കലാഭവൻ മണിയുടെ സാമ്പിളുകളിൽ മയക്കുമരുന്നിന്‍റെ അംശവും

തൃശൂർ‍: അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ മൂത്രത്തില്‍ മയക്കുമരുന്നിന്‍റെ അംശവും കണ്ടെത്തി. കഞ്ചാവിന്‍റെയും കറുപ്പിന്‍റെയും സാന്നിധ്യമാണ് മൂത്ര സാമ്പിളില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥരീകരിച്ചത്.  മണി മരിക്കുന്നതിന് മുമ്പ് കഞ്ചാവ് ഉപയോഗിച്ചിരുന്നു എന്നാണ് പരിശോധനാഫലത്തില്‍ നിന്ന് ഊഹിക്കേണ്ടത്. ഏതെങ്കിലും മരുന്ന് ഉപയോഗിച്ചതില്‍ നിന്നാണോ കറുപ്പിന്‍റെ സാന്നിധ്യമെന്നറിയാൻ കൂടുതൽ പരിശോധന വേണ്ടിവരും. കൊച്ചിയിലെ ആശുപത്രിയിൽ ശേഖരിച്ചിരുന്ന മണിയുടെ രക്തത്തിന്‍റെയും മൂത്രത്തിന്‍റെയും സാമ്പിളുകൾ പൊലീസ് വീണ്ടും പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്.

കലാഭവന്‍ മണിയുടെ ഔട്ട്ഹൗസായ പാടിയില്‍ രാത്രിയിൽ നടന്ന മദ്യസല്‍ക്കാരത്തിനിടെയല്ല, പിറ്റേദിവസം പുലര്‍ച്ചെയാകാം കീടനാശിനി  ശരീരത്തില്‍ എത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം. മണിയുടെ അടുത്ത സുഹൃത്തുക്കളായ അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇവരാണ് അവസാന നിമിഷങ്ങളിൽ മണിക്കൊപ്പമുണ്ടായിരുന്നത്.

അതേസമയം, നടൻ കലാഭവൻ മണി കടുത്ത നിരാശയിലായിരുന്നുവെന്ന് സഹായികൾ മൊഴി നൽകിയതായി സൂചനയുണ്ട്. കരൾ രോഗബാധ അദ്ദേഹത്തിന് ഏറെ സംഘർമുണ്ടായക്കിയതായും റിപ്പോർട്ടുണ്ട്. മറ്റ് ജോലി അന്വേഷിക്കണമെന്ന് സഹായികളോട് അദ്ദേഹം പലപ്പോഴും പറഞ്ഞിരുന്നുവെന്നും ഇവർ പൊലീസിനോട് പറഞ്ഞു.

മണിയുടെ ഒട്ട് ഹൗസിലെ പറമ്പിൽ നിന്ന് ലഭിച്ച ടിന്നുകളിൽ ഉണ്ടായിരുന്നത് മണിയുടെ ശരീരത്തിൽ കണ്ടെത്തിയ ക്ലോർപൈറിഫോസ് കീടനാശിനി ആണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇത് പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. മണിയുടെ ഔട്ട് ഹൗസായ പാടിയിലെ കുഴിയിൽ നിന്നു ലഭിച്ച കുപ്പികളിൽ ഉണ്ടായിരുന്നത് മേക്കപ്പ് സാമഗ്രികളാണെന്നാണ് കരുതുന്നു.

മാര്‍ച്ച് നാലാം തിയതി രാത്രി എട്ടുമുതല്‍ പന്ത്രണ്ടുവരെയായിരുന്നു പാടിയില്‍ മദ്യ സല്‍ക്കാരം നടന്നത്. പിറ്റേദിവസം രാവിലെയാണ് മണി അവശനിലയിലായത്. കീടനാശിനി ശരീരത്തില്‍ കടന്നാലുടന്‍ ഛര്‍ദ്ദിയും മറ്റും സംഭവിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അന്ന് രാവിലെ ഏഴിനും എട്ടിനും ഇടയിലാണ് മണി ഛര്‍ദ്ദിച്ച് അവശനാവുന്നത്. അതിനാല്‍ സല്‍ക്കാരത്തിന് ശേഷം പിറ്റേദിവസം രാവിലെ നാലിനും എട്ടിനും ഇടയിലായിരിക്കാം വിഷാംശം ഉള്ളില്‍ കടന്നതെന്നാണ് പോലീസ് കരുതുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.