മുഖ്യമന്ത്രിക്ക് കോഴ: സരിതയുടെ ആരോപണം അന്വേഷിക്കണമെന്ന ഹരജി തീര്‍പ്പാക്കി

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ സോളാര്‍ കമീഷനില്‍ പ്രതി സരിത എസ്. നായര്‍ നല്‍കിയ കോഴ ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന ഹരജി ഹൈകോടതി തീര്‍പ്പാക്കി.
 സോളാര്‍ അന്വേഷണ കമീഷന്‍ മുമ്പാകെയുള്ള സരിതയുടെ വിസ്താരം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ഹരജിയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടതില്ളെന്ന ഹരജിഭാഗത്തിന്‍െറ അഭിപ്രായം കണക്കിലെടുത്താണ് ജസ്റ്റിസ് പി. ഉബൈദ് ഹരജി തീര്‍പ്പാക്കിയത്.   അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം ആവശ്യമെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാന്‍ അനുമതി നല്‍കണമെന്ന ഹരജിക്കാരായ, പാലക്കാട് ആസ്ഥാനമായ ആന്‍റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമണ്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സിലിന്‍െറ ആവശ്യം അനുവദിച്ചുകൊണ്ടാണ് സിംഗ്ള്‍ ബെഞ്ച് ഉത്തരവ്.
സോളാര്‍ കമീഷനെ തന്‍െറ താല്‍പര്യങ്ങള്‍ക്ക് സരിത ഉപയോഗിക്കുകയാണെന്നും ഇത് അനുവദിക്കരുതെന്നും കോഴ ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിച്ച് ആരോപണങ്ങള്‍ തെറ്റെങ്കില്‍ വ്യാജമൊഴി നല്‍കിയതിന് ശിക്ഷിക്കണമെന്നുമായിരുന്നു ഹരജിഭാഗത്തിന്‍െറ ആവശ്യം.
 മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് 1.90 കോടിയും വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിന് 40 ലക്ഷവും കോഴ നല്‍കിയെന്നാണ് സരിത നായര്‍ അന്വേഷണ കമീഷന്‍ മുമ്പാകെ മൊഴി നല്‍കിയത്.  എന്നാല്‍, സരിതയുടെ വിസ്താരം പുരോഗമിക്കുകയാണെന്നും ക്രോസ് വിസ്താരം തീര്‍ന്നാല്‍ മാത്രമേ കമീഷന് അന്തിമനിഗമനത്തില്‍ എത്താന്‍ കഴിയൂവെന്നും നേരത്തേ ഹരജി പരിഗണിക്കവെ സര്‍ക്കാര്‍ ഹൈകോടതിയില്‍ വിശദീകരിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.