ബെന്നി ബഹനാന് അഞ്ച് ലക്ഷം നൽകിയെന്ന് സരിത

കൊച്ചി: പാര്‍ട്ടി പ്രവര്‍ത്തന ഫണ്ടിലേക്കെന്ന പേരില്‍ ബെന്നി ബെഹനാന് അഞ്ച് ലക്ഷം രൂപ നല്‍കിയത് 2012 ഓഗസ്റ്റിലെന്ന് സരിത എസ്. നായര്‍. രേഖകള്‍ പരിശോധിച്ച് പണം നല്‍കിയ കൃത്യമായ തീയതി കമീഷനെ അറിയിക്കും. ഇത്രയും തുക കൈവശമുണ്ടായിരുന്നെന്ന് തെളിയിക്കുന്ന രേഖകള്‍ കമീഷനില്‍ നല്‍കിയിട്ടുണ്ടെന്നും ബെന്നി ബെഹനാന്‍െറ അഭിഭാഷകന്‍ രാജു ജോസഫ് നടത്തിയ ക്രോസ് വിസ്താരത്തില്‍ സരിത വ്യക്തമാക്കി.

2012 മുതല്‍ ബെന്നി ബെഹനാനെ അറിയാം. കാക്കനാട് താന്‍ താമസിച്ചിരുന്ന വീടിനു സമീപമാണ് അദ്ദേഹം താമസിച്ചിരുന്നത്. അക്കാലത്ത് തന്‍െറ വീട്ടിലും വന്നിട്ടുണ്ട്. അറസ്റ്റിലാകുന്നതിന് മുമ്പ് പാര്‍ട്ടി ഫണ്ട് സംബന്ധിച്ച കാര്യങ്ങള്‍ക്കും ജയിലില്‍ നിന്നിറങ്ങിയതിനുശേഷം കേസുമായും സാമ്പത്തിക ഇടപാടുകളുമായും ബന്ധപ്പെട്ട് നിരവധി തവണ അങ്ങോട്ടുമിങ്ങോട്ടും വിളിച്ചിട്ടുണ്ട്. 2012 ഓഗസ്റ്റിനുശേഷമാണ് ബെന്നി ബെഹനാന് പാര്‍ട്ടി പ്രവര്‍ത്തന ഫണ്ടിലേക്കെന്ന നിലയില്‍ അഞ്ച് ലക്ഷം രൂപം കൊടുത്തത്. ഇത്രയും തുക കൈവശമുണ്ടായിരുന്നെന്ന് തെളിയിക്കുന്നതിനായി കമ്പനിയുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ് ഉള്‍പ്പെടെ രേഖകള്‍ കമീഷന് സമര്‍പ്പിച്ചിട്ടുണ്ട്. ചെമ്പുമുക്കില്‍ ട്രാന്‍സ്ഫോര്‍മര്‍ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് തുക കൈമാറിയത്. കൃത്യമായ തീയതി ഇപ്പോള്‍ ഓര്‍ക്കുന്നില്ല. രേഖകള്‍ പരിശോധിച്ച് അക്കാര്യം കമീഷനെ അറിയിക്കാം.

അമ്മയുടെ ഫോണിലേക്കാണ് ബെന്നി ബെഹനാന്‍ വിളിച്ചിരുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നും പറഞ്ഞിരുന്നു. ഫോണ്‍ സംഭാഷണത്തിന്‍െറ ശബ്ദരേഖ ഓപ്പണ്‍ കോര്‍ട്ടിലും മുദ്രവെച്ച കവറിലുമായി കമീഷന് നല്‍കിയിട്ടുണ്ട്. അവ പരിശോധിച്ചാല്‍ സത്യം ബോധ്യപ്പെടും.  2013 മുതല്‍ 2016വരെയുള്ള അമ്മയുടെ ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചാലും മനസിലാക്കാം. ആവശ്യമെങ്കില്‍ ബെന്നി ബെഹനാനുമായി സംസാരിച്ച മൊബൈല്‍ ഫോണുകള്‍ കമീഷനില്‍ ഹാജരാക്കാന്‍ തയാറാണ്. പാര്‍ട്ടി ഫണ്ടിലേക്കെന്ന് പറഞ്ഞ് പല നേതാക്കളും പണം വാങ്ങിയിട്ടുണ്ട്. അതിന്‍െറ തെളിവുകള്‍ ശേഖരിച്ചുവരികയാണ്. ലഭിക്കുന്ന മുറക്ക് കമീഷനില്‍ സമര്‍പ്പിക്കും.  

പത്തനംതിട്ട ജുഡിഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ വഞ്ചനാകുറ്റത്തിന് കേസുണ്ടായിരുന്നു. കേസില്‍ 45 ലക്ഷം കെട്ടിവെക്കാന്‍ വിധിച്ചിരുന്നു. എന്നാല്‍ ആ സമയം കൈയില്‍ ആവശ്യത്തിന് കാശില്ലാതിരുന്നതിനാല്‍ ഇതിനെതിരെ ഹൈകോടതിയില്‍ ഹര്‍ജി നല്‍കി. ഈമാസം അഞ്ചിന് തുക അടച്ചു. സുഹൃത്തുക്കളില്‍ നിന്നും കനാലി, സഫാരി, കുന്തി, വയ്യാവേലി, അഹല്യാപുരി എന്നിങ്ങനെ സിനിമകളില്‍ നിന്നുമായി നാലഞ്ച് മാസം കൊണ്ട് സ്വരൂപിച്ച പണമാണ് കോടതിയില്‍ അടച്ചത്. കമീഷനില്‍ മൊഴി നല്‍കാന്‍ തുടങ്ങിയശേഷം അബ്കാരികളുമായോ പ്രതിപക്ഷ പ്രസ്ഥാനങ്ങളുടെ നേതാക്കളുമായോ ഫോണിലോ അല്ലാതെയോ ബന്ധപ്പെടാറുണ്ടായിരുന്നോയെന്ന ചോദ്യത്തിന് ഇല്ളെന്നും സരിത മൊഴി നല്‍കി.

ഉത്തമവിശ്വാസത്തോടെയും സത്യസന്ധവുമായ മൊഴികളാണ് കമീഷന്‍ മുമ്പാകെ നല്‍കിയിട്ടുള്ളത്. സര്‍ക്കാറിനെതിരെയല്ല മൊഴി. താനുമായും കേസുമായും ബന്ധപ്പെട്ട വ്യക്തികള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് മൊഴികള്‍. ഇവര്‍ മുഖാന്തരം ഉണ്ടായ കഷ്ടനഷ്ടങ്ങളും അനുഭവങ്ങളും മാത്രമാണ് കമീഷന്‍ മുമ്പാകെ ബോധിപ്പിച്ചിട്ടുള്ളത്. മൊഴി നല്‍കുന്നതിന് മറ്റാരുടെയെങ്കിലും പ്രേരണയോ പിന്തുണയോ ആവശ്യമുണ്ടെന്ന് തോന്നിയിട്ടില്ളെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍െറ ചോദ്യത്തിന് മറുപടിയായി സരിത വ്യക്തമാക്കി.

അതേസമയം മുഖ്യമന്ത്രിയുടെ ഓഫിസിലെ ലാന്‍ഡ് ഫോണ്‍ രേഖകള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി.ആര്‍ അജിത് കുമാര്‍ കമീഷനില്‍ ഹര്‍ജി നല്‍കി. സരിതയുടെ സ്വകാര്യ ഡയറി, 2013 ജനുവരി 22 ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ സരിതയുടെ മൊബൈല്‍ ഫോണുകളുടെ ടവര്‍ ലൊക്കേഷന്‍, ടെന്നി ജോപ്പന്‍െറ ഇ-മെയിലില്‍ നടത്തിയിട്ടുള്ള ഇടപാടുകള്‍ എന്നിവ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടും ഹര്‍ജി നല്‍കിയിട്ടുണ്ട്. ഹര്‍ജികള്‍ 28ന് പരിഗണിക്കും.

കമീഷനില്‍ നല്‍കിയിരിക്കുന്നത് ഫില്‍റ്റര്‍ ചെയ്ത ഫോണ്‍ രേഖകള്‍ -സരിത

പൊലീസ് സോളാര്‍ കമീഷനില്‍ നല്‍കിയിരിക്കുന്നത് ഫില്‍റ്റര്‍ ചെയ്ത ഫോണ്‍ രേഖകളെന്ന് സരിത. കഴിഞ്ഞ കുറച്ചുനാള്‍ മുമ്പ് വരെ താന്‍ ബെന്നി ബെഹനാന്‍ എം.എല്‍.എയുമായി സംസാരിച്ചിരുന്നു. താന്‍ ജയിലില്‍ നിന്നിറങ്ങിയശേഷം ഉപയോഗിച്ച മൂന്ന് നമ്പറുകളുടെയും വിശദമായ കോള്‍ രേഖകള്‍ കമീഷനില്‍ ഹാജരാക്കണം. എങ്കില്‍ മാത്രമേ സത്യം പുറത്തുവരൂ. താന്‍ നല്‍കിയ മൊഴി സത്യമാണോ എന്ന് അപ്പോള്‍ മനസിലാകും. അതിനായി കമീഷനില്‍ പരാതി നല്‍കുമെന്നും മൊഴി നല്‍കിയശേഷം സരിത മാധ്യമങ്ങളോട് പറഞ്ഞു.

കമീഷന്‍ നടപടികളെ വിമര്‍ശിക്കാനോ തെറ്റുപറയാനോ താന്‍ ആളല്ല. കമീഷന്‍ നടപടികള്‍ മൂലം വളരെ ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. വരുമാന മാര്‍ഗം ഇല്ലാതാകുന്നു. തനിക്കെതിരേ കേസുകളുള്ള കോടതിയിലും സമയത്തിന് ഹാജരാകേണ്ടതുണ്ട്. വ്യക്തിപരമായ കാരണങ്ങളാലാണ് കഴിഞ്ഞ ദിവസങ്ങളില്‍ കമീഷനു മുമ്പാകെ ഹാജരാകാതിരുന്നത്. മന്ത്രിമാരും എം.എല്‍.എമാരും ഉള്‍പ്പെടെ നിരവധി രാഷ്ട്രീക്കാര്‍ക്ക് കമീഷന്‍ നോട്ടീസ് അയച്ചെങ്കിലും അവരാരും മൊഴി നല്‍കാനത്തെിയിട്ടില്ല. താന്‍ സത്യസന്ധമായി കാര്യങ്ങള്‍ പറഞ്ഞിട്ടും കമീഷന്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തില്‍ മടുത്തു പോയി. കമീഷനില്‍ വിശ്വാസക്കുറവില്ല. എന്നാല്‍ ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തേണ്ട സമയത്ത് ബോധ്യപ്പെടുത്താന്‍ കമീഷന് കഴിയുന്നില്ല. അഴിമതിക്കാരെയും കള്ളപ്പണക്കാരെയും ബോധ്യപ്പെടുത്താന്‍ കമീഷന് കഴിയുമായിരുന്നു. എന്നാലത് ചെയ്തില്ല. അതില്‍ എന്തെങ്കിലും ഗൂഢാലോചന ഉണ്ടെന്ന് കരുതുന്നില്ളെന്നും സരിത കൂട്ടിച്ചേര്‍ത്തു. നീതി വൈകുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്ന് മൊഴി നല്‍കാനത്തെിയപ്പോള്‍ സരിത മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.