യന്ത്രങ്ങള്‍ പണിമുടക്കി; വോട്ടിങ് വൈകി

കണ്ണൂര്‍: വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍ പലയിടത്തും പോളിങ് വൈകാനും താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും കാരണമായി. ജില്ലയില്‍ 21 ബൂത്തുകളിലാണ് യന്ത്രം പണിമുടക്കിയത്. മോക് പോളിങ്ങിനിടെയും പോളിങ് നടക്കവേയുമാണിത്. യന്ത്രങ്ങള്‍ നന്നാക്കിയും പുതിയവ എത്തിച്ചുമാണ് വോട്ടിങ് പുനരാരംഭിച്ചത്.
കണ്ണൂര്‍ മണ്ഡലത്തിലെ കണ്ണൂര്‍ ടൗണ്‍ ഹൈസ്കൂളില്‍ രാവിലെതന്നെ യന്ത്രം നിശ്ചലമായി. തുടര്‍ന്ന് പുതിയത് എത്തിച്ച് 7.30ഓടെ വോട്ടെടുപ്പ് ആരംഭിച്ചു. പേരാവൂര്‍ മണ്ഡലത്തില്‍ ഉളിയില്‍ ഗവ. യു.പി സ്കൂള്‍ 59ാം നമ്പര്‍ ബൂത്തിലും പോളിങ് കൃത്യസമയത്ത് തുടങ്ങാനായില്ല. പുതിയ യന്ത്രം കൊണ്ടുവന്ന് 45 മിനിറ്റ് വൈകിയാണ് തുടങ്ങിയത്. പയ്യന്നൂര്‍ മണ്ഡലത്തില്‍ രാമന്തളി സെന്‍ട്രല്‍ യു.പി സ്കൂള്‍ ബൂത്തില്‍ രാവിലെ 7.30ഓടെ യന്ത്രം നിശ്ചലമായി. ഇത് മാറ്റി എട്ടുമണിയോടെയാണ് പോളിങ് പുനരാരംഭിച്ചത്.

മട്ടന്നൂര്‍ മണ്ഡലത്തില്‍ ശിവപുരം ഹൈസ്കൂളിലെ 80ാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് ആരംഭിച്ച ഉടന്‍ യന്ത്രം കേടായി. അരമണിക്കൂറോളം വോട്ടെടുപ്പ് തടസ്സപ്പെട്ടു. പിന്നീട് മറ്റൊരു യന്ത്രം എത്തിച്ചു. ഇരിക്കൂര്‍ മണ്ഡലത്തിലെ നടുവില്‍ ഗവ. ടെക്നിക് സ്കൂള്‍ 48ാം നമ്പര്‍ ബൂത്തില്‍ ഒന്നര മണിക്കൂറോളം വോട്ടിങ് നിര്‍ത്തിവെച്ചു. യന്ത്രത്തകരാറുമൂലം 10.30ഓടെ പോളിങ് തടസ്സപ്പെടുകയായിരുന്നു. പുതിയത് എത്തിച്ച് 12ഓടെയാണ് പുനരാരംഭിച്ചത്. കേടായ യന്ത്രത്തില്‍ 295 വോട്ടുകള്‍ പോള്‍ ചെയ്തിരുന്നു.

എന്നാല്‍, പരിശോധനയില്‍ 45 വോട്ടുകള്‍ പതിഞ്ഞില്ളെന്ന് വ്യക്തമായി. ഇതേതുടര്‍ന്ന് വിവിധ പാര്‍ട്ടികളുടെ ഏജന്‍റുമാര്‍ പരാതി ഉന്നയിച്ചു. 50 വോട്ടില്‍ താഴെ ഭൂരിപക്ഷത്തിലാണ് ഇവിടങ്ങളിലെ സ്ഥാനാര്‍ഥി ജയിക്കുന്നതെങ്കില്‍ ഈ ബൂത്തില്‍ റീപോളിങ് നടത്താമെന്ന് ഏജന്‍റുമാരും ഉദ്യോഗസ്ഥരും ധാരണയായ ശേഷമാണ് വോട്ടെടുപ്പ് നടന്നത്. ആലക്കോട് മാമ്പൊയില്‍ സേക്രഡ് ഹാര്‍ട്ട് സ്കൂളിലെ 33ാം നമ്പര്‍ ബൂത്തില്‍ യന്ത്ര തകരാര്‍ നിമിത്തം ഒരുമണിക്കൂറോളം വൈകിയാണ് പോളിങ് ആരംഭിച്ചത്. മറ്റൊരു യന്ത്രം എത്തിക്കുകയായിരുന്നു. അഴീക്കോട് മണ്ഡലത്തിലെ ചാലാട് ഗവ. മാപ്പിള യു.പി സ്കൂളിലെ 104ാം നമ്പര്‍ ബൂത്തില്‍ മോക് പോളിങ് നടത്തവെ യന്ത്രം കേടായി. ഇത് മാറ്റി എട്ടോടെ പോളിങ് തുടങ്ങി. തലശ്ശേരി മണ്ഡലത്തിലെ ചൊക്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലും യന്ത്രം നിലച്ചതിനെ തുടര്‍ന്ന് 15 മിനിറ്റോളം പോളിങ് തടസ്സപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.