സാമ്പത്തിക പ്രതിസന്ധി സര്‍ക്കാറിന്‍െറ ആദ്യ വെല്ലുവിളി

തിരുവനന്തപുരം: ബുധനാഴ്ച അധികാരമേല്‍ക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ ആദ്യ വെല്ലുവിളി രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയായിരിക്കും. വരുമാനം വര്‍ധിക്കാത്തതും ചെലവ് ഒരു നിയന്ത്രണവുമില്ലാതെ കുതിച്ചുയരുകയും ചെയ്യുന്നതുമൂലം ട്രഷറി പൂട്ടാതെ തട്ടിമുട്ടി മുന്നോട്ടുനീക്കുകയായിരുന്നു കഴിഞ്ഞ മൂന്നുവര്‍ഷം. വരുമാന വര്‍ധനക്ക് കൊണ്ടുവന്ന നടപടികളൊന്നും ഫലം കണ്ടില്ളെന്നുമാത്രമല്ല അനുദിനം പ്രതിസന്ധി വഷളാവുകയും ചെയ്തു. സാമ്പത്തിക പ്രതിസന്ധിയില്ളെന്ന് ഭരണക്കാര്‍ ആണയിടുമ്പോഴും ശമ്പളവും പെന്‍ഷനും മുടങ്ങാതെ നല്‍കണമെങ്കില്‍ 1000 കോടിയെങ്കിലും കടമെടുക്കേണ്ട അവസ്ഥയിലായിരുന്നു. ബജറ്റിലെ ചെലവുകള്‍ക്ക് പണം കണ്ടത്തൊന്‍ വിഷമിച്ച സര്‍ക്കാര്‍ വാര്‍ഷിക പദ്ധതികളുടെ വിനിയോഗം പലപ്പോഴും പേരിന് മാത്രമാക്കിയിരുന്നു. മൂലധനച്ചെലവിന് വകയിരുത്തിയ പണംപോലും കാര്യമായി വിനിയോഗിക്കാനായില്ല.

കാലിയായ ഖജനാവാണ് പുതിയ സര്‍ക്കാറിനെ വരവേല്‍ക്കുന്നത്. ഈ മാസം 1500 കോടിയിലേറെ കടമെടുത്ത് ട്രഷറിയിലിട്ടിട്ടുണ്ട്. ശമ്പള പരിഷ്കരണം നടപ്പാക്കിയെങ്കിലും കുടിശ്ശിക നല്‍കിയിട്ടില്ല. ഇത് നാല് ഗഡുക്കളായി നല്‍കാനാണ് ഉത്തരവ്. വര്‍ധിപ്പിച്ച ശമ്പളം നല്‍കാന്‍ ആവശ്യമായ പണം കണ്ടെത്തേണ്ട ബാധ്യത പുതിയ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടിവരും. തനതു വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ പുതിയ ധനമന്ത്രിയില്‍നിന്നുണ്ടാകുമെന്നാണ് കരുതുന്നത്. അനാവശ്യ ചെലവുകള്‍ കുറക്കാനും നികുതി ചോര്‍ച്ച തടയാനും കുടിശ്ശിക പിരിക്കാനും നടപടികള്‍ വരും. നേരത്തേ തോമസ് ഐസക് ധനമന്ത്രിയായിരുന്നപ്പോള്‍ ഈ രംഗങ്ങളില്‍ ഏറെ ശ്രദ്ധിച്ചിരുന്നു. ചെക്പോസ്റ്റുകളിലെ ചോര്‍ച്ച തടയാന്‍ നടപടിയുമുണ്ടായി. നികുതിക്ക് സ്റ്റേ നല്‍കുന്ന രീതിയും അദ്ദേഹം അവസാനിപ്പിച്ചിരുന്നു. വരുമാന വര്‍ധനക്കുള്ള ശക്തമായ നടപടികള്‍ പുതിയ ധനമന്ത്രി കൈക്കൊള്ളേണ്ടിവരും.  

പുതിയ സര്‍ക്കാര്‍ അധികാരമേറ്റാലുടന്‍ പുതിയ നയപ്രഖ്യാപനവും പുതിയ ബജറ്റും വരും. ഈ വര്‍ഷത്തേക്ക് അവതരിപ്പിച്ച ബജറ്റ് നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന് നിര്‍ബന്ധമില്ല. പുതിയ സര്‍ക്കാര്‍ നയമനുസരിച്ച പദ്ധതികള്‍ വരും. ട്രഷറിയില്‍ പരമാവധി പണം നിലനിര്‍ത്താനുള്ള നീക്കം നേരത്തേ ഐസക് നടത്തിയിരുന്നു. അതില്‍ യു.ഡി.എഫ് സര്‍ക്കാര്‍ താല്‍പര്യം കാണിച്ചില്ല. ട്രഷറിയില്‍നിന്ന് പണം പിന്‍വലിച്ച് ബാങ്കുകളിലേക്ക് പോയതോടെയാണ് ട്രഷറി കാലിയായത്. രൂക്ഷമായ പ്രതിസന്ധിയാണെങ്കിലും ഇതുവരെ ട്രഷറി അടച്ചുപൂട്ടേണ്ടിവന്നിരുന്നില്ല. തെരഞ്ഞെടുപ്പ് സമയത്ത് അവതരിപ്പിച്ച ബജറ്റിലൊഴികെ കനത്ത നികുതിഭാരമാണ് സര്‍ക്കാര്‍ അടിച്ചേല്‍പിച്ചിരുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.