സവര്‍ണ മേധാവിത്തത്തിനെതിരെ ഓണപ്പൊട്ടന്മാര്‍ തെരുവിലിറങ്ങി

കോഴിക്കോട്: ആര്‍.എസ്.എസിന്‍െറ സവര്‍ണ മേധാവിത്തത്തിനെതിരെ പ്രതിഷേധമുയര്‍ത്തി ഓണപ്പൊട്ടന്മാര്‍ തെരുവിലിറങ്ങി. ഓണേശ്വരന്‍െറ (ഓണപ്പൊട്ടന്‍) വേഷം കെട്ടിയാണ് നഗരത്തിലൂടെ തെയ്യം കലാകാരന്മാര്‍ പ്രതിഷേധിച്ചത്.

തിരുവോണനാളില്‍ ഓണേശ്വരന്‍െറ വേഷം കെട്ടി വീടുകള്‍ സന്ദര്‍ശിക്കുന്നതിനിടെ തെയ്യം കലാകാരനെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് കൂട്ടായ്മ നടത്തിയത്. കേരള മലയന്‍-പാണന്‍ സമുദായോദ്ധാരണ സംഘം നേതൃത്വത്തിലായിരുന്നു കൂട്ടായ്മ. നിരവധി കലാകാരന്മാര്‍ ഓണേശ്വരന്‍െറ വേഷം കെട്ടി നിരത്തിലിറങ്ങി.

മലബാര്‍ ക്രിസ്ത്യന്‍ കോളജ് പരിസരത്തുനിന്നാരംഭിച്ച് മൊഫ്യൂസല്‍ സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ച പ്രതിഷേധ കൂട്ടായ്മ പുരുഷന്‍ കടലുണ്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിജയന്‍ കൊല്ലം അധ്യക്ഷതവഹിച്ചു. കേരള മലയന്‍-പാണന്‍ സമുദായോദ്ധാരണ സംഘം സംസ്ഥാന രക്ഷാധികാരി സി.കെ. വിജയന്‍, ശ്രീധരന്‍ തിരുവങ്ങൂര്‍, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്‍റ് എസ്.കെ. സജീഷ്, ജില്ലാ ട്രഷറര്‍ വി. വസീഫ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി വേലായുധന്‍ കീഴരിയൂര്‍ സ്വാഗതവും മുരളീധരന്‍ ചേമഞ്ചേരി നന്ദിയും പറഞ്ഞു.

 തിരുവോണനാളില്‍ ഓണപ്പൊട്ടന്‍െറ വേഷം കെട്ടിയ ചിയ്യൂരിലെ സജേഷിനെ നാദാപുരം വിഷ്ണുമംഗലം അത്തിയോട്ട് ക്ഷേത്ര പരിസരത്തുവെച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതായാണ് പരാതി. മലയന്‍-പാണന്‍ വിഭാഗക്കാരാണ് ഈ  വേഷം കെട്ടാറ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.