ബി.ഡി.ജെ.എസ് വഴി സി.പി.എം-ബി.ജെ.പി വോട്ട് കച്ചവടമെന്ന് സുധീരന്‍

തിരുവനന്തപുരം: ബി.ഡി.ജെ.എസ് വഴി സി.പി.എം ബി.ജെ.പിയുമായി രഹസ്യ വോട്ട് കച്ചവടം നടത്തുകയാണെന്നു കെ.പി.സി.സി അധ്യക്ഷൻ വി.എം. സുധീരന്‍. കണിച്ചുകുളങ്ങര ദേവസ്വം തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശനെ സി.പി.എം സഹായിച്ചതിന് പ്രത്യുപകാരമാണ് ഇത്. ന്യൂനപക്ഷ വോട്ടുകൾ വഴിതിരിക്കാന്‍ കോണ്‍ഗ്രസ്-ബി.ജെ.പി ബന്ധമെന്ന പച്ചക്കള്ളം സി.പി.എം പ്രചരിപ്പിക്കുകയാണെന്നും സുധീരന്‍ പറഞ്ഞു.

കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ സഖ്യമുണ്ടെന്ന് കള്ള പ്രചാരണം നടത്തുകയാണ്. ഇത് സി.പി.എമ്മിന്‍റെ ഗീബല്‍സിയന്‍ തന്ത്രമാണ്. സി.പി.എം ഇപ്പോള്‍ മാര്‍ക്സിനെ കൈവിട്ട് ഗീബല്‍സിനെ ആചാര്യനാക്കുകയാണ്. ബി.ജെ.പിയും അവരുടെ പൂര്‍വ സംഘടനയായ ഭാരതീയ ജനസംഘവുമായി നേരത്തെ തന്നെ സി.പി.എമ്മിന് ബന്ധമുണ്ട്. ആ ബന്ധം കൃത്യമായി സ്വന്തം അണികളോട് പോലും വിശദീകരിക്കാനാവാത്ത അവസ്ഥയിലാണ് അവർ. കേരളം ചോരകളമാക്കാനുളള ശ്രമമാണ് സി.പി.എമ്മും ബി.ജെ.പിയും നടത്തി കൊണ്ടിരിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.

കേരളത്തിലെ ജനങ്ങളുടെ സമാധാന അന്തരീക്ഷത്തിന് ബി.ജെ.പിയുടെ വര്‍ഗീയതയും സി.പി.എമ്മിന്‍റെ അക്രമ രാഷ്ട്രീയവും ഭീഷണിയാണ്. ഇതിനെ യു.ഡി.എഫ് ശക്തമായി നേരിടും. ഇരുപാര്‍ട്ടികളും ആയുധങ്ങള്‍ വാരിക്കൂട്ടുകയാണ്. നാദാപുരത്ത് നടന്ന ബോംബ് സ്ഫോടനത്തില്‍ ബി.ജെ.പിക്കും സി.പി.എമ്മിനും തുല്യമായ പങ്കുണ്ടെന്നും സുധീരൻ ആരോപിച്ചു.

കോഴിക്കോട് ഡി.സി.സി അധ്യക്ഷൻ കെ.സി അബുവിന്‍റേത് ഒരിക്കലും നടത്താൻ പാടില്ലായിരുന്ന പരാമർശമെന്ന് സുധീരൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷന്‍റെ ഉത്തരവ് കൂടി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.