വെടിക്കെട്ടപകടം: 70പേര്‍ക്ക് 6.2 കോടി നല്‍കി

കൊല്ലം: പരവൂര്‍ വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായ വിതരണം ഏകദേശം പൂര്‍ത്തിയായതായി കലക്ടര്‍ എ. ഷൈനാമോള്‍ അറിയിച്ചു. മരിച്ചവരില്‍ കൊല്ലം ജില്ലയില്‍പ്പെട്ട 50പേരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപ വീതം നല്‍കി. ജില്ലയില്‍ 71 പേരാണ് മൊത്തം മരിച്ചത്. ബാക്കി 20 പേര്‍ക്ക് ആറു ലക്ഷം രൂപ വീതം വിതരണം ചെയ്തിട്ടുണ്ട്. ഒരു കേസില്‍ അവകാശത്തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ യഥാര്‍ഥ അവകാശികളെ നിശ്ചയിച്ച് രണ്ടുദിവസത്തിനകം തുക നല്‍കും. ഇവര്‍ക്ക് അടിയന്തര സഹായമായ 10,000 രൂപ നല്‍കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് ആറു ലക്ഷവും സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍നിന്ന് നാലു ലക്ഷം രൂപയും ചേര്‍ത്ത് 10 ലക്ഷം രൂപയാണ് മരിച്ചവരുടെ ആശ്രിതര്‍ക്ക് നല്‍കുന്നത്. സംസ്ഥാന ദുരന്തനിവാരണനിധിയില്‍നിന്ന് ജില്ലക്ക് അനുവദിച്ച രണ്ടു കോടിയില്‍ നാലു ലക്ഷം രൂപ വീതം 50 പേര്‍ക്ക് വിതരണംചെയ്തു. ബാക്കി തുക സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വരുംദിവസങ്ങളില്‍ 21 പേര്‍ക്കും നാലു ലക്ഷം രൂപവീതം വിതരണംചെയ്യും. അപകടത്തില്‍ അംഗഭംഗം വന്നവര്‍ക്ക് രണ്ടുലക്ഷം രൂപവീതം നല്‍കാനുള്ള തുക കൊല്ലം തഹസില്‍ദാര്‍ക്ക് കൈമാറി. വിതരണത്തിനുള്ള നടപടിക്രമവും പൂര്‍ത്തിയായി. ചികിത്സയില്‍ കഴിയുന്നവരുടെ പരിക്ക് സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തിലെ സംഘം പരിശോധിച്ച് നിസ്സാര പരിക്കേറ്റവര്‍, ഗുരുതര പരിക്കേറ്റവര്‍ എന്ന് തരംതിരിച്ച് പട്ടിക തയാറാക്കിയിട്ടുണ്ട്. ഇതുപ്രകാരം സര്‍ക്കാര്‍ അനുവദിച്ച ധനസഹായം ഉടന്‍ വിതരണം ചെയ്യും. അടിയന്തര സഹായമായി 5000 രൂപ ഇവര്‍ക്ക് നേരത്തേ നല്‍കി. തിരുവനന്തപുരം ജില്ലയില്‍ ചികിത്സയിലിരുന്നവരുടെ വിവരങ്ങള്‍ അവിടത്തെ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതു ലഭ്യമായാല്‍ അവര്‍ക്കുള്ള തുകയും ഉടന്‍ വിതരണം ചെയ്യും. തിരുവനന്തപുരം ജില്ലയില്‍പെട്ട 36 പേരും ഇടുക്കി, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍പെട്ട ഒരോരുത്തരും അപകടത്തില്‍ മരിച്ചു. ഇവര്‍ക്കുള്ള സഹായം അതത് കലക്ടറേറ്റുകള്‍ മുഖേനയാകും വിതരണം ചെയ്യുക. മരിച്ചവരുടെ ആശ്രിതരെ കണ്ടത്തൊനും ആവശ്യമായ രേഖകള്‍ തയാറാക്കാനും കലക്ടറേറ്റില്‍ ഡെപ്യൂട്ടി കലക്ടര്‍ ആര്‍. വിജയകുമാറിന്‍െറ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ തിരക്കിനിടയിലും കാലതാമസം കൂടാതെ ധനസഹായ വിതരണം വേഗത്തിലാക്കാന്‍ കഴിഞ്ഞതായി കലക്ടര്‍ അവകാശപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.