മണിയുടെ മരണം: കീടനാശിനി ഉള്ളിൽ ചെന്നിട്ടില്ലെന്ന് ഡോക്ടർമാർ

കൊച്ചി: അന്തരിച്ച നടന്‍ കലാഭവന്‍ മണി വിഷം ഉള്ളിൽ ചെന്നതിന്‍റെ യാതൊരു ലക്ഷണവും പ്രകിടിപ്പിച്ചിരുന്നില്ലെന്ന് ചികിത്സിച്ച ഡോക്ടർമാരുടെ മൊഴി.  
മണിയെ ചികിത്സിച്ച ഡോക്ടര്‍മാരില്‍ നിന്നും ലാബ് ജീവനക്കാരില്‍ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു. അബോധാവസ്ഥയിലായ ദിവസവും മണി പതിവ് മരുന്നുകൾ കഴിച്ചിരുന്നു. കീടനാശിനി കഴിച്ചതിന്‍റെ ലക്ഷണങ്ങളില്ലായിരുന്നുവെന്നും എന്നാൽ രക്തത്തില്‍ മീഥൈല്‍ ആല്‍ക്കഹോള്‍ കലര്‍ന്നിരുന്നുവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കാക്കനാട്ടെ മേഖലാ കെമിക്കല്‍ അനലൈസേഴ്സ് ലാബില്‍ നടത്തിയ പരിശോധനയില്‍ മെഥനോളിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നുവെങ്കിലും മരണത്തിന് കാരണമാകുന്ന അളവിൽ ഇല്ലായിരുന്നുവെന്നാണ് റിപ്പോർട്ട്.  കീടനാശിനിയായ ക്ലോര്‍പൈറിഫോസിന്‍റ അളവ് താരതമ്യേന കൂടുതലായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

കീടനാശിനി ഉള്ളിലെത്തിയാൽ രൂക്ഷമായ ഗന്ധമുണ്ടാകും. മണിയെ ആശുപത്രിയിൽ കൊണ്ടുപോകും മുൻപ് പരിശോധിച്ച ഡോക്ടറും ചികിൽസിച്ച അമൃത ആശുപത്രിയിലെ ഡോക്ടർമാരും ഈ ഗന്ധമുണ്ടായിരുന്നില്ലെന്നാണ് അറിയിച്ചിട്ടുള്ളത്. ഇൻക്വസ്റ്റ് തയാറാക്കിയ പൊലീസ് ഉദ്യോഗസ്ഥരും പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരുടെ സംഘവും കീടനാശിനിയുടെ ഗന്ധം ഉണ്ടായിരുന്നില്ലെന്ന് പറയുന്നു. മണിയെ ചികിൽസിച്ച അമൃത ആശുപത്രിയിൽ നടത്തിയ ടോക്സിക്കോളജി പരിശോധനയിലും കീടനാശിനി അകത്തു ചെന്നതായി സൂചനയില്ല. മദ്യത്തിനൊപ്പം സാലഡും ബദാം, കശുവണ്ടി പോലുള്ള പരിപ്പ് വര്‍ഗങ്ങളും കഴിച്ചതുവഴിയും കീടനാശിനി കരളിൽ അടിഞ്ഞുകൂടാൻ സാധ്യതയുണ്ടെന്നും  ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.

റിപ്പോർട്ടുകളും മൊഴികളും തമ്മിലുള്ള വൈരുധ്യങ്ങള്‍ മൂലം മണിയുടെ രക്തത്തിന്‍റെയും ആന്തരികാവയവങ്ങളുടെയും സാമ്പിളുകള്‍ ഹൈദരാബാദിലെ സെന്‍ട്രല്‍ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് വിദഗ്ധ പരിശോധനക്ക് അയക്കാനുള്ള ആലോചനയിലാണ് പൊലീസ്. കേന്ദ്ര ലാബിലെ പരിശോധനാ ഫലത്തിന് കാത്തിരിക്കാനും അന്വേഷണ സംഘം തീരുമാനിച്ചു.

അതേസമയം, കലാഭവന്‍ മണിയുടെ പോസ്റ്റ് മോര്‍ട്ടത്തിന്‍റെ സമ്പൂര്‍ണ റിപ്പോര്‍ട്ട് ഇന്നലെ രാത്രി പൊലീസിന് ലഭിച്ചു. ഗുരുതരമായ കരള്‍ രോഗവും ആന്തരിക രക്തസ്രാവവും കിഡ്‌നി തകരാറുമാണ് മരണകാരണമായതെന്നാണ് റിപ്പോർട്ട്.

അന്വേഷണങ്ങളും പരിശോധനകളും വിരൽ ചൂണ്ടുന്നത് കലാഭവൻ മണിയുടേതു സ്വാഭാവിക മരണമായിരിക്കാമെന്ന നിഗമനത്തിലേക്കാണ്. മരണം അന്വേഷിക്കുന്ന സംഘത്തിന് സംശയകരമായതൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. കേസിൽ ഇരുന്നൂറോളം പേരെ ചോദ്യം ചെയ്തെങ്കിലും ആത്മഹത്യയോ കൊലപാതകമോ ആകാനുള്ള സാധ്യത നിരാകരിക്കുന്ന മൊഴികളാണ് ഇതുവരെ പൊലീസിന് ലഭിച്ചത്.

അന്വേഷണസംഘം ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. മണിയുടെ മരണത്തിലേക്ക് നയിച്ച എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന്  ക്രൈംബ്രാഞ്ച് എസ്.പി. പി.എന്‍. ഉണ്ണിരാജന്‍, ഡിവൈ.എസ്.പി. കെ.എസ്. സുദര്‍ശന്‍ എന്നിവർ പറഞ്ഞു. അന്തിമ നിഗമനത്തിലെത്താൻ ആന്തരികാവയവങ്ങളുടെ പുനഃപരിശോധനാ റിപ്പോർട്ട് വരുന്നതു വരെ കാത്തിരിക്കുകയാണ് പൊലീസ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.