ന്യൂഡല്‍ഹി: വിവരാവകാശ നിയമപ്രകാരം കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍ നേരിട്ട് മറുപടി നല്‍കാന്‍ ബാധ്യസ്ഥരാണെന്ന് കേന്ദ്ര വിവരാവകാശ കമീഷന്‍. പൊതു അധികാരസ്ഥാപനമെന്നനിലയില്‍ മന്ത്രിമാര്‍ തങ്ങളുടെ വകുപ്പുകള്‍ വഴിയല്ല മറുപടി നല്‍കേണ്ടതെന്നും സുപ്രധാന ഉത്തരവില്‍ വിവരാവകാശ കമീഷണര്‍ പ്രഫ. എം. ശ്രീധര്‍ ആചാര്യലു വ്യക്തമാക്കി. മന്ത്രിമാരോട് വിവരാവകാശനിയമമനുസരിച്ച് ജനങ്ങള്‍ക്ക് വിവരം തേടാമെന്നും ഇതിനായി ഓഫിസില്‍ പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറെ നിയമിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഇത്തരം ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള നടപടിയെടുക്കാന്‍ സര്‍ക്കാറുകള്‍ക്ക് നിര്‍ദേശവും നല്‍കി.
മുന്‍ കേന്ദ്ര നിയമമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ എന്തുചെയ്യണമെന്ന് ചോദിച്ചുള്ള മഹാരാഷ്ട്ര അഹ്മദ്നഗര്‍ സ്വദേശി ഹേമന്ദ് ദാഗെയുടെ അപ്പീലിലാണ് ഉത്തരവുണ്ടായത്. ജനങ്ങള്‍ തെരഞ്ഞെടുത്ത മന്ത്രിയെ കാണാന്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുത്ത് സമയം ചോദിക്കേണ്ടിവരുന്നത് കഷ്ടമാണെന്ന് ശ്രീധര്‍ ആചാര്യലു അഭിപ്രായപ്പെട്ടു.
ഒൗദ്യോഗിക രഹസ്യവിവരങ്ങള്‍ സൂക്ഷിക്കുമെന്ന സത്യപ്രതിജ്ഞക്കു പകരം സുതാര്യത പുലര്‍ത്തുമെന്ന സത്യപ്രതിജ്ഞ വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാമായണത്തിലെ ശ്രീരാമ രാജാവ് ആവലാതികള്‍ പറയാനത്തെുന്നവര്‍ക്ക് അടിക്കാനായി കൊട്ടാരത്തിനു മുന്നില്‍ മണി സ്ഥാപിച്ചിരുന്നു. മണിയടിക്കുന്നവരുടെ പരാതികള്‍ കേള്‍ക്കാന്‍ ശ്രീരാമന്‍ നേരിട്ടത്തെിയ കാര്യം വിവരാവകാശ കമീഷന്‍ അംഗം ചൂണ്ടിക്കാട്ടി. മന്ത്രിയുമായി കൂടിക്കാഴ്ചക്ക് സംവിധാനമില്ളെങ്കില്‍ അക്കാര്യം നേരിട്ട് പറയേണ്ടിയിരുന്നു. മന്ത്രിമാര്‍ പൊതു അധികാരസ്ഥാപനമാണെന്നും അവര്‍ ഒരു ഓഫിസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ വിവരാവകാശ നിയമത്തില്‍നിന്ന് രക്ഷപ്പെടാനാവില്ളെന്നും ശ്രീധര്‍ ആചാര്യലു വ്യക്തമാക്കി. ഭരണഘടനയനുസരിച്ച് സ്ഥാപിച്ചതാണ് മന്ത്രിയുടെ ഓഫിസ്. ജനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ ആ ഓഫിസ് സൗകര്യമൊരുക്കണം. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ മന്ത്രിമാര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും വിവരാവകാശ കമീഷണര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.