വോട്ടെടുപ്പിന് കനത്ത സുരക്ഷ

തിരുവനന്തപുരം: സമാധാനപരമായ വോട്ടെടുപ്പ് ഉറപ്പാക്കാന്‍ പൊലീസ് അരയും തലയും മുറുക്കി രംഗത്ത്. സുരക്ഷിതമായി സമ്മതിദാനാവകാശം വിനിയോഗിക്കാനും സമാധാനാന്തരീക്ഷം ഉറപ്പാക്കാനും സ്പെഷല്‍ യൂനിറ്റുകളില്‍ നിന്നുള്ളവരടക്കം 52,000ഓളം പൊലീസുകാരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. രണ്ടായിരത്തിലധികം എക്സൈസ്-ഫോറസ്റ്റ് ജീവനക്കാരെയും 2027 ഹോം ഗാര്‍ഡുകളെയും ഇതോടൊപ്പം വിന്യസിച്ചിട്ടുണ്ട്.

120 കമ്പനി കേന്ദ്രസേന ശനിയാഴ്ച കേരളത്തിലത്തെിയിരുന്നു. ചരിത്രത്തിലാദ്യമായാണ് ഇത്രയുമധികം കേന്ദ്രസേനയെ സംസ്ഥാനത്ത് വിന്യസിക്കുന്നത്. അതേസമയം, വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയോ അക്രമിക്കുകയോ ചെയ്താല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡി.ജി.പി ടി.പി. സെന്‍കുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. സ്ട്രൈക്കിങ് ഫോഴ്സുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പ്രശ്നബാധിത ബൂത്തുകളിലുണ്ടാകും.
പോളിങ്ബൂത്തിന്‍െറ പരിസരത്ത് അനിഷ്ടസംഭവങ്ങളുണ്ടായാല്‍ ഉടനടി നടപടികള്‍ കൈക്കൊള്ളാന്‍ 1395 ഗ്രൂപ് പട്രോള്‍ സംഘങ്ങളെയും 932 ക്രമസമാധാനപാലന പട്രോള്‍ സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്. സംശയാസ്പദസാഹചര്യത്തില്‍ ആരെ കണ്ടാലും ചോദ്യംചെയ്യാനും നീക്കങ്ങള്‍ നിരീക്ഷിക്കാനും ശക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡി.ജി.പി പറഞ്ഞു.

സംസ്ഥാനത്ത് 1,233 പ്രശ്നസാധ്യതാബൂത്തുകളാണുള്ളത്. ഇതില്‍ 711 ഇടത്ത് ഗുരുതരപ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. വടക്കന്‍ജില്ലകളിലാണ് കൂടുതല്‍ സംഘര്‍ഷസാധ്യതാബൂത്തുകളുള്ളത്. സുരക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പൊലീസ് ആസ്ഥാനത്ത് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

തമിഴ്നാടിനോട് അതിര്‍ത്തിപങ്കിടുന്ന ഗ്രാമങ്ങളില്‍ സംസ്ഥാന രഹസ്യാന്വേഷണവിഭാഗത്തിന്‍െറ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ മലയോര, അതിര്‍ത്തി ഗ്രാമങ്ങളിലെ 60 ഓളം ഒറ്റപ്പെട്ട ബൂത്തുകളില്‍ നക്സല്‍വിരുദ്ധപരിശീലനം ലഭിച്ച സി.ആര്‍.പി.എഫ് ജവാന്മാരെയാണ് വിന്യസിച്ചിരിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.