പാലക്കാട്: ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് ആലത്തൂര്‍ സ്വദേശിയായ യുവാവില്‍നിന്ന് അഞ്ച് ലക്ഷത്തോളം രൂപ തട്ടിയ കേസില്‍ കണ്ണൂര്‍ സ്വദേശിയെ ആലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ കുടപ്പറമ്പ് ആസാദ് റോഡ് സ്വദേശി അന്‍വര്‍ സാജിദാണ് (34) പിടിയിലായത്. ആലത്തൂര്‍ സ്വദേശിക്ക് വാട്‌സ്ആപ്പില്‍ ലഭിച്ച മെസേജ് വഴിയാണ് തട്ടിപ്പിന് തുടക്കം.
ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്‌സ്ആപ് തുടങ്ങിയവ വഴി ആദ്യം ചെറിയ ടാസ്‌ക് നൽകി യുവാവിന് ചെറിയ തുക നൽകി. യു.എസ് ഗോള്‍ഡ് ട്രേഡിങ് നടത്താൻ പണം നിക്ഷേപിച്ചാല്‍ 30 മുതല്‍ 40 ശതമാനം വരെ അധികം പണം നല്‍കാമെന്നായിരുന്നു തട്ടിപ്പ് സംഘത്തിന്റെ അടുത്ത വാഗ്ദാനം. തന്റെയും ബന്ധുക്കളുടെയും കൈവശമുള്ള 5,08000 രൂപ തട്ടിപ്പുകാര്‍ പറഞ്ഞ വിവിധ അക്കൗണ്ടുകളിലേക്കായി അയച്ചുകൊടുത്തു. തിരികെ ഒന്നും ലഭിക്കാതിരിക്കുകയും വീണ്ടും നിക്ഷേപിക്കാന്‍ പ്രലോഭിപ്പിക്കുകയും ചെയ്തതോടെ സംശയം തോന്നിയ യുവാവ് പൊലീസിനെ സമീപിക്കുകയായിരുന്നു.
ആലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ ടി.എന്‍. ഉണ്ണികൃഷ്ണനാണ് അന്വേഷണം നടത്തിയത്. ഒളിവില്‍ പോയ അന്‍വര്‍ സാജിദിനെ കണ്ണൂരില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. വര്‍ഷങ്ങളായി പ്രതി തട്ടിപ്പ് സംഘങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. തമിഴ്‌നാട്, ഗുജറാത്ത്, ജമ്മു കശ്മീര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ പൊലീസ് ഇയാൾക്കായി അന്വേഷണം നടത്തുന്നുണ്ട്. എസ്.ഐ വിവേക് നാരായണന്‍, എസ്.ഐ നൈറ്റ്, എസ്.ഐ സുജികുമാര്‍, സി.പി.ഒമാരായ രാമദാസ്, സുഭാഷ്, ഹരീഷ്, രാജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.