തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലെ പറമ്പിൽ ആൽമരം മുറിക്കവേ കൈ മരത്തിനിടയിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി. ആര്യനാട് പുളിമൂട് സ്വദേശി രാധാകൃഷ്ണനാണ് (48) പരിക്കേറ്റത്.
70 അടി ഉയരമുള്ള ആൽമരത്തിന്റെ കൊമ്പ് മുറിക്കുന്നതിനിടെ സമീപത്തുള്ള ആഞ്ഞിലി മരത്തിന്റെയും ആൽമരത്തിന്റെയും ശിഖരങ്ങൾക്കിടയിൽ കൈ കുടുങ്ങുകയായിരുന്നു.
അഗ്നിശമന സേനാംഗങ്ങളായ ജീവൻ, അനു, ശ്രീരാജ് എന്നിവർ ഏണിയും കയറും ഉപയോഗിച്ച് മരത്തിനു മുകളിലെത്തി അവശനായ രാധാകൃഷ്ണനെ മരത്തിനോട് ചേർത്ത് ചുറ്റിനിർത്തി. കൈ കുടുങ്ങിയ ശിഖരം മുറിച്ചുമാറ്റിയശേഷം തൊഴിലാളിയെ വലയിലാക്കി സുരക്ഷിതമായി നിലത്തിറക്കി. തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ഷാജിഖാന്റെ നേതൃത്വത്തിലായിരുന്നു രക്ഷാദൗത്യം. രക്ഷാപ്രവർത്തനം ആദ്യംമുതൽ അവസാനംവരെ നേരിൽ കണ്ട പ്രതിപക്ഷ നേതാവ് ജീവനക്കാരെ വസതിയിൽ വിളിച്ചുവരുത്തി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.