമ്മനം അടക്കമുള്ള നേതാക്കള്‍ പിന്നോട്ട് വലിഞ്ഞ മട്ടാണ്. ഈ സാഹചര്യത്തിലാണ് ബി.ജെ.പിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ മത്സര ഭീഷണിയുമായി മുകുന്ദന്‍ രംഗത്ത് വന്നത്.
ബി.ജെ.പി യുമായി അകലം പാലിക്കുന്ന എന്‍.എസ്.എസ് നേതൃത്വവുമായി മുകുന്ദന്‍ അടുപ്പത്തിലാണ്. മുകുന്ദനെ തിരിച്ചു കൊണ്ടുവന്നു എന്‍.എസ്.എസ് സൗഹൃദം പുന:സ്ഥാപിക്കണമെന്ന ആഗ്രഹക്കാര്‍ പാര്‍ട്ടിയിലുണ്ട്. അക്കൗണ്ട് തുറക്കാന്‍ എന്‍.എസ്.എസ് പിന്തുണ വേണമെന്നാണ് അവരുടെ പക്ഷം. അതേസമയം, വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയുമായി ബി.ജെ.പി സഖ്യം സ്ഥാപിച്ച സാഹചര്യത്തില്‍ എന്‍.എസ്.എസ് അടുക്കാന്‍ ഇടയില്ല. നേമത്ത് മത്സരിച്ചാല്‍ യു.ഡി.എഫ് പിന്തുണ കിട്ടുമോ എന്നാണ് മുകുന്ദന്‍റെ നോട്ടം. അതിനുള്ള ശ്രമം അദ്ദേഹം തുടങ്ങിക്കഴിഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.