മെക്കാനിക്കിന്‍െറ മരണം: ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍


നിലമ്പൂര്‍: നിലമ്പൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിര്‍ത്തിയിട്ട ബസ് പിന്നോട്ടുനീങ്ങി മെക്കാനിക്ക് മരിച്ച സംഭവത്തില്‍ മൂന്ന് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. അപകടം വരുത്തിയ ലോഫ്ളോര്‍ ബസിലെ ഡ്രൈവര്‍ എസ്. ഷബീര്‍, മെക്കാനിക്കുകളായ ബി. രാജേഷ്, ജിജേഷ് എന്നിവരെയാണ് അന്വേഷണവിധേയമായി അസി. ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ പി.പി. അശോകന്‍ സസ്പെന്‍ഡ് ചെയ്തത്.
ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കെ.എസ്.ആര്‍.ടി.സി വിജിലന്‍സ്, സാങ്കേതിക വിഭാഗങ്ങള്‍ നടത്തിയ പരിശോധനയില്‍ ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയുള്ളതായി കണ്ടത്തെിയിരുന്നു. സര്‍വീസിനുശേഷം ഡ്രൈവര്‍ പാര്‍ക്കിങ് ബ്രേക്കിട്ട് ലോഗ്ഷീറ്റ് സഹിതം വെഹിക്കിള്‍ സൂപ്പര്‍വൈസറെ ബസ് ഏല്‍പ്പിക്കണം. ഡ്രൈവര്‍ നല്‍കുന്ന ലോഗ്ഷീറ്റ് നോക്കിയാണ് മെക്കാനിക്ക് വിഭാഗം ബസിന്‍െറ അറ്റകുറ്റപ്പണി തീര്‍ക്കേണ്ടത്. നിര്‍ത്തിയിട്ട ബസ് നീങ്ങാനുള്ള സാധ്യത തട വെച്ച് പൂര്‍ണമായി ഒഴിവാക്കേണ്ട ചുമതല മെക്കാനിക്കിനാണ്. ഇക്കാര്യങ്ങളില്‍ ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ച പറ്റിയെന്നാണ് കണ്ടത്തെല്‍.
കഴിഞ്ഞദിവസം ഡിപ്പോയിലുണ്ടായ അപകടത്തില്‍ മെക്കാനിക്ക് അരീക്കോട് വാക്കല്ലൂര്‍ മൂഴിപ്പാടം കൊട്ടിയാട്ട് ഷാജിമോനാണ് മരിച്ചത്. ഡ്രൈവറായ അരീക്കോട് പുത്തലം കട്ടക്കാട്ട് ഷബിറലി കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്.
എന്നാല്‍, കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലുണ്ടായ അപകടത്തില്‍ ജീവനക്കാര്‍ക്കെതിരെ മാത്രം നടപടിയെടുത്തത് പ്രതിഷേധാര്‍ഹമാണെന്നും നടപടി പിന്‍വലിക്കണമെന്നും കെ.എസ്.ആര്‍.ടി.ഇ.എ ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.