തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ തസ്തിക നിര്‍ണയം ഏറക്കുറെ പൂര്‍ത്തിയായ സാഹചര്യത്തില്‍ അധികമുള്ള അധ്യാപകരുടെ കണക്ക് എത്രയുംവേഗം അറിയിക്കാന്‍ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം. തിങ്കളാഴ്ചക്കകം കണക്ക് നല്‍കണമെന്ന നിര്‍ദേശമാണ് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് ലഭിച്ചിട്ടുള്ളത്. ഏതാനും വിദ്യാഭ്യാസ ജില്ലകള്‍ തസ്തികനിര്‍ണയത്തിന് സാവകാശം തേടിയതിനാല്‍ അടുത്ത ആഴ്ച അവസാനത്തോടെ അധികമുള്ള അധ്യാപകരുടെ കണക്ക് പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആയിരക്കണക്കിന് അധ്യാപകര്‍ അധികമാവുമെന്നാണ് സൂചന.
അധികമുള്ള അധ്യാപകരെ വിവിധതരം ഒഴിവുകളിലേക്ക് പുനര്‍വിന്യസിക്കാനാണ് 2016 ജനുവരി 29ലെ അധ്യാപക പാക്കേജ് ഉത്തരവിലെ നിര്‍ദേശം. പ്രൈമറി സ്കൂള്‍ പ്രധാനാധ്യാപകരെ ക്ളാസ് ചുമതലയില്‍ നിന്ന് ഒഴിവാക്കുന്നത് വഴിയുണ്ടാകുന്ന ഒഴിവ്, അധിക ഡിവിഷന്‍ തസ്തികകള്‍, ഭാവിയില്‍ ഉണ്ടാകാവുന്ന അവധി ഒഴിവുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഒഴിവുകള്‍, എസ്.എസ്.എ പദ്ധതി, ആര്‍.എം.എസ്.എ സ്കൂളുകള്‍ എന്നിവിടങ്ങളില്‍ ഇവരെ പുനര്‍വിന്യസിക്കാനാണ് നിര്‍ദേശം. സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ് പദ്ധതി കോഓഡിനേറ്റര്‍മാരായും അധികമുള്ള അധ്യാപകരെ നിയമിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള അധ്യാപകരെ രണ്ടോ മൂന്നോ സ്കൂളുകള്‍ അടങ്ങിയ ക്ളസ്റ്ററുകളില്‍ കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടറായും നിയമിക്കാം. പുനര്‍വിന്യാസം പൂര്‍ത്തിയാകുന്നതുവരെ ഇവര്‍ക്ക് ശമ്പളം നല്‍കുന്നത് സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടില്ല. ശമ്പളം മുടങ്ങുമെന്ന ആശങ്കയും അധ്യാപകര്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്.
അനാദായകരമായ സ്കൂളുകളില്‍ ശരാശരി 15 കുട്ടികള്‍ ക്ളാസില്‍ ഉണ്ടെങ്കില്‍ അവിടത്തെ അധ്യാപക നിയമനം ശമ്പള സ്കെയിലില്‍ അംഗീകരിച്ചുനല്‍കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പ്രത്യേകം സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. 2012 നവംബര്‍ ആറിലെ പഴയ സര്‍ക്കുലര്‍ പ്രകാരം ക്ളാസില്‍ ശരാശരി 25 കുട്ടികളില്‍ കുറവുള്ള സ്കൂളുകളെയാണ് അനാദായകര സ്കൂളുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍, ശരാശരി 15 കുട്ടികള്‍ ഉണ്ടെങ്കില്‍ തസ്തികനിര്‍ണയവും നിയമനാംഗീകാരവും നല്‍കാനാണ് പുതിയ സര്‍ക്കുലറിലെ നിര്‍ദേശം.
ഇത്തരം സ്കൂളുകളുടെ വിവരങ്ങള്‍ മേയ് 21ന് മുമ്പ് പ്രത്യേക മാതൃകയില്‍ സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്കൂളുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ഡി.ഡി.ഇമാര്‍ ക്രോഡീകരിച്ചായിരിക്കണം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടത്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ സൂപ്പര്‍ ചെക് സെല്‍ സ്കൂളില്‍ പരിശോധന നടത്തും. വീഴ്ച കണ്ടത്തെിയാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഡി.പി.ഐയുടെ സര്‍ക്കുലറില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.