ആളൊഴിഞ്ഞ് ഇന്ദിര ഭവന്‍; എങ്ങും നിരാശ

തിരുവനന്തപുരം: എക്സിറ്റ്പോള്‍ ഫലം പുറത്തുവന്നപ്പോള്‍ മുതല്‍ യു.ഡി.എഫ് കേന്ദ്രങ്ങളില്‍ നിഴലിച്ച ആശങ്ക വോട്ടെണ്ണല്‍ കഴിഞ്ഞതോടെ  കെ.പി.സി.സി ആസ്ഥാനത്ത് നിരാശയായി നിറഞ്ഞു. ഇരുട്ടടിപോലെ നാല് മന്ത്രിമാരുടെ തോല്‍വി.. വിജയിക്കുമെന്ന് ഉറപ്പിച്ചിരുന്ന പല മണ്ഡലങ്ങളിലെയും അപ്രതീക്ഷിത പരാജയം.. എല്ലാ അര്‍ഥത്തിലും നിരാശപ്പെടുത്തുന്നതായിരുന്നു ഇന്നലെ രാവിലെ എട്ടു മുതലുള്ള വാര്‍ത്തകള്‍.

തോല്‍വി മുന്നില്‍ക്കണ്ട പോലെയായിരുന്നു ഇന്ദിര ഭവനിലെ കാഴ്ചകള്‍. സുധീരന്‍ പാര്‍ട്ടി ആസ്ഥാനത്തത്തെിയത് വോട്ടെണ്ണല്‍ തുടങ്ങി എല്‍.ഡി.എഫിന്‍െറ മുന്നേറ്റം ഉറപ്പായശേഷമായിരുന്നു. കെ.പി.സി.സി ട്രഷറര്‍ ജോണ്‍സണ്‍ എബ്രഹാം, അഡ്വ. ബിന്ദു കൃഷ്ണ, മണക്കാട് സുരേഷ്, പഴകുളം മധു തുടങ്ങി ചുരുക്കം ചില നേതാക്കള്‍ മാത്രമാണ് രാവിലെ ഇന്ദിര ഭവനിലുണ്ടായിരുന്നത്. ആദ്യ അരമണിക്കൂറിലെ ഇഞ്ചോടിഞ്ച് പോരാട്ടസമയത്ത് മാത്രമാണ് നേതാക്കളുടെ മുഖത്ത് അല്‍പമെങ്കിലും ചിരി മിന്നിമറഞ്ഞത്. യു.ഡി.എഫിന്‍െറ തിരിച്ചടിവാര്‍ത്തകള്‍ വന്നതോടെ അവര്‍ ചാനലുകള്‍ മാറ്റിനോക്കി. പക്ഷേ ആശ്വാസം നല്‍കുന്ന വാര്‍ത്തകള്‍ കുറവായിരുന്നു.  

10മണിയോടെ ശശിതരൂര്‍ എം.പി ഓഫിസില്‍ എത്തി. ദേശീയചാനലുകള്‍ സുധീരന്‍െറ പ്രതികരണത്തിനായി തിടുക്കം കാട്ടിയെങ്കിലും അവരോട് പ്രതികരിക്കാന്‍ സുധീരന്‍ ശശിതരൂരിനെ ചുമതലപ്പെടുത്തി. കെ. ബാബു പിന്നിലാണെന്നും അടൂര്‍ പ്രകാശും കെ.സി. ജോസഫും മുന്നിലാണെന്നുമുള്ള വാര്‍ത്തകള്‍ വരുമ്പോഴും മനസ്സിലുള്ളത് പുറത്തുകാണിക്കാതെ, ടി.വിയിലേക്ക് കണ്ണുംനട്ട് സുധീരന്‍ ഇരുന്നു. സിറ്റിങ് സീറ്റുകളായ നെയ്യാറ്റിന്‍കരയും വര്‍ക്കലയും നഷ്ടമായെന്ന ആദ്യഫലം പുറത്തുവന്നതോടെ സുധീരന്‍െറ മുഖത്ത് നിരാശ നിഴലിച്ചു. ചാത്തന്നൂരില്‍ ശൂരനാട് രാജശേഖരനും മലമ്പുഴയില്‍ വി.എസ്. ജോയിയും മൂന്നാംസ്ഥാനത്താണെന്ന വാര്‍ത്ത നേതാക്കളെ അമ്പരപ്പിക്കുന്നതായി.

ഇതിനിടെ കെ.എസ്. ശബരീനാഥന്‍ വന്‍ ഭൂരിപക്ഷത്തിന്‍െറ തിളക്കത്തോടെ സുധീരനെ കാണാനത്തെി. സുധീരന്‍െറ കാല്‍തൊട്ടുവന്ദിച്ചാണ് ശബരി നന്ദി പറഞ്ഞത്. ‘സിറ്റുവേഷന്‍ ഈസ് വെരി വെരി ബാഡ്’എന്നായിരുന്നു സുധീരന്‍െറ മറുപടി. തുടര്‍ന്ന് മുറിക്കുള്ളിലേക്ക് പോയ അദ്ദേഹം ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ഫോണില്‍ സംസാരിച്ചു. കെ. മുരളീധരന്‍െറ ലീഡ് ഒരു ഘട്ടത്തില്‍ താഴേക്ക് കൂപ്പുകുത്തിയപ്പോഴുണ്ടായ ആശങ്ക പിന്നീട് സന്തോഷത്തിന് വഴിമാറി. കനത്ത തോല്‍വി ഉറപ്പായതോടെ ഉച്ചക്ക് ഒരുമണിക്ക് സുധീരന്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയാറെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.