തിരിച്ചടികൾക്കിടയിലും കരുത്ത്കാട്ടി ലീഗ്

യു.ഡി.എഫിൻെറ ഉരുക്കുകോട്ടയായ മലപ്പുറത്ത് തിരിച്ചടികൾക്കിടയിലും ലീഗ് പിടിച്ചുനിന്നു. ലീഗിന് ലഭിച്ച 18 സീറ്റിൽ 11ഉം മലപ്പുറത്ത് നിന്നാണ്.
താനൂരിൽ അബ്ദുറഹ്മാൻ രണ്ടത്താണിയുടെ പരാജയം മാത്രമാണ് ലീഗിനേറ്റ ആഘാതം. അതേസമയം കഴിഞ്ഞ വർഷം വൻഭൂരിപക്ഷത്തിൽ ജയിച്ച സമാജികരെല്ലാം ഇക്കുറി കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

കടുത്ത മത്സരം നടന്ന തിരൂരങ്ങാടിയിൽ മന്ത്രി പി.കെ അബ്ദുറബ്ബ് ഒരുവേള തോറ്റെന്ന് തോന്നിയെങ്കിലും ഫിനിഷിങ് പോയൻറിൽ തിരികെയെത്തുകയായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന തിരൂരങ്ങാടിയിൽ നിയാസ് പുളിക്കലകത്തായിരുന്നു ഇടതുപക്ഷം പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി. പഞ്ചായത്ത് ഇലക്ഷനിൽ നടപ്പാക്കിയ സാമ്പാർ മുന്നണി സംവിധാനം ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിലും ചില പഞ്ചായത്തുകളിൽ പ്രയോഗിച്ചിരുന്നു. ലീഗ് വിരുദ്ധ വോട്ടുകൾ സമാഹരിക്കാൻ ഇതിലൂടെ സാധിച്ചു. കഴിഞ്ഞ പ്രവാശ്യം 30,000ത്തിനടുത്ത് ഭൂരിപക്ഷത്തിന് ജയിച്ച അബ്ദുറബ്ബ് സ്വന്തം നാട്ടിൽ 6,043 വോട്ടിന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

തൊട്ടടുത്ത മണ്ഡലമായ താനൂരിൽ വ്യവസായിയായ വി അബ്ദുറഹ്മാനോട് അബ്ദുറഹ്മാൻ രണ്ടത്താണി പരാജയപ്പെട്ടത് ലീഗിന് വൻ തിരിച്ചടിയായി. ലീഗല്ലാതെ മറ്റേതൊരു പാർട്ടിയേയും നിയസഭ കാണിച്ചിട്ടില്ലാത്ത താനൂരിൽ 4,918നാണ് അബ്ദുറഹ്മാൻ വിജയിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇ.ടി മുഹമ്മദ്ബഷീറിനോട് പരാജയപ്പെട്ട വി.അബ്ദുറഹ്മാൻ ഇത്തവണ രണ്ടും കൽപിച്ചാണ് മത്സരത്തിനിറങ്ങിയത്.

കൊണ്ടോട്ടിയിൽ ടി.വി ഇബ്രാഹിമിലൂടെ ലീഗ് സീറ്റ് നില നിർത്തി. ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി കെ.പി ബീരാൻകുട്ടിയെ 10,654 വോട്ടിൻെറ ഭൂരിപക്ഷത്തിനാണ് ടി.വി ഇബ്രാഹിം തോൽപിച്ചത്. ഏറനാട് മണ്ഡലത്തിൽ പി.കെ ബഷീർ തൻെറ സ്ഥാനം നിലനിർത്തി. ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി അബ്ദുറഹ്മാനെ 12893 വോട്ടിനാണ് ബഷീർ പരാജയപ്പെടുത്തിയത്. ഇവിടെ ബി.ജെ.പി മൂന്നാമതെത്തിയപ്പോൾ സമാജ് വാദി പാർട്ടിയും എസ്.പിയും നാലും അഞ്ചും സ്ഥാനങ്ങളിലെത്തി.

മലപ്പുറത്തും മഞ്ചേരിയിലും ലീഗ് ഈസിയായി ജയിച്ചു കയറി. എങ്കിലും കഴിഞ്ഞ വർഷത്തെ ഭൂരിപക്ഷത്തിൽ നിന്നും ഇക്കുറി കാര്യമായ കുറവുണ്ടായി. മഞ്ചേരിയില്‍ സിറ്റിങ് എം.എല്‍.എ എം ഉമ്മര്‍ സിപിഐയിലെ കെ മോഹന്‍ദാസിനെ 19,616 വോട്ടിനാണ് തോൽപിച്ചത്.
മലപ്പുറത്ത് മുസ്‌ലിംലീഗിലെ പി ഉബൈദുല്ല, സി.പി.എമ്മിലെ കെ പി സുമതിയെ 35,672 വോട്ടിന് തോൽപിച്ചു. ബി.ജെ.പി സ്ഥാനാർത്ഥി ബാദുഷ തങ്ങൾക്ക് 7211 വോട്ട് നേടാനായി.

പെരിന്തൽമണ്ണയിൽ മഞ്ഞളാം കുഴി അലി നേരിയ വിത്യാസത്തിൽ രക്ഷപ്പെടുകയായിരുന്നു. 579 വോട്ടിനാണ് സി.പി.എമ്മിൻെറ വി. ശശികുമാറിനെ അലി തോൽപിച്ചത്. വോട്ടെണ്ണലിൽ ഒരു വേള ശശികുമാറായിരുന്നു മുന്നിൽ നിന്നിരുന്നത്. മങ്കട മണ്ഡലത്തിലും ലീഗിന് സമാന സ്ഥിതിയാണ് നേരിടേണ്ടി വന്നത്. ടി.എ അഹമ്മദ് കബീർ 1508 വോട്ടിൻെറ ഭൂരിപക്ഷത്തിൽ മാത്രമാണ് ജയിച്ചു കയറിയത്. ഇവിടെ ബിജെപി മൂന്നാം സ്ഥാനത്തെത്തിയപ്പോൾ വെൽഫയർ പാർട്ടി സ്ഥാനാർത്ഥി ഹമീദ് വാണിയമ്പലം 3999 വോട്ട് നേടി നാലാം സ്ഥാനത്തെത്തി.

വേങ്ങരയില്‍ കഴിഞ്ഞതവണത്തേതില്‍ നിന്നു വിഭിന്നമായി ശക്തമായ മല്‍സരവും പ്രചാരവും കാഴ്ചവയ്ക്കാന്‍ ഇടതിനായെങ്കിലും ലീഗ്  വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താൻ അവർക്കായില്ല. പി കെ കുഞ്ഞാലിക്കുട്ടി ഇവിടെ  സി.പി.എമ്മിലെ പി.പി ബഷീറിനെ തോൽപിച്ചത് 38057 വോട്ടിൻെറ വൻഭൂരിപക്ഷത്തിനായിരുന്നു.  മുസ്ലിം ലീഗ് സ്ഥാനാർത്ഥികളിൽ ഏറ്റവും ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടിക്ക് തന്നെ. കുഞ്ഞാലിക്കുട്ടി 72181 വോട്ട് നേടിയപ്പോൾ ബഷീർ 34124 വോട്ട് നേടി.

വള്ളിക്കുന്നില്‍ ഐഎന്‍എല്‍ സ്ഥാനാര്‍ഥി ഒ.കെ തങ്ങളെ 12,610 വോട്ടിൻെറ ഭൂരിപക്ഷത്തിനാണ് ലീഗിലെ പി അബ്ദുല്‍ ഹമീദ് തോൽപിച്ചത്. ഇവിടെ ബി.ജെ.പി 22,887 വേട്ട് നേടി. തിരൂരില്‍ സിപിഎം സ്വതന്ത്രന്‍ ഗഫൂര്‍ പി ലില്ലീസ് മുസ്‌ലിംലീഗിലെ സിറ്റിങ് എംഎല്‍എ സി മമ്മൂട്ടിക്ക് കടുത്ത വെല്ലുവിളിയുയയർത്തി. 7,061 വോട്ടിൻെറ ഭൂരിപക്ഷത്തിനാണ് മമ്മുട്ടി വിജയിച്ചത്.  കോട്ടക്കലിൽ അബ്ദുസ്സമദ് സമദാനിയുടെ പകരക്കാരനായി എത്തിയ ലീഗ് സ്ഥാനാർത്ഥി ആബിദ് ഹുസൈൻ തങ്ങൾ എൻ.സി.പി സ്ഥാനാർത്ഥി എൻ.എ മുഹമ്മദ് കുട്ടിയെ 15,042 വോട്ടിനാണ് തോൽപിച്ചത്.

നിലമ്പൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ആരാടൻ ഷൗക്കത്തിന് പ്രഥമ അങ്കത്തിൽ തന്നെ പരാജയം രുചിക്കേണ്ടി വന്നു. ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി പി.വി അൻവറിനോടാണ്  ആര്യാടൻ മുഹമ്മദിൻെറ മകന് തോൽവി പിണഞ്ഞത്. 11,504 വോട്ടിൻെറ മികച്ച ലീഡോടെയായിരുന്നു അൻവറിൻെറ വിജയം. തുടര്‍ച്ചയായി ആര്യാടന്‍ മുഹമ്മദ് ജയിച്ചു വന്നിരുന്ന മണ്ഡലമായിരുന്നു നിലമ്പൂര്‍. ഇത്തവണ മത്സര രംഗത്തു നിന്ന് ആര്യാടന്‍ മുഹമ്മദ് പിന്മാറിയതിനെ തുടര്‍ന്നാണ് മകനായ ആര്യാടന്‍ ഷൌക്കത്തിനെ മണ്ഡലം നിലനിര്‍ത്തുന്നതിനായി കോണ്‍ഗ്രസ് നേതൃത്വം രംഗത്തിറക്കിയത്. കുടുംബാധിപത്യത്തെയാണ് പി വി അന്‍വര്‍ ചോദ്യംചെയ്തിരുന്നത്. കോണ്‍ഗ്രസ്സിനുള്ളിലും യു.ഡി.എഫിലും നിലനിന്നിരുന്ന അനൈക്യം അൻവറിന് തുണയായി. വണ്ടൂരില്‍ പ്രതീക്ഷിച്ച പോലെ മന്ത്രി എ പി അനില്‍കുമാർ വിജയം നേടി. സിപിഎമ്മിലെ കെ നിഷാന്തിനെ 23,864 വോട്ടാണ് അനിൽകുമാർ തോൽപിച്ചത്.

കഴിഞ്ഞതവണ പൊന്നാനിയും തവനൂരുമൊഴിച്ച് 14 ഇടങ്ങളില്‍ യു.ഡി.എഫിനായിരുന്നു വിജയം. 12 ഇടത്ത് ലീഗും രണ്ടിടത്ത് കോണ്‍ഗ്രസ്സും. ഇടതിനു അന്ന് പൊന്നാനിയിലും തവനൂരിലും ജയിച്ച  പി ശ്രീരാമകൃഷ്ണനും കെ.ടി ജലീലും ഇത്തവണയും വിജയം ആവർത്തിച്ചു. തവനൂരില്‍ ജലീൽ കോണ്‍ഗ്രസ്സിലെ പി ഇഫ്ത്തിഖാറുദ്ദീനെയാണ് തോൽപിച്ചത്. 17,064  വോട്ടാണ് ജലീലിൻെറ ഭൂരിപക്ഷം. പി ശ്രീരാമകൃഷ്ണന് കോൺഗ്രസിലെ അജയ്മോഹനെ 15,640 വോട്ടിനാണ് തോൽപിച്ചത്.  എല്ലായിടത്തും എൻ.ഡി.എ മൂന്നാമതെത്തി. വെൽഫയർ പാർട്ടി, എസ്.ഡി.പി.ഐ. പി.ഡി.പി എന്നീ കക്ഷികളും വിവിധ മണ്ഡലങ്ങളിൽ തങ്ങളുടെ വോട്ട് നില മെച്ചപ്പെടുത്തി.

 

 

 


മുസ്തഫ അബൂബക്കർ

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.