പുതിയ പ്രതീക്ഷകളുമായി ‘പെണ്‍ ശലഭക്കൂട്ടം’ ഒന്നിച്ചു

മലപ്പുറം: നാല് ചുവരുകള്‍ക്കുള്ളിലെ മടുപ്പും സങ്കടവും മറന്ന് അവര്‍ ഒന്നിച്ചു. വീല്‍ചെയറുകളിലും കട്ടിലുകളിലുമായി വീട്ടിനുള്ളില്‍ കഴിയുന്ന കുറെ സ്ത്രീകളാണ് ശനിയാഴ്ച ഒത്തുചേര്‍ന്നത്. ഗ്രീന്‍ പാലിയേറ്റിവിന്‍െറ നേതൃത്വത്തില്‍ മലപ്പുറം ചട്ടിപ്പറമ്പിലെ ലൈഫ് ലൈന്‍ ഹെര്‍ബല്‍ ഗാര്‍ഡനിലുള്ളിലായിരുന്നു ഒത്തുചേരല്‍.

വീല്‍ചെയര്‍ ഫ്രന്‍ഡ്ലി സ്റ്റേറ്റ് കാമ്പയിന്‍െറ ഭാഗമായായിരുന്നു പരിപാടി. ലോകത്തിന്‍െറ വെളിച്ചവും സന്തോഷവും അനുഭവിക്കാന്‍ വിധിയില്ലാതെ ഒതുങ്ങിപോയവരാണ് ഗ്രീന്‍ പാലിയേറ്റിവിന്‍െറ നേതൃത്വത്തില്‍ നടത്തിയ ‘പെണ്‍ ശലഭക്കൂട്ട’ത്തില്‍ ഒരുമിച്ചത്. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി എത്തിയ 28പേര്‍ ഒരുപകല്‍ മുഴുവന്‍ ആഘോഷിച്ചു. പാട്ടുപാടിയും കഥകള്‍ പറഞ്ഞും അവര്‍ ശനിയാഴ്ച ആഘോഷത്തിന്‍േറതാക്കി മാറ്റി. രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെ നടന്ന പരിപാടിയില്‍ എല്ലാവരും അനുഭവങ്ങള്‍ പങ്കുവെച്ചു.

എല്ലായിടത്തും അനുഭവപ്പെടുന്ന ഒറ്റപ്പെടലും ജീവിതത്തില്‍ മുന്നോട്ടുകുതിക്കാനുള്ള ആഗ്രഹവുമായിരുന്നു പലരും പ്രകടിപ്പിച്ചത്. ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്നുള്ളവര്‍ക്കും പ്രചോദനം കൂടിയായി ചടങ്ങ്. റാഫിയ ഷെറിന്‍, സീന ഷാനവാസ്, ജിഷാന, ഫാത്തിമ, റന്‍സിയ തുടങ്ങിയവര്‍ കൂട്ടായ്മക്ക് നേതൃത്വം നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.