തൃശൂര്‍: മദ്യനയത്തില്‍ എല്‍.ഡി.എഫിന് ആശയക്കുഴപ്പമാണെന്നും മദ്യമുക്ത സമൂഹമാണ് യു.ഡി.എഫ് ലക്ഷ്യമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. തൃശൂരില്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും താല്‍പര്യം സംരക്ഷിക്കാനാണ് ബാറുകള്‍ അടച്ചുപൂട്ടിയത്. മദ്യമുക്തമായ സമൂഹത്തെ സൃഷ്ടിക്കുകയാണ് യു.ഡി.എഫ് ലക്ഷ്യം. മദ്യനിരോധത്തെ പിന്തുണക്കുന്നുണ്ടോയെന്ന് വ്യക്തമക്കാന്‍ എല്‍.ഡി.എഫിനായിട്ടില്ല. ഇതുസംബന്ധിച്ച അവ്യക്തത അവര്‍ക്കിടയില്‍ ഇപ്പോഴും തുടരുകയാണ്- അവര്‍ പറഞ്ഞു.
അഞ്ചുവര്‍ഷത്തിനുള്ളില്‍ നിരവധി വികസന പദ്ധതികളാണ് യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയത്. കേരളത്തിലെ സാമ്പത്തിക വളര്‍ച്ചനിരക്ക് മോദി സര്‍ക്കാര്‍ ദേശീയതലത്തില്‍ കൈവരിച്ചതിനേക്കാള്‍ മുകളിലാണ്. പ്രാഥമിക വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ വന്‍നേട്ടമുണ്ടായി. കര്‍ഷകരെ സഹായിക്കാന്‍ മോദി സര്‍ക്കാര്‍ ഒന്നും ചെയ്യാതിരിക്കുമ്പോഴാണ് നെല്ലിനുള്‍പ്പെടെ താങ്ങുവില പ്രഖ്യാപിച്ച് യു.ഡി.എഫ് സര്‍ക്കാര്‍ കര്‍ഷരെ സഹയിക്കുന്നത്. കേര കര്‍ഷകര്‍ പ്രതിസന്ധിയിലായപ്പോള്‍ പാമോയില്‍ ഇറക്കുമതി തടയാനോ കര്‍ഷകര്‍ക്ക് വിലസ്ഥിരതാ ഫണ്ടില്‍നിന്ന് തുക അനുവദിക്കാനോ മോദി സര്‍ക്കാര്‍ തയാറായില്ല.
രാജ്യത്തിനകത്ത് വലിയ പരിപാടികളില്‍ പങ്കെടുക്കാന്‍ സമയമുള്ള പ്രധാനമന്ത്രിക്ക് പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സമയമില്ല. യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം വെട്ടിക്കുറച്ച് പദ്ധതിയെ തകര്‍ക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഗള്‍ഫിലെ സഹോദരങ്ങള്‍ക്ക് സഹായകമായിരുന്ന പ്രവാസികാര്യ മന്ത്രാലയം ഇല്ലാതാക്കി. സര്‍വകലാശാലകള്‍, നിയമസംവിധാനങ്ങള്‍ എന്നിവയെ തകര്‍ക്കുകയും വെല്ലുവിളിക്കുകയുമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. കേരളത്തില്‍ അക്രമ രാഷ്ട്രീയമാണ് എല്‍.ഡി.എഫ് പിന്തുടരുന്നത്. അവരുടെ ഭരണരീതി വികസന വിരുദ്ധമാണ്. കേരളത്തിന്‍െറ മതേതര മൂല്യങ്ങള്‍ തകര്‍ക്കാനാണ് ബി.ജെ.പിയും ആര്‍.എസ്.എസും ശ്രമിക്കുന്നതെന്നും സോണിയ ഗാന്ധി പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.