വസ്ത്ര വില്‍പനശാലയിലെ ട്രയല്‍ റൂമില്‍ മൊബൈല്‍ കാമറ; ജീവനക്കാരന്‍ പിടിയില്‍


പിറവം: വസ്ത്ര വില്‍പനശാലയിലെ ട്രയല്‍ റൂമില്‍ മൊബൈല്‍ കാമറ കണ്ടത്തെിയ സംഭവത്തില്‍ ജീവനക്കാരന്‍ അറസ്റ്റില്‍. പിറവം ചെറുമുഴിക്കല്‍ ടെക്സ്റ്റൈല്‍സിലെ ജീവനക്കാരന്‍ സിജോയാണ് (29) പിടിയിലായത്.
മാതാവിനോടൊപ്പം ജീന്‍സ് വാങ്ങാന്‍ എത്തിയ യുവതി  ട്രയല്‍ റൂമില്‍ കയറി ജീന്‍സ്  ധരിച്ചുനോക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ കാമറ കണ്ടത്തെുകയായിരുന്നു. രാവിലെ 11.30 ഓടെയായിരുന്നു സംഭവം. തിരുമാറാടി സ്വദേശിയായ ഇവര്‍ മൊബൈല്‍ കൈയിലെടുത്ത് പരിശോധിച്ചപ്പോള്‍ വസ്ത്രം മാറുന്ന രംഗങ്ങള്‍ പകര്‍ത്തിയിരുന്നതായി മനസ്സിലാക്കിയതിനെ തുടര്‍ന്ന് ബഹളംവെക്കുകയായിരുന്നു. ഇതിനിടെ മറ്റ് ജീവനക്കാരും ഉടമസ്ഥരും ഫോണ്‍ കൈക്കലാക്കി ചിത്രങ്ങള്‍ മായ്ച്ചതായി ആരോപണമുണ്ട്. വിവിധ രാഷ്ട്രീയ നേതാക്കളും മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും സംഭവമറിഞ്ഞ് സ്ഥലത്തത്തെി. പിറവം പൊലീസാണ് മൊബൈല്‍ ഫോണ്‍ ജീവനക്കാരനായ സിജോയുടേതാണെന്ന് കണ്ടത്തെിയത്. സാധാരണ ഗതിയില്‍ ജീവനക്കാരുടെ മൊബൈലുകള്‍ കൗണ്ടറില്‍ സൂക്ഷിക്കുകയാണ് പതിവെന്ന് ടെക്സ്റ്റൈല്‍സ് ഉടമ വ്യക്തമാക്കി. എന്നാല്‍, ഈ ജീവനക്കാരന്‍ മൊബൈല്‍ രഹസ്യമായി കൈവശം വെക്കുകയും വസ്ത്രം മാറുന്ന റൂമില്‍ പോയി ഫോണ്‍ ചെയ്തശേഷം മറന്നുവെച്ചതാകാമെന്നും പറയുന്നു. എന്നാല്‍, ഈ വാദം പൊലീസ് അംഗീകരിച്ചിട്ടില്ല. ദൃശ്യങ്ങള്‍ മായ്ച്ച് കളഞ്ഞിട്ടുണ്ടെങ്കില്‍ സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ കണ്ടത്തൊനാകുമെന്ന് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ബ്രജിത്കുമാര്‍ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.