കെ. സുരേന്ദ്രനോ ശോഭ സുരേന്ദ്രനോ സി. കൃഷ്ണകുമാറോ?; പാലക്കാട്ടെ ബി.ജെ.പിയിൽ നെഞ്ചിടിപ്പ്

പാലക്കാട്: സ്ഥാനാർഥിയെ ശനിയാഴ്ച പ്രഖ്യാപിക്കാനിരിക്കെ പാലക്കാട്ടെ ബി.ജെ.പിയിൽ നെഞ്ചിടിപ്പ്. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ, സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാർ എന്നിവരിൽ ആരാകും സ്ഥാനാർഥിയെന്നറിയാനുള്ള കാത്തിരിപ്പിലാണ് മണ്ഡലവും. സ്ഥാനാർഥിയെ ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് പ്രഖ്യാപിക്കുന്നതോടെ മണ്ഡലത്തിലെ ചിത്രം തെളിയും.

സി. കൃഷ്ണകുമാർ സ്ഥാനാർഥിത്വം ഏറെക്കുറെ സുരക്ഷിതമാക്കിയെന്ന് കരുതിയ സമയത്താണ് ശോഭ സുരേന്ദ്രനുവേണ്ടി ഒരു വിഭാഗം വാദിച്ചുതുടങ്ങിയത്. ആർ.എസ്.എസിൽ നിന്നും പാലക്കാട് നഗരസഭ നേതൃനിരയിൽനിന്നും അതിശക്തമായാണ് ശോഭ സുരേന്ദ്രനുവേണ്ടി സമ്മർദം വന്നത്. രാഹുൽ മാങ്കൂട്ടത്തിലും ഡോ. പി. സരിനും വന്നതോടെ മത്സരം കടുക്കുമെന്നുറപ്പിച്ച് കൂടുതൽ സ്വാധീനം ചെലുത്താൻ കഴിയുന്ന സ്ഥാനാർഥി വേണമെന്ന ചിന്തയിലാണ് ബി.ജെ.പി നേതൃത്വം. മാത്രമല്ല, നഗരത്തില്‍ പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന ചില സമുദായങ്ങളെ അനുനയിപ്പിക്കാന്‍ പൊതുസമ്മത സ്ഥാനാര്‍ഥി വേണമെന്ന ആവശ്യവും ശക്തമാണ്. ഇതോടെ കെ. സുരേന്ദ്രനിലേക്ക് സ്ഥാനാര്‍ഥി ചര്‍ച്ചകളെത്തിയതോടെ ശോഭ സുരേന്ദ്രനുവേണ്ടി അവസാന ശ്രമങ്ങൾ നടക്കുന്നുണ്ട്. സംസ്ഥാന തലത്തില്‍ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പായതിനാല്‍ സംസ്ഥാന പ്രസിഡന്റ് തന്നെ മത്സരിക്കട്ടെയെന്ന നിലപാടാണ് കേന്ദ്ര നേതൃത്വത്തിനുമുള്ളത്.

എന്നാൽ, മണ്ഡലത്തിൽ രണ്ടാമത്തെ ശക്തിയായി ഉയര്‍ന്ന ശോഭ സുരേന്ദ്രൻ സ്ഥാനാർഥിയായപ്പോഴുള്ള വോട്ടു ശതമാനമാണ് അവരുടെ പക്ഷം ഉയർത്തിക്കാട്ടുന്നത്. സുരേന്ദ്രന്റെ പരാജയ ട്രാക് റെക്കോഡ് നിരത്തിയും സി. കൃഷ്ണകുമാർ സ്ഥാനാർഥിയായ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടിലുണ്ടായ കുത്തനെയുള്ള കുറവും ചൂണ്ടിക്കാട്ടി ശോഭ സുരേന്ദ്രൻ വിഭാഗം നേതാക്കൾ നേതൃത്വത്തിൽ അവസാന സമ്മർദം ചെലുത്തിവരുകയാണ്.

2011ല്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ബി.ജെ.പി 2016ലും 2021ലും സി.പി.എമ്മിനെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. 2021ല്‍ കുറഞ്ഞ വോട്ടിനാണ് ബി.ജെ.പി സ്ഥാനാര്‍ഥി ഇ. ശ്രീധരന്‍ രണ്ടാം സ്ഥാനത്തായത്. 2016ല്‍ ശോഭ സുരേന്ദ്രനാണ് രണ്ടാം സ്ഥാനത്തെത്തിയിരുന്നത്. 2011ല്‍ ബി.ജെ.പിക്ക് 6.59 ശതമാനം വോട്ട് മാത്രമാണ് കിട്ടിയതെങ്കില്‍, 2021ല്‍ അത് 35.34 ശതമാനമായി. പി. സരിന്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയാകുമ്പോൾ പാര്‍ട്ടി വോട്ടുകളിലെ ചോർച്ച മുതലാക്കാൻ സാധിക്കുന്നയാളാകണം സ്ഥാനാർഥിയെന്ന ചിന്തയും ബി.ജെ.പി നേതാക്കൾ പങ്കുവെക്കുന്നു. കടുത്ത സി.പി.എം വിരോധിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് വോട്ട് നൽകാൻ സി.പി.എം അനുയായികള്‍ മടിക്കുമെന്നതാണ് ഇതിന് അടിസ്ഥാനം.

Tags:    
News Summary - K. Surendran, Shobha Surendran or C. Krishnakumar?; Palakkad BJP candidate will be announced today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.