കണ്ണൂരിലും ഇടത്കാറ്റ്

കണ്ണൂര്‍: ജില്ലയിലും ഇടത് കാറ്റ് വീശി.  യു.ഡി.എഫിന്‍റെ രണ്ട് സിറ്റിങ്ങ് മണ്ഡലങ്ങള്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തു.  ആറ് സിറ്റിങ് സീറ്റ് നിലനിര്‍ത്തിയതിനൊപ്പം രണ്ട് മണ്ഡലങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതോടെ ആകെയുള്ള 11മണ്ഡലങ്ങളില്‍ എട്ടും എല്‍.ഡി.എഫ് നേടി. മൂന്നു മണ്ഡലങ്ങള്‍ യു.ഡി.എഫും നിലനിര്‍ത്തി.

കൂത്തുപറമ്പും കണ്ണൂരുമാണ് എല്‍.ഡി.എഫ് പിടിച്ചെടുത്ത യു.ഡി.എഫ് സിറ്റിങ് സീറ്റ്. പയ്യന്നൂര്‍, തളിപ്പറമ്പ്, കല്യാശ്ശേരി, ധര്‍മടം, തലശ്ശേരി, മട്ടന്നൂര്‍ എന്നീ സീറ്റുകളാണ് എല്‍.ഡി.എഫ് നിലനിര്‍ത്തിയത്. ഇരിക്കൂര്‍, പേരാവൂര്‍, അഴീക്കോട് സീറ്റുകള്‍ യു.ഡി.എഫും നിലനിര്‍ത്തി.  ജനതാദള്‍ യു സ്ഥാനാര്‍ഥിയും മന്ത്രിയുമായ കെ.പി. മോഹനന്‍  കൂത്തുപറമ്പില്‍ പരാജയപ്പെട്ടു. സി.പി.എം കേന്ദ്രകമ്മിറ്റിയംഗം കെ.കെ. ശൈലജ ടീച്ചറാണ് ഇവിടെ ഇവിടെ ജയിച്ചത്. കോണ്‍ഗ്രസ്-എസ് സംസ്ഥാന പ്രസിഡന്‍റും മുന്‍ മന്ത്രിയുമായ രാമചന്ദ്രന്‍ കടന്നപ്പള്ളി കെ.പി.സി.സി ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനിയെ പരാജയപ്പെടുത്തിയാണ് കണ്ണൂരില്‍ ചരിത്ര വിജയം നേടിയത്.

 മന്ത്രി കെ.സി. ജോസഫ് ഇരിക്കൂറും അഡ്വ. സണ്ണിജോസഫ് പേരാവൂരും കെ.എം. ഷാജി അഴീക്കോടും നിലനിര്‍ത്തിയത് യു.ഡി.എഫിന് ആശ്വാസം പകരുന്നതായി.  പയ്യന്നൂരില്‍ സി.പി.എമ്മിലെ സി. കൃഷ്ണനും കല്യാശ്ശേരി മണ്ഡലത്തില്‍ സി.പി.എമ്മിലെ ടി.വി. രാജേഷും തളിപ്പറമ്പില്‍ സി.പി.എമ്മിലെ ജയിംസ് മാത്യുവും സീറ്റ് നിലനിര്‍ത്തി. അഴീക്കോട് മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ഥിയും മാധ്യമ പ്രവര്‍ത്തകനുമായ എം.വി. നികേഷ് കുമാറാണ് ലീഗിലെ കെ.എം. ഷാജിയോട് തോറ്റത്.  സി.പി.എം പോളിറ്റ് ബ്യുറോ അംഗം പിണറായി വിജയന്‍ ധര്‍മടം മണ്ഡലത്തിലും തലശ്ശേരിയില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് എ.എന്‍. ഷംസറും വന്‍ ലീഡിനാണ് വിജയിച്ചത്.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.