തുടക്കം മുതല്‍ ഒടുക്കംവരെ ഇടതു മാത്രം

തിരുവനന്തപുരം: വോട്ടെണ്ണലിന്‍െറ തുടക്കം മുതല്‍ ഒടുക്കം വരെ ഇടതു മുന്നണിയുടേത് സ്ഥിരതയാര്‍ന്ന മുന്നേറ്റം. ഒരു ഘട്ടത്തില്‍ പോലും യു.ഡി.എഫിന് മേല്‍ക്കൈ നേടാനായില്ല. ദേശീയ ജനാധിപത്യ സഖ്യം പല മണ്ഡലങ്ങളിലും ചില സമയങ്ങളില്‍ മുന്നില്‍ വന്നു. ലീഡുകള്‍ മാറിമറിഞ്ഞ് ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മണ്ഡലങ്ങളുമുണ്ട്. പത്തനാപുരത്ത് ഗണേഷിന്‍െറ മേല്‍ക്കൈയോടെയായിരുന്നു ഇടതു പടയോട്ടം. നേമത്ത് ഒ. രാജഗോപാലിലൂടെ ബി.ജെ.പിയും വിജയസൂചന നല്‍കി.
പാലായില്‍ കെ.എം. മാണി ആദ്യം പിന്നിലായിരുന്നു. മാണി സി. കാപ്പനാണ് തുടക്കത്തില്‍ മുന്നേറിയത്. പിന്നീട് മാണി  ലീഡ് നിലനിര്‍ത്തി വിജയിക്കുകയായിരുന്നു. സമാനമായിരുന്നു തൃപ്പൂണിത്തുറയില്‍ കെ. ബാബുവിന്‍െറ സ്ഥിതിയും. ഒരു ഘട്ടത്തില്‍ ഇരുവരും ഒരേ വോട്ട് നേടിയെങ്കിലും വ്യക്തമായ മേല്‍ക്കൈ എം. സ്വരാജ് നേടുകയായിരുന്നു.

ഒരു ഘട്ടത്തില്‍ അപ്രതീക്ഷിതമായി കരുനാഗപ്പള്ളിയിലും കാഞ്ഞിരപ്പള്ളിയിലും കോവളത്തും തൊടുപുഴയിലും എന്‍.ഡി.എ മുന്നിലത്തെിയിരുന്നു. പതിവിനു വിപരീതമായി തപാല്‍ വോട്ടുകളുടെ നല്ല വിഹിതം നേടാന്‍ എന്‍.ഡി.എക്കായി. കഴക്കൂട്ടത്ത് ആദ്യം കോണ്‍ഗ്രസിലെ എം.എ. വാഹിദായിരുന്നു മുന്നില്‍. പിന്നീട് സി.പി.എമ്മിലെ കടകംപള്ളി സുരേന്ദ്രന്‍ ലീഡ് പിടിച്ചു.ബിജെ.പിയുടെ മുരളീധരന്‍   രണ്ടാം സ്ഥാനത്തത്തെുകയും വാഹിദ് മൂന്നാം സ്ഥാനത്തേക്കും പോയി. കാസര്‍കോട് ഒരു ഘട്ടത്തില്‍ ബി.ജെ.പി 7000 വോട്ടു വരെ ലീഡ് ചെയ്തു. എന്നാല്‍, ലീഗിന്‍െറ കോട്ടകള്‍ എണ്ണിയതോടെ ബി.ജെ.പി പിന്നാക്കം പോയി. മഞ്ചേശ്വരത്ത് ബി.ജെ.പിയും ലീഗും ലീഡ് മാറിമാറി നേടി. പല ഘട്ടത്തിലും ബി.ജെ.പി വിജയിക്കുമെന്ന് തോന്നിച്ചു.  89 വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ വിജയം യു.ഡി.എഫിനാവുകയായിരുന്നു. തിരുവനന്തപുരം മണ്ഡലത്തില്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് ചില ഘട്ടത്തില്‍ രണ്ടാം സ്ഥനത്തുവന്നു.  പാലക്കാട് ബി.ജെ.പിയുടെ ശോഭാ സുരേന്ദ്രന്‍ ഏറെ സമയം ലീഡ് പിടിച്ചു. അവസാനം കോണ്‍ഗ്രസിലെ ഷാഫി പറമ്പില്‍ ശക്തമായ മുന്നേറ്റം നടത്തി.

 നെയ്യാറ്റിന്‍കരയില്‍  കെ. ആന്‍സലന്‍ 9543 വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ വിജയിച്ചു. പിന്നാലെ തിരുവമ്പാടിയില്‍ ജോര്‍ജ് എം. തോമസും. വര്‍ക്കലയില്‍ വി. ജോയിക്ക് അട്ടിമറി വിജയം. ചെങ്ങന്നൂരില്‍ ലീഡ് നില മാറിമറിയുകയായിരുന്നു. ചില അവസരങ്ങളില്‍ പി.സി. വിഷ്ണുനാഥും പി.എസ്. ശ്രീധരന്‍പിള്ളയും കെ.കെ. രാമചന്ദ്രന്‍നായരും മുന്നില്‍ നിന്നു. ഒടുവില്‍ വ്യക്തമായ ഭൂരിപക്ഷത്തിന് ഇടതുമുന്നണി വിജയം ഉറപ്പിച്ചു.
കോവളം, അഴീക്കോട്, പെരിന്തല്‍മണ്ണ,നെടുമങ്ങാട്, വട്ടിയൂര്‍ക്കാവ്, ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ ഇഞ്ചോടിഞ്ച് പോരായിരുന്നു. അഴീക്കോട്ട് എം.വി. നികേഷ്കുമാര്‍ വിജയപ്രതീതിയുണ്ടാക്കിയെങ്കിലും അവസാനം വീണു. മന്ത്രി മഞ്ഞളാംകുഴി അലിയും കഷ്ടിച്ചാണ് കടന്നുകൂടിയത്.  കെ. ബാബു, ശ്രേയാംസ്കുമാര്‍, എന്‍. ശക്തന്‍, ജോസഫ് വാഴക്കന്‍, കെ. സുധാകരന്‍, ഷിബു ബേബിജോണ്‍, പി.കെ. ജയലക്ഷമി, പത്മജ വേണുഗോപാല്‍ തുടങ്ങിയ അതികായര്‍ നിലം പതിച്ചു. പിണറായി, വി.എസ്, ഉമ്മന്‍ ചാണ്ടി, മാണി, കുഞ്ഞാലിക്കുട്ടി, ഒ. രാജഗോപാല്‍, പി.സി. ജോര്‍ജ് അടക്കം പ്രമുഖര്‍ വിജയം കൊയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.