കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവമ്പാടിയില്‍ ‘ഇടുക്കി മോഡല്‍’ പയറ്റാന്‍ പോകുന്നുവെന്ന പ്രചാരണങ്ങള്‍ക്കിടെ താമരശ്ശേരി രൂപതക്കെതിരെ സഭക്കകത്തും പ്രതിഷേധം. കക്ഷി രാഷ്ട്രീയനിലപാട് സ്വീകരിച്ച് ഇടവകകളിലും രൂപതയിലും ഭിന്നത സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ബിഷപ്പും ചില വൈദികരും ചേര്‍ന്ന് നടത്തുന്നതെന്ന് ആരോപിച്ച് കാത്തലിക് ലേമെന്‍സ് അസോസിയേഷനാണ് രംഗത്തത്തെിയത്. താമരശ്ശേരി ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് അസോസിയേഷന്‍ പ്രമേയവും പാസാക്കി.

ലീഗ് മത്സരിക്കുന്ന തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസിന് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് രൂപതാ വക്താക്കള്‍ രംഗത്തുവന്നത് വിശ്വാസികള്‍ക്ക് കളങ്കമുണ്ടാക്കുന്നതാണെന്ന് അസോസിയേഷന്‍ യോഗം വിലയിരുത്തി. അപക്വമായ നിലപാടുകള്‍ സ്വീകരിച്ച് സഭക്ക് പേരുദോഷം വരുത്തുകയാണ് താമരശ്ശേരി ബിഷപ്പും ചില വൈദികരും ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടി ആര്‍ച്ച് ബിഷപ് ജോര്‍ജ് ആലഞ്ചേരിക്ക് പരാതിയും അയച്ചു.

രൂപതയില്‍ ഒട്ടേറെ വിവാദനടപടികള്‍ കൈക്കൊണ്ട ബിഷപ്പിനെതിരെ നടപടിയെടുക്കണമെന്നാണ് അടിയന്തര ഫാക്സ് സന്ദേശമായി അയച്ച കത്തിലെ ചുരുക്കം. പ്രാര്‍ഥനക്കും കൂദാശ പരികര്‍മങ്ങള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ നിലകൊള്ളുന്ന പള്ളികളെ ചേരിതിരിവിന്‍െറ വേദിയാക്കുകയാണ് ബിഷപ് ചെയ്യുന്നതെന്ന് പരാതിയില്‍ ആരോപിച്ചു. എല്ലാ കക്ഷി രാഷ്ട്രീയക്കാരും ഉള്‍പ്പെടുന്നവരാണ് ക്രൈസ്തവ വിശ്വാസികള്‍ എന്നിരിക്കെ തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസിന് വിട്ടുതരണമെന്ന് രൂപത ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ളെന്നും ബിഷപ്പിനെതിരെ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലേമെന്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ് വിന്‍സന്‍റ് മാത്യു മാധ്യമത്തോട് പറഞ്ഞു.

തിരുവമ്പാടി മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മുസ്ലിം ലീഗിലെ വി.എം. ഉമ്മറിനെയാണ് പ്രഖ്യാപിച്ചത്. സീറ്റ് കോണ്‍ഗ്രസിന് വിട്ടുനല്‍കണമെന്നും കര്‍ഷകതാല്‍പര്യം സംരക്ഷിക്കുന്നയാളെ സ്ഥാനാര്‍ഥിയാക്കണമെന്നുമാണ് രൂപതയുടെ ആവശ്യം. ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, മന്ത്രി രമേശ് ചെന്നിത്തല എന്നിവരെ നേരിട്ട് അറിയിക്കുകയും ചെയ്തു. യു.ഡി.എഫില്‍നിന്ന് അനുകൂല തീരുമാനമൊന്നും ഇവര്‍ക്ക് ലഭിച്ചില്ല.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മതമേലധ്യക്ഷന്മാര്‍ നേരിട്ട് ഇടപെടുന്നതിനെതിരെ വിവിധ കോണുകളില്‍നിന്ന് പ്രതിഷേധവുമുയര്‍ന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ ഇടതുപിന്തുണയോടെ സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചെടുത്ത രീതി തിരുവമ്പാടിയിലും സ്വീകരിക്കുന്നുവെന്ന പ്രചാരണവും ശക്തമായി. ഇതിനിടയിലാണ് കാത്തലിക് ലേമെന്‍ അസോസിയേഷന്‍ രൂപതക്കെതിരെ പരസ്യമായി രംഗത്തത്തെിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.