നെടുമ്പാശ്ശേരി മനുഷ്യക്കടത്ത്: പൊലീസ് ഉദ്യോഗസ്ഥനടക്കം മൂന്നുപേര്‍ക്കെതിരെ കുറ്റപത്രം

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അടിസ്ഥാനയോഗ്യത ഇല്ലാത്തവരെ വിദേശജോലിക്ക് കടത്തിവിട്ട കേസില്‍ പൊലീസ് ഉദ്യോഗസ്ഥനടക്കം മൂന്നുപേര്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തില്‍ ഇന്‍സ്പെക്ടറായിരുന്ന കോട്ടയം കൂരോപ്പട മുങ്ങാംകുഴി കണിപ്പറമ്പില്‍ രാജു മാത്യു, മലപ്പുറം കൊണ്ടോട്ടി ചിറയില്‍ ആയാനിക്കാട് വീട്ടില്‍ എന്‍. അബൂബക്കര്‍, കോഴിക്കോട് നോര്‍ത് ബേപ്പൂര്‍ നടുവട്ടം സ്വദേശി പി.എം. സുബൈര്‍ എന്നിവര്‍ക്കെതിരെയാണ് എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

2009 ജനുവരി മുതല്‍ 2012 ജൂലൈ വരെ രാജു മാത്യു വിമാനത്താവളത്തിലെ കൗണ്ടര്‍ ഓഫിസറായി ജോലി ചെയ്യുമ്പോഴാണ് യോഗ്യതയില്ലാത്ത യുവതികളെ പണം വാങ്ങി കടത്തിവിട്ടത്. രണ്ടാം പ്രതി അബൂബക്കറിന്‍െറ ഉടമസ്ഥതയിലുള്ള കൊണ്ടോട്ടിയിലെ ഫായിസ് ട്രാവല്‍സ്, സുബൈറിന്‍െറ ഉടമസ്ഥതയിലുള്ള കോഴിക്കോട്ടെ വെസ്റ്റ് ഇന്ത്യ എയര്‍ ട്രാവല്‍സ് എന്നീ സ്ഥാപനങ്ങളാണ് വിസ തയാറാക്കി നല്‍കിയത്.

ഇവരുടെ നിര്‍ദേശപ്രകാരം രാജു മാത്യു യുവതികളുടെ രേഖകള്‍ പരിശോധിക്കാതെ സൗദിയിലേക്ക് അയക്കാന്‍ ഒത്താശ ചെയ്തതായാണ് സി.ബി.ഐ കണ്ടത്തെല്‍. ഇതിന് പ്രതിഫലമായി ബാങ്ക് അക്കൗണ്ട് വഴി മാത്രം രാജു മാത്യു 24,775 രൂപ വാങ്ങിയതായി കണ്ടത്തെി. പ്രതികള്‍ക്കെതിരെ ഗൂഢാലോചന, അഴിമതി നിരോധ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിലൂടെ നടന്ന മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് എട്ട് കേസാണ് സി.ബി.ഐ അന്വേഷിക്കുന്നത്. ഇതില്‍ ഏതാനും കേസുകളില്‍  നേരത്തേ കുറ്റപത്രം നല്‍കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഉന്നത പൊലീസുകാരുടെ പങ്കും സി.ബി.ഐ അന്വേഷിച്ചുവരുകയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.