പ്രചാരണാരവങ്ങള്‍ നിലച്ചു; കേരളം തിങ്കളാഴ്ച ബൂത്തിലേക്ക്

തിരുവനന്തപുരം: നാടും നഗരവും തിളച്ചുമറിഞ്ഞ തെരഞ്ഞെടുപ്പിന്‍െറ പ്രചാരണാരവങ്ങള്‍ക്ക് പരിസമാപ്തി.  റോഡ് ഷോയും പ്രകടനങ്ങളും പൊതുവിൽ സമാധാനപരമായിരുന്നു. സംസ്ഥാനത്തിൻെറ ചിലയിടങ്ങളിൽ സംഘർഷാവസ്ഥയുണ്ടായി. അങ്കമാലിയിൽ കൊട്ടിക്കലാശത്തിനിടെ പാർട്ടി പ്രവർത്തകർ റോഡിനിരുവശവും നിന്ന് പതാക കമ്പ് ലോറിക്ക് മുകളിലേക്ക് എറിഞ്ഞത് സംഘർഷത്തിന് കാരണമായി. തുടർന്ന് അർധ സൈനിക വിഭാഗം ആകാശത്തേക്ക് വെടിയുതിർത്തു. തിരുവനന്തപുരം ബാലരാമപുരത്ത് സംഘർഷത്തിനിടെയുണ്ടായ കല്ലേറിൽ എസ്.ഐ വിജയകുമാറിന് പരിക്കേറ്റു. ചെർപുളശ്ശേരിയിൽ സി.പി.എം- ബി.ജെ.പി  പ്രവർത്തകർ ഏറ്റുമുട്ടി. മലബാറിൽ കൊട്ടിക്കലാശത്തിന് നിയന്ത്രണം വെച്ചിരുന്നെങ്കിലും പ്രവർത്തകരുടെ ആവേശത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. ജിഷ വധത്തെ തുടർന്ന് പെരുമ്പാവൂരിൽ ആഘോഷ പരിപാടികളൊന്നും തന്നെ സംഘടിപ്പിച്ചിരുന്നില്ല. വടകരയിൽ കെ.കെ രമക്ക് നേരെയുണ്ടായ കൈയ്യേറ്റം പ്രദേശത്തെ സമാധാനന്തരീക്ഷത്തിന് തടസ്സം സൃഷ്ടിച്ചു. പരസ്യപ്രചാരണ സമയപരിധിക്കുശേഷം പരസ്യസ്വഭാവ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നതിന് വിലക്കുണ്ട്.

ഇനി നാളത്തെ നിശ്ശബ്ദ പ്രചാരണവും പിന്നിട്ട് കേരളം തിങ്കളാഴ്ച വിധിയെഴുതും. വോട്ടെടുപ്പിന് എല്ലാ ക്രമീകരണങ്ങളും തെരഞ്ഞെടുപ്പ് കമീഷന്‍ പൂര്‍ത്തിയാക്കി. പോളിങ് സാമഗ്രികളുടെ വിതരണം ഞായറാഴ്ച നടക്കും. വോട്ടെടുപ്പ് സമാധാനപരമാക്കാന്‍ കേന്ദ്രസേനയെ വിന്യസിച്ച കമീഷന്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തി.

തൃശൂർ നഗരത്തിലെ കൊട്ടിക്കലാശത്തിൽ നിന്നും
 

പ്രചാരണത്തിന് രണ്ടര മാസത്തോളം കിട്ടിയ ഇത്തവണ വിവാദങ്ങളും വികസനവും വികസനത്തിലെ പൊള്ളത്തരങ്ങളും കേന്ദ്ര-സംസ്ഥാന പോരുമൊക്കെ വിഷയമായി. ഏറ്റവും ഒടുവില്‍ കേന്ദ്ര നേതാക്കളുടെ പൊരിഞ്ഞ പോരായിരുന്നു രംഗം ഇളക്കിമറിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കേന്ദ്രമന്ത്രിമാര്‍, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, സി.പി.എം നേതാക്കളായ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍, സി.പി.ഐ നേതാവ് സുധാകര്‍റെഡ്ഡി, മുന്‍ പ്രധാനമന്ത്രി ദേവഗൗഡ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ അടക്കം കേന്ദ്ര നേതാക്കളുടെ ഘോഷയാത്ര തന്നെയായിരുന്നു കേരളത്തിലേക്ക്.  ഏറ്റവുമൊടുവില്‍ ജെ.എന്‍.യു സ്റ്റുഡന്‍റ്സ് യൂനിയന്‍ പ്രസിഡന്‍റ് കനയ്യകുമാറും എത്തി. ദേശീയ വിഷയങ്ങള്‍ വരെ വിഷയമായി.

ബാറും സോളാറും ഭൂമി ഇടപാടുകളുമടക്കം തുടക്കം മുതലേ ചര്‍ച്ചയായിരുന്നു. പിണറായി-വി.എസ് പോരും വികസനവും യു.ഡി.എഫ് ആയുധമാക്കി. പ്രാദേശിക വിഷയങ്ങള്‍ പോലും ഇക്കുറി സജീവ ചര്‍ച്ചയായി. പരവൂര്‍ വെടിക്കെട്ടപകടവും പെരുമ്പാവൂര്‍ പീഡന കൊലപാതകവും വ്യാപകചര്‍ച്ചക്ക് വിഷയമായി. പ്രചാരണത്തിന് തിരശ്ശീല വീഴുമ്പോള്‍ ഇരുമുന്നണിയും വിജയ പ്രതീക്ഷയിലാണ്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്ന പ്രതീതി സൃഷ്ടിക്കാന്‍ ഇരുപക്ഷത്തിനുമായി. ഏതാനും മണ്ഡലങ്ങളില്‍ ത്രികോണ പോരാട്ടത്തിന്‍െറ വഴിതുറന്ന ബി.ജെ.പി സഖ്യവും വന്‍ പ്രചാരണമാണ് അഴിച്ചുവിട്ടത്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.