സുധീരനെതിരെ കൂട്ട പരാതി; രാഹുല്‍ ഇടപെട്ടു

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാക്കള്‍ക്കിടയിലുണ്ടായ കടുത്ത അഭിപ്രായ ഭിന്നതമൂലം കോണ്‍ഗ്രസിലെ സീറ്റു നിര്‍ണയ ചര്‍ച്ച വഴിമുട്ടി. ഘടകകക്ഷികളുമായി ഏതാനും സീറ്റിന്‍െറ കാര്യത്തില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ചയും മുടങ്ങി. ഇതേതുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട ഹൈകമാന്‍ഡ്, അടിയന്തര പോംവഴി കാണാന്‍ മുതിര്‍ന്ന എ.ഐ.സി.സി നേതാക്കളെ നിയോഗിച്ചു.

വെള്ളിയാഴ്ച രാവിലെ നടത്താനിരുന്ന സ്ക്രീനിങ് കമ്മിറ്റിയുടെ അടുത്ത യോഗം ഒരു ദിവസം നേരത്തെയാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച പാര്‍ട്ടി അധ്യക്ഷ സോണിയഗാന്ധിയുടെ അധ്യക്ഷതയില്‍ കേന്ദ്ര തെരഞ്ഞെടുപ്പു സമിതി യോഗവും നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ ഒരു വശത്തും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുവശത്തുമായി നില്‍ക്കുന്ന പ്രതിസന്ധി തീര്‍ക്കാന്‍ പോംവഴി തെളിഞ്ഞിട്ടില്ല. വ്യാഴാഴ്ച രാവിലെ സ്ക്രീനിങ് കമ്മിറ്റിയുടെ  ഒറ്റ സിറ്റിങ്ങില്‍ പ്രശ്നങ്ങള്‍ക്ക് തീര്‍പ്പുണ്ടാവില്ളെന്ന് വ്യക്തം.

 49 പേരുകള്‍ സ്ക്രീനിങ് കമ്മിറ്റി അംഗീകരിച്ചെങ്കിലും കോണ്‍ഗ്രസിന് ബാക്കിയുള്ള 33 സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പാനല്‍ തയാറാക്കുന്ന ജോലി മുന്നോട്ടുനീക്കാന്‍ കഴിയാത്തവിധമാണ് മുതിര്‍ന്ന നേതാക്കള്‍ക്കിടയിലെ അഭിപ്രായവ്യത്യാസം മറനീക്കിയത്. ഘടകകക്ഷികളുമായുള്ള സീറ്റു ചര്‍ച്ചയും മന്ത്രിസഭാ യോഗവും റദ്ദാക്കി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഡല്‍ഹിയില്‍ തങ്ങുന്ന അസാധാരണ സാഹചര്യമാണുണ്ടായത്.

കടുത്ത ആരോപണം നേരിടുന്ന മന്ത്രിമാരെയും പുതുതലമുറക്ക് പതിറ്റാണ്ടുകളായി വഴിമുടക്കി നില്‍ക്കുന്ന ഏതാനും നിരന്തര സ്ഥാനാര്‍ഥികളെയും മാറ്റിനിര്‍ത്തണമെന്ന മാനദണ്ഡത്തില്‍ ഉറച്ചുനില്‍ക്കുന്ന കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനെതിരെ ഗ്രൂപ്പു ഭേദമില്ലാതെ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ഹൈകമാന്‍ഡില്‍ പരാതിപ്പെട്ടിരിക്കുകയാണ്.

കേരളത്തിലേക്ക് പോകാന്‍ ഡല്‍ഹി വിമാനത്താവളം വരെയത്തെിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യാത്ര റദ്ദാക്കി കേരള ഹൗസിലേക്ക് മടങ്ങുന്നതാണ് ബുധനാഴ്ച രാവിലെ കണ്ടത്. വിമാനം വൈകിയതുകൊണ്ടാണ് യാത്ര മാറ്റിയതെന്ന വിശദീകരണമാണ് ആദ്യമുണ്ടായത്. എന്നാല്‍, പിന്നീട് ഉമ്മന്‍ ചാണ്ടി മുതിര്‍ന്ന എ.ഐ.സി.സി നേതാവ് ഗുലാംനബി ആസാദ്, കേരളത്തിന്‍െറ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് എന്നിവരെക്കണ്ട് ദീര്‍ഘനേരം ചര്‍ച്ചനടത്തി. തുടര്‍ന്ന് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.

ആരോപണം നേരിടുന്ന മന്ത്രിമാരായ അടൂര്‍ പ്രകാശ്, കെ. ബാബു, ഇരിക്കൂറില്‍ യുവാക്കളുടെ കടുത്ത എതിര്‍പ്പു നേരിടുന്ന മന്ത്രി കെ.സി. ജോസഫ്, സരിതകേസില്‍ ആരോപിത പട്ടികയിലുള്ള ബെന്നി ബഹനാന്‍, പാറശ്ശാലയില്‍ പാര്‍ട്ടിക്ക് അനഭിമതനായിമാറിയ എ.ടി. ജോര്‍ജ് എന്നിവരെ മാറ്റിനിര്‍ത്തി മെച്ചപ്പെട്ട പ്രതിച്ഛായയോടെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലിറങ്ങണമെന്നാണ് സുധീരന്‍െറ ആവശ്യം.

ഇടം-വലം കൈകളായി പ്രവര്‍ത്തിച്ചുവരുന്ന നേതാക്കളെ ഒഴിവാക്കാന്‍ അനുവദിക്കില്ളെന്ന വാശിയിലാണ് ഉമ്മന്‍ ചാണ്ടി. ആരോപണം വിഷയമാക്കുന്നുവെങ്കില്‍ താനും മാറിനില്‍ക്കാന്‍ തയാറാണെന്ന് അദ്ദേഹം എ.ഐ.സി.സി നേതൃത്വത്തെ അറിയിച്ചു.

ഉമ്മന്‍ ചാണ്ടിക്കു പിന്നാലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും രാഹുല്‍ അടക്കമുള്ള നേതാക്കളെ കണ്ടു. സ്വന്തം നിലപാട് വിശദീകരിക്കുന്നതിന് വി.എം. സുധീരന്‍ രാവിലെയും ഉച്ചതിരിഞ്ഞുമായി രണ്ടുവട്ടം രാഹുലിനെ കണ്ടു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമായി അടച്ചിട്ട മുറിയില്‍ എ-ഐ ഗ്രൂപ് നേതാക്കളുടെ ചര്‍ച്ചകള്‍ പലവട്ടം നടന്നു. അതേസമയം, കേരള ഹൗസിലെ വ്യത്യസ്ത മുറികളില്‍ തങ്ങുകയായിരുന്ന ഉമ്മന്‍ ചാണ്ടിയും സുധീരനും പരസ്പരം കാണാന്‍ കൂട്ടാക്കിയില്ല.

ഡല്‍ഹിയിലുള്ള എ.കെ. ആന്‍റണിയുമായും മുതിര്‍ന്ന നേതാക്കള്‍ വെവ്വേറെ കൂടിക്കാഴ്ചകള്‍ നടത്തി. എന്നാല്‍, വിഷയത്തില്‍ തല്‍ക്കാലം ഇടപെടില്ളെന്ന സമീപനമാണ് ആന്‍റണി സ്വീകരിച്ചത്. വൈകീട്ട് നാലോടെ രമേശ് ചെന്നിത്തല മധ്യസ്ഥന്‍െറ റോളില്‍ സുധീരനെ മുറിയില്‍ചെന്നു കണ്ടതോടെയാണ് പിരിമുറുക്കം അല്‍പം അയഞ്ഞത്. നിലപാടുകളില്‍ പരസ്പരം വിട്ടുവീഴ്ചചെയ്ത് മുന്നോട്ടുപോകാനുള്ള വഴിയിലാണ് നീക്കങ്ങള്‍ പുരോഗമിക്കുന്നത്. എന്നാല്‍, അതിന് വ്യക്തത വന്നിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.