റേഷന്‍ കാര്‍ഡ്: മുന്‍ഗണനാ പട്ടികയിലും അപാകതക്ക് സാധ്യത; നടപടി വൈകും

മലപ്പുറം: രണ്ട് വര്‍ഷമായി തുടരുന്ന റേഷന്‍ കാര്‍ഡ് പുതുക്കല്‍ പ്രക്രിയക്ക് പുതിയ സര്‍ക്കാറിന്‍െറ വരവോടെ വേഗത കൈവരുമെന്ന പ്രതീക്ഷയില്‍ കാര്‍ഡ് ഉടമകള്‍. കാര്‍ഡ് പുതുക്കല്‍ നടപടികളിലുടനീളം ഇരുട്ടില്‍ തപ്പിയ ശേഷം മുന്‍ഗണനാ പട്ടിക പുറത്തിറക്കാതെയാണ് യു.ഡി.എഫ് സര്‍ക്കാര്‍ പടിയിറങ്ങിയത്.

പുതിയ സിവില്‍ സപൈ്ളസ് മന്ത്രി പി. തിലോത്തമന്‍െറ ആദ്യ കടമ്പ റേഷന്‍ കാര്‍ഡ് പുതുക്കി നല്‍കലാകും. ധൃതിപ്പെട്ട് തയാറാക്കിയതിനാല്‍ മുന്‍ഗണനാ പട്ടികയില്‍ അപാകത കടന്നുകൂടാന്‍ സാധ്യത ഏറെയാണ്. അര്‍ഹര്‍ക്ക് ആനുകൂല്യം നിഷേധിക്കപ്പെടുമ്പോള്‍ വ്യാപക പ്രതിഷേധം ഉയരുമെന്ന് ഭയന്നാണ് പട്ടിക തയാറായിട്ടും തെരഞ്ഞെടുപ്പിന് മുമ്പ് മുന്‍ സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്താതിരുന്നത്. നിരവധി പേര്‍ ബി.പി.എല്‍ പട്ടികയില്‍നിന്ന് പുറത്താകാന്‍ സാധ്യതയുണ്ട്.

തയാറായ മുന്‍ഗണനാ പട്ടിക പഞ്ചായത്ത് തലത്തില്‍ പ്രസിദ്ധപ്പെടുത്തുകയാണ് അടുത്ത നടപടി. പൊതുജനങ്ങളില്‍നിന്ന് ഇതുസംബന്ധിച്ച ആക്ഷേപം കേട്ട ശേഷം ആവശ്യമായ തിരുത്തലുകള്‍ വരുത്തേണ്ടതുണ്ട്. വില്ളേജ് ഓഫിസര്‍, റേഷനിങ് ഇന്‍സ്പെക്ടര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവരടങ്ങിയ പഞ്ചായത്തുതല കമ്മിറ്റി ആക്ഷേപം കേട്ട ശേഷം പ്രശ്നങ്ങളുണ്ടെങ്കില്‍ ജില്ലാ കലക്ടര്‍ക്ക് അപ്പീല്‍ നല്‍കും. നേരത്തേ അപേക്ഷകള്‍ ഡാറ്റാ എന്‍ട്രി നടത്തിയപ്പോള്‍ അപാകതകളുടെ കൂമ്പാരമായിരുന്നു. തുടര്‍ന്ന്, ഓണ്‍ലൈനിലൂടെയും പിന്നീട് റേഷന്‍ കടകളിലൂടെ ഫോറങ്ങള്‍ വിതരണം ചെയ്തും തിരുത്തല്‍ നടത്താന്‍ അവസരം നല്‍കി. മുന്‍ഗണനാ പട്ടികയുടെ കാര്യത്തിലും അപാകതകളുണ്ടാകുമെന്നതിനാല്‍ നപടികള്‍ ഇനിയും നീളാന്‍ സാധ്യതയുണ്ട്.

റേഷന്‍ കാര്‍ഡ് പുതുക്കല്‍ നടക്കുന്നതിനാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി പുതിയ റേഷന്‍ കാര്‍ഡുകള്‍ക്കുള്ള അപേക്ഷ സ്വീകരിക്കുന്നില്ല. നിരവധി പേരാണ് കാര്‍ഡ് ലഭിക്കാത്തതിനാല്‍ പ്രയാസപ്പെടുന്നത്. താല്‍ക്കാലിക കാര്‍ഡ് നല്‍കാമെന്ന് നിര്‍ദേശമുണ്ടെങ്കിലും വിരലിലെണ്ണാവുന്ന കാര്‍ഡുകള്‍ മാത്രമാണ് അനുവദിച്ചത്. ഇതുതന്നെ ലോകായുക്തയുടെ ഇടപെടലിലൂടെയും മുഖ്യമന്ത്രിയുടെ ശിപാര്‍ശയിലൂടെയും നല്‍കിയതാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.