പരവൂര്‍ വെടിക്കെട്ട് ദുരന്തം: ക്ഷേത്രഭാരവാഹികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയതായി സര്‍ക്കാര്‍ കോടതിയില്‍

കൊച്ചി: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ക്ഷേത്രഭാരവാഹികള്‍ക്കെതിരെ ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തിയതായി സര്‍ക്കാര്‍ ഹൈകോടതിയില്‍. ആചാരാനുഷ്ഠാനങ്ങള്‍ ആചരിക്കുന്നത് ക്ഷേത്രങ്ങളില്‍ കുറഞ്ഞുവരുകയാണെന്നും എന്നാല്‍, അവയുടെ പേരില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് വര്‍ധിച്ചെന്നും കോടതി നിരീക്ഷിച്ചു. ജാമ്യം തേടി ക്ഷേത്രഭാരവാഹികള്‍ നല്‍കിയ ഹരജി പരിഗണിക്കവേയാണ് സര്‍ക്കാറിന്‍െറ വിശദീകരണവും കോടതിയുടെ നിരീക്ഷണവുമുണ്ടായത്.
സംഭവത്തില്‍ ക്ഷേത്രഭാരവാഹികള്‍ക്ക് പങ്കില്ളെന്നും മത്സരക്കമ്പം നടന്നെങ്കില്‍ തടയാനുള്ള ബാധ്യത പൊലീസിനായിരുന്നെന്നും ചൂണ്ടിക്കാട്ടിയാണ് ക്ഷേത്രഭാരവാഹികള്‍ കോടതിയെ സമീപിച്ചത്.
കേസ് പരിഗണിക്കവേ അറസ്റ്റിലായ പത്ത് ക്ഷേത്രഭാരവാഹികള്‍ക്കെതിരെ മന$പൂര്‍വമല്ലാത്ത നരഹത്യയാണ് രജിസ്റ്റര്‍ ചെയ്തിരുന്നതെന്നും കഴിഞ്ഞദിവസം കൊലക്കുറ്റം ചുമത്തിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പബ്ളിക് പ്രോസിക്യൂട്ടറുമായി ആലോചിച്ച ശേഷമാണ് ഈ തീരുമാനം. സര്‍ക്കാര്‍ വിശദീകരണം രേഖപ്പെടുത്തിയ ജസ്റ്റിസ് കെ. രാമകൃഷ്ണന്‍ കേസ് വീണ്ടും മേയ് 17ന് പരിഗണിക്കാന്‍ മാറ്റി.
അപകടത്തിന്‍െറ ഉത്തരവാദിത്തത്തില്‍നിന്ന് ക്ഷേത്രഭാരവാഹികള്‍ക്ക് ഒഴിഞ്ഞുമാറാനാകില്ളെന്ന് കഴിഞ്ഞദിവസം കേസ് പരിഗണിക്കവേ മറ്റൊരു ബെഞ്ച് നിരീക്ഷിച്ചിരുന്നു.
ക്ഷേത്രത്തില്‍ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് നടന്നത് മത്സരവെടിക്കെട്ടുതന്നെയായിരുന്നെന്നും വെടിക്കെട്ട് നടത്താന്‍ കൃഷ്ണന്‍കുട്ടി, സുരേന്ദ്രന്‍ എന്നീ കരാറുകാരുമായി ഭാരവാഹികള്‍ വെവ്വേറെ കരാറുകളില്‍ ഏര്‍പ്പെട്ടിരുന്നെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. സംഭവം സംബന്ധിച്ച് വിശദ അന്വേഷണം ആവശ്യമാണെന്നും ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാനാകില്ളെന്നും വ്യക്തമാക്കിയാണ് കോടതി ഹരജികള്‍ വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. എന്നാല്‍, കൊലക്കുറ്റം ചുമത്തിയ സാഹചര്യത്തില്‍ ഹരജി പരിഗണിക്കുന്നത് വീണ്ടും നീട്ടുകയായിരുന്നു. ക്ഷേത്രഭരണസമിതി പ്രസിഡന്‍റ് പരവൂര്‍ കൂനയില്‍ പത്മവിലാസത്തില്‍ പി.എസ്. ജയലാല്‍, സെക്രട്ടറി പൊഴിക്കര കൃഷ്ണഭവനത്തില്‍ കൃഷ്ണന്‍കുട്ടി പിള്ള തുടങ്ങിയവരടക്കമാണ് ജാമ്യ ഹരജി നല്‍കിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.