വിജിലൻസിനെ വിവരാവകാശത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ചു

തിരുവനന്തപുരം: വിജിലൻസിനെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കി പുറത്തിറക്കിയ വിജ്ഞാപനം പിൻവലിക്കാൻ സർക്കാർ തീരുമാനം. ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. ജനുവരി  18ന് പൊതുഭരണവകുപ്പാണ് ഉത്തരവ് പുറത്തിറക്കിയത്.

സർക്കാർ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നിരുന്നത്. മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവരെക്കുറിച്ചുള്ള വിജിലന്‍സ് അന്വേഷണം വിവരാവകാശ നിയമത്തില്‍നിന്ന് എടുത്തുകളഞ്ഞുവെന്നാണ് പുതിയ ഉത്തരവിനെക്കുറിച്ച് ആരോപണം ഉയര്‍ന്നിരുന്നത്. കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരൻ, പ്രതിപക്ഷനേതാവ് വി.എസ് അച്യുതാന്ദൻ എന്നിവർ ഉത്തരവിനെ എതിർത്തിരുന്നു. ഇതോടെ ഉത്തരവ് പരിശോധിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

ഇതിനായി ഉദ്യോഗസ്ഥരില്‍നിന്ന് റിപ്പോര്‍ട്ട് തേടി. തിങ്കളാഴ്ചത്തെ പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ ഇതിനായി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയിരുന്നു. മന്ത്രിസഭായോഗത്തില്‍ മുഴുവന്‍ മന്ത്രിമാരും ഇല്ലാതിരുന്നതിനാല്‍ തീരുമാനമെടുക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

എന്നാൽ, ഉന്നതര്‍ക്കെതിരെ പരാതിപ്പെടുന്നവര്‍ പീഡിപ്പിക്കപ്പെടുന്ന സാഹചര്യത്തില്‍ അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടികളാണ് നിര്‍ദേശിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതുസംബന്ധിച്ച് തെറ്റായ വ്യാഖ്യാനമാണ് പുറത്തുവന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.  

അതേസമയം, തെരഞ്ഞെടുപ്പിൽ മൽസരിക്കാതെ പിന്മാറേണ്ടവർക്ക് പിന്മാറാമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. മൽസരിക്കുന്നവരും പാർട്ടിയുമാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ഒരാളെ നിർബന്ധിപ്പിച്ചു മൽസരിപ്പിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ മൽസര രംഗത്തുനിന്നു പിന്മാറുകയാണെന്ന് ടി.എൻ.പ്രതാപൻ നേരത്തെ കെ.പി.സി.സിയെ അറിയിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.