പശുജീവിതമാണ് എഴുതിയതെങ്കിൽ ബെൻയാമിനെ മേജർ രവി പൂജിച്ചേനെ -എൻ.എസ് മാധവൻ

കൊച്ചി: മേജർ രവിക്കെതിരെ പരിഹാസവുമായി എഴുത്തുകാരൻ എൻ. എസ് മാധവൻ. പശുജീവിതമാണ് ബെൻയാമിൻ എഴുതിയതെങ്കിൽ മേജർ രവി അദ്ദേഹത്തെ പൂജിച്ചേനെയെന്ന് എൻ.എസ് മാധവൻ ട്വീറ്റ് ചെയ്തു. മോഹൻലാലിനെ തെറ്റിദ്ധരിപ്പിക്കുന്നത് മേജർ രവിയാണെന്ന് ബെൻയാമിൻ നേരത്തെ വിമർശിച്ചിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിന് ആരാണ് ബെൻയാമിൻ എന്നും എനിക്ക് അറിയില്ലെന്നുമായിരുന്നു മേജർ രവിയുടെ പ്രതികരണം. ഇതിന് മറുപടിയായാണ് എൻ.എസ് മാധവൻെറ ട്വീറ്റ്.

മേജർ രവിയാൽ തെറ്റിദ്ധരിക്കപ്പെട്ട നടനാണ് മോഹൻലാലെന്നായിരുന്നു ബെൻയാമിൻെറ വിമർശം. രാജ്യസ്നേഹത്തെ പറ്റിയുള്ള ചർച്ചകളിൽ മോഹൻലാൽ നടത്തിയ പ്രതികരണത്തിൻെറ പശ്ചാത്തലത്തിലാണ് 'ആടുജീവിത'ത്തിൻെറ രചയിതാവ് പ്രതികരിച്ചത്. സൈന്യത്തെ ആദരിക്കുന്നതോടൊപ്പം സൈന്യത്തിൻെറ അധികാരത്തിന് പരിധികൾ ഉണ്ടാകേണ്ടതുണ്ട്. പട്ടാളത്തിന് ജനാധിപത്യത്തിന് മേൽ അധികാരമുള്ള രാജ്യങ്ങളിൽ ഭീതിതമായ അവസ്ഥയാണുള്ളതെന്നും ബെൻയാമിൻ പറഞ്ഞിരുന്നു.

ഇതിന് മറുപടിയായി ആരാണീ ബെൻയാമിൻ എന്നായിരുന്നു ഒരു അഭിമുഖത്തിൽ രവിയുടെ പ്രതികരണം. വേറെ ഏതെങ്കിലും വിഷയമായിരുന്നെങ്കിൽ ഇക്കാര്യത്തിൽ ഞാൻ പ്രതികരിക്കില്ലായിരുന്നു. എന്നാൽ മോഹൻലാൽ എന്ന നടനെ ഇതിലേക്ക് വലിച്ചിഴച്ചതാണ് താൻ ഇപ്പോൾ പ്രതികരിക്കുന്നതെന്നും രവി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.