കോട്ടയം: ബാര്‍കോഴയടക്കം വിവാദ കേസുകളില്‍ സര്‍ക്കാര്‍ സമ്മര്‍ദത്തിന് വഴങ്ങാത്തതിന്‍െറ പേരില്‍ വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍നിന്ന് ഒഴിവാക്കിയ ഡി.ജി.പി ജേക്കബ് തോമസ് ഉള്‍പ്പെടെയുള്ള പ്രമുഖരെ വീണ്ടും പഴയ ലാവണത്തില്‍ തിരിച്ചത്തെിക്കാന്‍ ഇടത് സര്‍ക്കാര്‍ ആലോചിക്കുന്നു. ഒപ്പം വിവാദകേസുകളുടെ എല്ലാവിശദാംശങ്ങളും ഫയലുകളുടെ ഇപ്പോഴത്തെ അവസ്ഥയും അറിയാനും സര്‍ക്കാര്‍ തീരുമാനിച്ചു. വിജിലന്‍സില്‍ കെട്ടിക്കിടക്കുന്ന കേസുകളില്‍ അന്വേഷണം വേഗം പൂര്‍ത്തിയാക്കാനുള്ള നടപടികളും ആരംഭിക്കും. പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും മുന്‍ മന്ത്രിമാരുടെയും ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥരുടേതുമടക്കം നൂറുകണക്കിന് കേസുകളാണ് ഉന്നതതല സമ്മര്‍ദത്തെ തുടര്‍ന്ന് വിജിലന്‍സില്‍ കെട്ടിക്കിടക്കുന്നത്. എല്ലാ ഫയലുകളും പൊടിതട്ടിയെടുക്കാനാണ് സര്‍ക്കാര്‍ നീക്കം.
സുപ്രധാന കേസുകളുടെയെല്ലാം അന്വേഷണം ആരംഭിക്കാനിരിക്കെ ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയരായ മന്ത്രിമാരുടെ പങ്ക് പുറത്തുകൊണ്ടുവന്നതിന്‍െറ പേരില്‍ ഒരുകൂട്ടം ഉദ്യോഗസ്ഥരെ ബലിയാടാക്കി വിജിലന്‍സില്‍നിന്ന് തുരത്തിയ മുന്‍ സര്‍ക്കാറിന്‍െറ നടപടി അന്ന് വിമര്‍ശത്തിന് വഴിയൊരുക്കിയിരുന്നു. തുടര്‍ന്ന്, ജേക്കബ് തോമസ് അടക്കമുള്ളവരെ തലപ്പത്തുനിന്ന് ഒഴിവാക്കി അപ്രധാന തസ്തികയില്‍ നിയമിച്ചു. സീനിയോറിറ്റി മറികടന്ന് എ.ഡി.ജി.പി റാങ്കിലുള്ള ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറാക്കി. ഈ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും പൊലീസ് ഉന്നതര്‍ രംഗത്തത്തെിയതോടെ സേനയുടെ വിശ്വാസ്യതയും ചോദ്യംചെയ്യപ്പെട്ടു. പിന്നീട് സര്‍ക്കാര്‍ ഇടപെട്ട് ഉന്നത ഉദ്യോഗസ്ഥരുടെ വാക്പയറ്റ് നിയന്ത്രിക്കുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ജേക്കബ് തോമസുമായി ചര്‍ച്ച നടത്തിയത്. വിജിലന്‍സിന്‍െറ പ്രവര്‍ത്തനം സുതാര്യവും നിഷ്പക്ഷവുമായി മുന്നോട്ടുകൊണ്ടുപോകാനുള്ള നടപടികള്‍ക്കും ഒരാഴ്ചക്കകം ആഭ്യന്തര വകുപ്പ് തുടക്കമിടുമെന്നാണ് വിവരം. മുന്‍ സര്‍ക്കാര്‍ ഒഴിവാക്കിയ കഴിവുറ്റ ഉദ്യോഗസ്ഥരെ താക്കോല്‍സ്ഥാനങ്ങളില്‍ നിയമിക്കാന്‍ സര്‍ക്കാര്‍ തത്ത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. വിജിലന്‍സുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു. മുന്‍ സര്‍ക്കാര്‍ മാറ്റിനിര്‍ത്തിയ ഋഷിരാജ് സിങ്ങിനെപ്പോലുള്ള ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നത് സര്‍ക്കാറിന്‍െറ പരിഗണനയിലാണ്. അവധിയെടുത്ത് അമേരിക്കയില്‍ പോയ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി മടങ്ങിയത്തെിയാലുടന്‍ പുതിയ തസ്തികയിലേക്ക് മാറേണ്ടിവരുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.