അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ തിരിച്ചെടുത്തതിന് പിന്നിൽ ഗൂഢാലോചന: എ.സി മൊയ്തീൻ

തിരുവനന്തപുരം: കൺസ്യൂമർഫെഡ് അഴിമതിക്കേസിൽ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാൻ ഉത്തരവിറക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സഹകരണ മന്ത്രി എ.സി മൊയ്തീൻ. കുറ്റക്കാര്‍‍ക്കെതിരെ കർശന നടപടിയുണ്ടാകും. മദ്യം കൂടുതൽ വിറ്റ് വരുമാനം വർധിപ്പിക്കില്ല. വിലക്കയറ്റം തടയുകയാണ് പ്രധാന ലക്ഷ്യമെന്നും എ.സി മൊയ്തീൻ പറഞ്ഞു.

ഗൗരവമായ ആലോചനയില്ലാതെ എടുത്ത തീരുമാനമായിരുന്നു ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാനുള്ള നടപടി. എൽ.ഡി.എഫും അഴിമതിക്ക് കൂട്ടുനിൽക്കുന്നുവെന്ന പ്രചരണം സൃഷ്ടിക്കുകയായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യം. ഉദ്യോഗസ്ഥ തലത്തിൽ അടിമുടി മാറ്റം വരുത്തും. വിദഗ്ധരായ ഉദ്യോഗസ്ഥരെ തലപ്പത്ത് നിയോഗിക്കും. അഴിമതിക്കാരായ ഒരു ഉദ്യോഗസ്ഥരെയും സംരക്ഷിക്കില്ല.

ലാഭകരമല്ലാത്ത വിതരണ കേന്ദ്രങ്ങൾ അടച്ചുപൂട്ടും. ദിവസവേതന അടിസ്ഥാനത്തിലുള്ള മുഴുവൻ ജീവനക്കാരെയും നിലനിർത്താൻ കഴിയില്ല. പൂട്ടിയ വിദേശ മദ്യഷോപ്പുകളുടെ സ്ഥാനത്ത് ബിയർ-വൈൻ പാർലറുകൾ തുടങ്ങാനുള്ള മുൻ സർക്കാർ തീരുമാനം നടപ്പാക്കില്ലെന്നും മൊയ്തീൻ വ്യക്തമാക്കി.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.