തൊടുപുഴ: ഉടുമ്പന്‍ചോല മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും മുതിര്‍ന്ന സി.പി.എം നേതാവുമായ എം.എം. മണിയെ പരസ്യമായി ആക്ഷേപിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രാജാക്കാട്ട് പുനര്‍നിര്‍മിച്ച ശ്രീമഹാദേവ ക്ഷേത്രത്തിന്‍െറ പ്രതിഷ്ഠാ മഹോത്സവ ചടങ്ങില്‍ ഞായറാഴ്ച വൈകുന്നേരമാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശം അതിരുവിട്ടത്. എം.എം. മണിയൊന്നും നിയമസഭയിലേക്ക് പോകേണ്ടയാളല്ലെന്നും പൂരപ്പറമ്പിലേക്ക് പോകേണ്ടയാളാണെന്നും പറഞ്ഞ വെള്ളാപ്പള്ളി നടേശന്‍ അദ്ദേഹത്തെ കരിങ്കുരങ്ങിനോട് ഉപമിക്കുകയായിരുന്നു.
കോഴിക്കോട് മാന്‍ഹോളില്‍ കുരുങ്ങിയ ഇതരസംസ്ഥാന തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ ജീവന്‍ നഷ്ടപ്പെട്ട നൗഷാദിനെ സമത്വ മുന്നേറ്റ യാത്രക്കിടെ ആലുവയില്‍ പരസ്യമായി അപമാനിച്ച വെള്ളാപ്പള്ളിയുടെ പ്രസംഗം വിവാദമായിരുന്നു. തുടര്‍ന്ന് മതവിദ്വേഷം പ്രചരിപ്പിച്ചതിന് വെള്ളാപ്പള്ളിക്കെതിരെ കേസെടുത്തിരുന്നു.
കരിങ്കുരങ്ങിന്‍െറ നിറമുള്ള മണിയെ വിജയിപ്പിക്കണമോയെന്ന് ഈഴവ സമുദായം ആലോചിക്കണമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആഹ്വാനം. ക്ഷേത്രാങ്കണത്തില്‍ വരാനും ഭക്തരോട് വോട്ട് ചോദിക്കാനും കരിംഭൂതത്തിന്‍െറ നിറമുള്ള മണിക്ക് എന്തവകാശമെന്ന പരിഹാസവുമുണ്ടായി.
ആലുവയിലെ പോലെ നേതാവിന്‍െറ പ്രസംഗം കേട്ട് ചില അണികള്‍ കൈയടിച്ച് ആസ്വദിച്ചെങ്കിലും വിഷയം മണ്ഡലത്തില്‍ സജീവ ചര്‍ച്ചയായി. സ്ഥാനാര്‍ഥിയുടെ സൗന്ദര്യത്തെയും നിറത്തെയും പൊതുവേദിയില്‍ ആക്ഷേപിച്ച വെള്ളാപ്പള്ളി നടേശന്‍െറ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമായി. എസ്.എന്‍.ഡി.പിയുടെ ഭീഷണിയില്‍ ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥിക്കുവേണ്ടി പ്രവര്‍ത്തിച്ച ചില സമുദായാംഗങ്ങള്‍ മണിയുടെ പ്രചാരണത്തിന് പോയതാണത്രേ വെള്ളാപ്പള്ളിയെ ചൊടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.