തിരുവനന്തപുരം: ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കിരയാകുന്ന 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ പ്രസവം, ഗര്‍ഭഛിദ്രം എന്നിവക്കും വൈദ്യപരിശോധനക്കുമായി സര്‍ക്കാര്‍ ആശുപത്രികളെ സമീപിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരില്‍നിന്ന് മോശമായ പെരുമാറ്റം ഉണ്ടാകരുതെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമീഷന്‍ നിര്‍ദേശിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ആശുപത്രി സൂപ്രണ്ടുമാര്‍ക്ക് സര്‍ക്കുലര്‍ നല്‍കാന്‍ കമീഷന്‍ ചെയര്‍പേഴ്സണ്‍ ശോഭാ കോശി, അംഗം മീന സി.യു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
ഇത്തരം കുട്ടികള്‍ക്ക് പരിശോധനസമയത്ത് പ്രത്യേക ശ്രദ്ധയും പരിചരണവും നല്‍കുകയും സ്വകാര്യത കാത്തുസൂക്ഷിക്കുകയും വേണം. ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ബാലാവകാശം സാമൂഹിക ഉത്തരവാദിത്തങ്ങള്‍, മൗലികാവകാശങ്ങള്‍, ഫാമിലി-ചൈല്‍ഡ്-അഡോളസെന്‍റ് കൗണ്‍സലിങ് എന്നിവയില്‍ തുടര്‍പരിശീലനം നല്‍കണമെന്നും കമീഷന്‍ നിര്‍ദേശിച്ചു.
തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടിയോട് ആശുപത്രി ജീവനക്കാര്‍ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് കേരള മഹിളാസമഖ്യ സൊസൈറ്റി സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ പി.ഇ. ഉഷ നല്‍കിയ പരാതിയിലാണ് കമീഷന്‍ നിര്‍ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.