കേന്ദ്രബജറ്റ് സങ്കുചിത താല്‍പ്പര്യം സംരക്ഷിക്കുന്നത് -കെ.സുധാകരന്‍ എം.പി

തിരുവനന്തപുരം: എൻ.ഡി.എ മുന്നണിയുടെ സങ്കുചിത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള രാഷ്ട്രീയപ്രേരിത ബജറ്റാണ് മൂന്നാം മോദിസര്‍ക്കാരിന്റെ കന്നിബജറ്റെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

ഫെഡറൽ തത്വങ്ങള്‍ക്ക് എതിരാണ് മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യബജറ്റ്. ബി.ജെ.പി ഇതര സംസ്ഥാനങ്ങളോടുള്ള സമീപനം ഈ ബജറ്റിലും മോദി ഭരണകൂടം കാട്ടി. എൻ.ഡി.എയുടെ ഘടകക്ഷികള്‍ക്ക് പരിഗണന നല്‍കിയതിന് അപ്പുറം ജനപ്രിയ പദ്ധതികളൊന്നുമില്ല. രാജ്യത്തെ മതേതര രാഷ്ട്രീപാര്‍ട്ടികള്‍ സംയുക്തമായി ഈ വിവേചന നിലപാടിനെതിരെ പ്രക്ഷോഭം നടത്തണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

ബിഹാറിനും ആന്ധ്രയ്ക്കും കൂടുതല്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചപ്പോള്‍ കേരളത്തെ തഴഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഒരു സഹായവും പ്രഖ്യാപിക്കാത്തത് നിരാശാജനകമാണ്. കേരളത്തിനോടുള്ള അവഗണനയ്ക്ക് എതിരെ എല്ലാവരുടേയും യോജിച്ചുള്ള സമരം അനിവാര്യമാണ്. പ്രളയ ദുരിതാശ്വാസ പദ്ധതികളിലും കേരളത്തെ തഴഞ്ഞു. എയിംസ് എന്നത് സ്വപ്‌നമായി തന്നെ തുടരും. കേരളത്തില്‍ നിന്ന് രണ്ടു കേന്ദ്രമന്ത്രിമാരുണ്ടായിട്ടും കേരളത്തിന് ഒരു പരിഗണനയുമില്ല. മോദി അധികാരത്തില്‍ വന്ന ശേഷമുള്ള എല്ലാ ബജറ്റിലും കേരളത്തിന് അവഗണനമാത്രമാണ്. അത് ഇത്തവണയും ആവര്‍ത്തിച്ചു. റെയില്‍,കാര്‍ഷിക,തൊഴില്‍,ആരോഗ്യ,തീരദേശ മേഖലയ്ക്ക് അര്‍ഹമായ പരിഗണന നല്‍കിയില്ലെന്നും കെ.സുധാകരന്‍ വിമര്‍ശിച്ചു.

രാജ്യത്തിന്റെ ഒരു മേഖലയും മോദി സര്‍ക്കാരിന്റെ കൈയില്‍ സുരക്ഷിതമല്ലെന്ന് തെളിയിക്കുന്ന ബജറ്റാണിത്. പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രിക്കാന്‍ ക്രിയാത്മക നിർദേശങ്ങളില്ല. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പലപദ്ധതികളും ഇപ്പോഴും ചുവപ്പ് നാടയിലാണ്. പദ്ധതിനടത്തിപ്പിന് ആവശ്യമായ പണം എങ്ങനെ കണ്ടെത്തുമെന്നത് സംബന്ധിച്ച് വ്യക്തയില്ലാതെയാണ് ഇത്തവണയും കുറെ പദ്ധതികള്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇവയുടെയും സ്ഥാനം കടലാസില്‍ മാത്രം ആയിരിക്കും. രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് തൊലിപ്പുറത്തെ ചികിത്സയല്ല ആവശ്യം. ആഴത്തിലുള്ള ശസ്ത്രക്രിയയാണ് വേണ്ടതെന്നും കെ.സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - Third Modi government's first budget is against the country's federal principles-K Sudhakaran MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.