കൊച്ചി: വോട്ടുചെയ്യാനുള്ള തിരിച്ചറിയല്‍ കാര്‍ഡിന് പകരം ഉപയോഗിക്കാവുന്ന വിധത്തിലുള്ള വോട്ടേഴ്സ് സ്ളിപ് ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ വിതരണം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് കെ.പി.സി.സിയുടെ ഹരജി. വോട്ടറുടെ ഫോട്ടോ പതിച്ച സ്ളിപ് ഓഫിസര്‍മാര്‍ വീടുകളില്‍ എത്തിച്ചുനല്‍കുന്ന നടപടിക്കെതിരെ കെ.പി.സി.സി ജനറല്‍ സെക്രട്ടറി സജീവ് ജോസഫാണ് ഹൈകോടതിയെ സമീപിച്ചിട്ടുള്ളത്. തിരിച്ചറിയല്‍ കാര്‍ഡിന് പകരം ഈ സ്ളിപ് ഉപയോഗിക്കാമെന്നിരിക്കേ, ഇവയുടെ വിതരണം റിട്ടേണിങ് ഓഫിസര്‍മാരോ തെരഞ്ഞെടുപ്പ് രജിസ്ട്രേഷന്‍ ഓഫിസര്‍മാരോ അസി. തെരഞ്ഞെടുപ്പ് രജിസ്ട്രേഷന്‍ ഓഫിസര്‍മാരോ നിര്‍വഹിക്കണമെന്നാണ് ഹരജിക്കാരന്‍െറ ആവശ്യം. ബൂത്ത് ലെവല്‍ ഓഫിസര്‍മാരായ അങ്കണവാടി വര്‍ക്കര്‍മാരാണ് ബൂത്തില്‍ വോട്ടര്‍മാരെ തിരിച്ചറിയാനുള്ള സ്ളിപ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. ഈ സ്ളിപ്പുകള്‍ ഉപയോഗിച്ച് കള്ളവോട്ട് ചെയ്യാന്‍ സാധ്യതയേറെയാണ്. നാട്ടിലില്ലാത്തവരുടെയും മരിച്ചവരുടെയും പേരില്‍ ആള്‍മാറാട്ടം നടത്തി വോട്ടുചെയ്യാന്‍ സ്ളിപ്പുകള്‍ വ്യാപകമായി ഉപയോഗിക്കാനിടയുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ മണ്ഡലങ്ങളില്‍ സി.പി.എം പ്രവര്‍ത്തകരും പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളും ഫോട്ടോ പതിച്ച വോട്ടേഴ്സ് സ്ളിപ് ഉപയോഗിച്ച് വന്‍തോതില്‍ കള്ളവോട്ട് ചെയ്തു. ബൂത്ത് ലെവല്‍ ഓഫിസര്‍മാരായ അങ്കണവാടി വര്‍ക്കര്‍മാരെ സ്വാധീനിച്ച് സ്ളിപ്പുകള്‍ കൈക്കലാക്കാന്‍ പാര്‍ട്ടിക്കാര്‍ക്ക് കഴിയും.ഈ സാഹചര്യത്തില്‍ സ്ളിപ്പുകള്‍ ജാഗ്രതയോടെ വിതരണം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശിക്കണമെന്നാണ് ഇരിക്കൂറിലെ വോട്ടര്‍ കൂടിയായ ഹരജിക്കാരന്‍െറ ആവശ്യം. ഹരജി കോടതി ഇന്ന് പരിഗണിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.