പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരി ദീപയെ പൊലീസ് ചോദ്യം ചെയ്തു. വനിതാ പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി രാവിലെ ദീപയെ കൊണ്ടുപോകുകയായിരുന്നു. ദീപയുടെ പക്കൽ നിന്ന് ചില വിവരങ്ങൾ അറിയാനുണ്ടെന്ന് കുറുപ്പംപടി പൊലീസ് അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്റ്റേഷനിൽ വെച്ചായിരുന്നു അന്വേഷണസംഘത്തലവന്‍ ഡി.വൈ.എസ്.പി ജിജിമോൻ ചോദ്യം ചെയ്തത്. തുടർന്ന് ആശുപത്രിയിലെത്തിച്ച ദീപയുടേയും അമ്മയുടേയും മൊഴിയെടുത്തു. കൊലപാതകം നടന്ന ജിഷയുടെ വീട്ടിൽ നിന്നും ശേഖരിച്ച സാധനങ്ങൾ തിരിച്ചറിയാനാണ് ദീപയെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് പറയുന്നത്.
ജിഷയെ രണ്ടു പേര്‍ ഭീഷണിപ്പെടുത്തിയതായി സഹോദരി ദീപ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വീടു പണിക്ക് എത്തിയ രണ്ടു മലയാളികളാണ് ജിഷയെ ഭീഷണിപ്പെടുത്തിയത്. അമ്മയെയും മകളെയും ശരിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും മോശമായി പെരുമാറിയെന്ന് ജിഷ പരാതിപ്പെട്ടതായി ദീപ പറഞ്ഞിരുന്നു. എന്നാൽ തുടർച്ചയായി മൂന്ന് മണിക്കൂർ ചോദ്യം ചെയ്തിട്ടും ഈ വിവരങ്ങളൊന്നും വനിത കമീഷൻ അംഗങ്ങളോട് പറഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ ദീപയുടെ മൊഴി അവശ്വസനീയമാണെന്ന അഭിപ്രായം കമീഷൻ അംഗങ്ങൾക്കുണ്ട്.
തനിക്ക് അന്യസംസ്ഥാന സുഹൃത്തുക്കളാരുമില്ലെന്നും ദീപ പറഞ്ഞിരുന്നു. മനുഷ്യാവകാശ കമീഷനും ദീപ മൊഴി നൽകിയിരുന്നു. കമീഷൻ അംഗങ്ങളോട് പറഞ്ഞ കാര്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങളാണ് ദീപ മാധ്യമങ്ങളോട് പറഞ്ഞത്. ഈ വൈരുധ്യമാണ് വീണ്ടും ചോദ്യം ചെയ്യാൻ പൊലീസിന് പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്. പലതും മറച്ചുവെക്കാൻ ദീപ ശ്രമിക്കുന്നുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കൊലപാതകവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ദീപയിൽ നിന്നറിയാൻ കഴിയുമെന്നാണ് വനിതാ കമീഷന്‍റെ അഭിപ്രായം. ഇതുകൂടി കണക്കിലെടുത്താണ് ഇന്ന് ദീപയെ പൊലീസ് വീണ്ടും ചെയ്തതെന്നാണറിയുന്നത്. ഇതിന് മുൻപ് രണ്ടുതവണ പൊലീസ് ദീപയുടെ മൊഴിയെടുത്തിരുന്നു.
അതേസമയം, ദീപയെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും ദിവസങ്ങളായി ആശുപത്രിയിൽ കഴിയുന്ന ദീപക്കും അമ്മക്കും വസ്ത്രങ്ങളുണ്ടായിരുന്നില്ലെന്നും അതെടുക്കാനായി വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നുമാണ് ഇതേക്കുറിച്ച് പൊലീസ് പ്രതികരിച്ചത്.
ഹൈദരാബാദ് സർവകലാശാലയിൽ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാർഥി രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയും സഹോദരൻ രാജ് വെമുലയും ജിഷയുടെ അമ്മയെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സന്ദർശിച്ചു. ഇവരോടൊപ്പം എൽ.ഡി.എഫ് പ്രവർത്തകരും തള്ളിക്കയറാൻ ശ്രമിച്ചത് പൊലീസുമായുള്ള വാക്കേറ്റത്തിനിടയാക്കി. മുൻപ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയും ആശുപത്രിയിലെത്തി ജിഷയുടെ അമ്മയെ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.