കണ്ണൂര്‍: പറശ്ശിനിക്കടവ് സ്നേക് പാര്‍ക്കിലെ രണ്ട് ആണ്‍ രാജവെമ്പാലകള്‍ ഇണയെ കിട്ടാനുള്ള ഏറ്റുമുട്ടലിലാണ്. വിജയി ഇണയോടൊപ്പം ചേരുമ്പോള്‍, പരാജിതന്‍ കീഴടങ്ങി കൂടിന്‍െറ മൂലയില്‍ ഒതുങ്ങുമോ അതല്ല, ജീവഹാനിയുണ്ടാകുമോ എന്ന് കാത്തിരുന്ന് കാണണം. രാജവെമ്പാലയുടെ പ്രജനനത്തിന് മുന്നോടിയായുള്ള ഈ ഏറ്റുമുട്ടലിന്‍െറ ഓരോ നിമിഷവും ഒപ്പിയെടുക്കാന്‍ അത്യാധുനിക കാമറകളുമായി നാഷനല്‍ ജ്യോഗ്രഫിക് ചാനല്‍ (ഇന്ത്യ) സംഘം ഇവിടെയുണ്ട്. കൂട്ടിനകത്തും പുറത്തും കാമറ സ്ഥാപിച്ച് അവര്‍ മുഴുസമയ ചിത്രീകരണത്തിലാണ്. അത്യപൂര്‍വ ദൃശ്യങ്ങള്‍ പ്രേക്ഷകരിലത്തെിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. വിജയിച്ചാല്‍, ലോകത്ത് വളരെയേറെ ശ്രദ്ധിക്കപ്പെട്ട പിലിക്കുള നിസര്‍ഗധാമയിലെ പ്രജനന ചിത്രീകരണത്തിനുശേഷം മറ്റൊരു അപൂര്‍വ ദൗത്യമാകും ഇത്.

ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളാണ് പാമ്പുകളുടെ ലോകത്തെ ഉഗ്രപ്രതാപിയായ രാജവെമ്പാലയുടെ പ്രജനന കാലം. ഈ സമയത്ത് ഒരു പെണ്‍ രാജവെമ്പാലയുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ഒന്നിലധികം ആണ്‍പാമ്പുകള്‍ ശ്രമിച്ചാല്‍ ഇവ തമ്മില്‍ ഏറ്റുമുട്ടലുണ്ടാകും. തുടര്‍ച്ചയായ ഏറ്റുമുട്ടലില്‍ മിക്കവാറും പരാജിതന് ജീവഹാനിയാകും ഫലം. അതേസമയം, വിജയിയായ ആണിനൊപ്പം ചേരാന്‍ ഇണ വിസമ്മതിച്ചാല്‍ ചിലപ്പോള്‍ അതിനും ഇതേഗതി വന്നേക്കും.

ഏതാനും വര്‍ഷം മുമ്പ് മംഗളൂരുവിനടുത്ത പിലിക്കുള നിസര്‍ഗധാമയില്‍വെച്ച് രാജവെമ്പാലകളുടെ പ്രജനനം നാഷനല്‍ ജ്യോഗ്രഫിക് ചാനല്‍ (ഇന്ത്യ) ചിത്രീകരിച്ചിരുന്നു.  റൊമുലസ് വിക്ടകര്‍, ചാനലിലെ കണ്‍സര്‍വേഷനിസ്റ്റും രാജവെമ്പാല സ്പെഷലിസ്റ്റുമായ ഗൗരി ശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍െറ ഈ വിജയദൗത്യം ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്നാണ് പറശ്ശിനിക്കടവിലും രാജവെമ്പാലയുടെ പ്രജനനം ചിത്രീകരിക്കാന്‍ നീക്കമുണ്ടായത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ ഗൗരി ശങ്കറും സംഘവും എത്തി.

എന്നാല്‍, ഈ സമയം രാജവെമ്പാലകള്‍ ഇണചേരാനുള്ള പ്രവണത കാണിക്കുന്നതായി മനസ്സിലായതോടെ സംഘം ഉടന്‍ ചിത്രീകരണം ആരംഭിക്കുകയായിരുന്നു. ആണ്‍ പാമ്പുകള്‍ തമ്മിലെ ഏറ്റുമുട്ടല്‍ ശക്തമായതോടെ എന്തും സംഭവിക്കാമെന്ന സാഹചര്യത്തിലാണ് ഓരോ നിമിഷവും ഒപ്പിയെടുക്കാന്‍ കൂട്ടിനകത്ത് കാമറ സ്ഥാപിച്ചത്. അതേസമയം, കാമറ പുറത്തുവെച്ചും ചിത്രീകരണം നടക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.